നിയമത്തിെൻറ വഴിയിൽ നടന്നാൽ സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെടുമോ?
text_fieldsഫിറോസ്
കൊയിലാണ്ടി
ജിദ്ദ
ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് സമൂഹത്തെ മതപരമായി പിളർത്താൻ ബോധപൂർവം നിർമിച്ച ‘കാഫിർ’ സ്ക്രീൻഷോട്ട് കേവലം സൈബർ പോസ്റ്റല്ല, മറിച്ച് നാടിെൻറ സമാധാനം തകർക്കാൻ തൊടുത്തുവിട്ട ഒരായുധമായിരുന്നു. ഇത്തരം ഛിദ്രശക്തികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടത് ഒരു ജനാധിപത്യ സർക്കാറിെൻറയും നിയമപാലകരുടെയും ബാധ്യതയാണ്. എന്നാൽ, ഭരണാധികാരത്തിെൻറ തണലിൽ നിയമത്തെ അട്ടിമറിക്കാനും ഭീഷണിയിലൂടെ സത്യത്തെ നേരിടാനുമാണ് ഇവിടെ ശ്രമം നടക്കുന്നത്.
അന്വേഷണത്തിെൻറ ആദ്യഘട്ടത്തിൽ പ്രതികളെന്ന് സംശയിക്കുന്നവർ സ്വന്തം പാർട്ടിക്കാരോ അനുഭാവികളോ ആണെന്ന് ബോധ്യപ്പെട്ടപ്പോൾ പൊലീസ് നിസ്സംഗത പാലിക്കുകയാണുണ്ടായത്. സ്വന്തം രാഷ്ട്രയ താൽപര്യങ്ങൾക്ക് വേണ്ടി നിയമത്തെ വഴിതിരിച്ചുവിടുന്ന ഈ സമീപനം ജനാധിപത്യത്തിന് ഭീഷണിയാണ്.
തുടർന്നുവന്ന നിയമപോരാട്ടങ്ങൾക്കൊടുവിൽ അന്വേഷണത്തിെൻറ കുന്തമുന ചെന്നുനിൽക്കുന്നത് സി.പി.എമ്മിെൻറ അണികളിലാണെന്ന് വ്യക്തമായപ്പോൾ ഇത് കേവലം ‘കെട്ടുകഥ’യാണെന്ന് വരുത്തിത്തീർക്കാൻ പാർട്ടി ശ്രമിക്കുന്നത് ജനമധ്യത്തിൽ അവരെ പരിഹാസ്യരാക്കുകയേ ഉള്ളൂ. ഈ കേസിൽ നീതിക്കുവേണ്ടി ശബ്ദമുയർത്തിയ ഷാഫി പറമ്പിൽ എം.പിക്കും നിയമപോരാട്ടത്തിന് നേതൃത്വം നൽകുന്ന അബ്ദുല്ല പാറക്കൽ എം.എൽ.എക്കുമെതിരെ സി.പി.എമ്മിെൻറ ഉത്തരവാദപ്പെട്ട ഭാരവാഹി കഴിഞ്ഞ ദിവസം പരസ്യമായ ഭീഷണി മുഴക്കുകയുണ്ടായി.
അവരെ പുറത്തിറങ്ങി നടക്കാൻ അനുവദിക്കില്ലെന്ന ഈ വെല്ലുവിളി സമാധാനകാംക്ഷികളായ ജനങ്ങളെ ഞെട്ടിക്കുന്നതാണ്. ഇവിടെയാണ് ജനാധിപത്യ കേരളം ഗൗരവമായി ചിന്തിക്കേണ്ട ചോദ്യം ഉയരുന്നത്: ഈ നാട്ടിൽ നിയമത്തിെൻറ വഴിയിൽ സഞ്ചരിക്കുന്നവർ തെരുവിൽ സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെടുന്നവരാകണോ?
യഥാർഥ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ നിയമപരമായ വഴികൾ തേടുന്നവരെ രാഷ്ട്രീയമായി തടയുമെന്ന് വെല്ലുവിളിക്കുന്നത് ശുദ്ധ അരാജകത്വമാണ്. ഷാഫി പറമ്പിലോ അബ്ദുല്ല പാറക്കലോ അന്വേഷണ ഉദ്യോഗസ്ഥരല്ല; വിദ്വേഷ പ്രചാരണത്തിെൻറ പിന്നിലെ യഥാർഥ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് മാത്രമാണ് അവർ ആവശ്യപ്പെടുന്നത്.
അങ്ങനെയുള്ളവരെ തെരുവിൽ നേരിടുമെന്ന് പറയുന്നത് ‘കള്ളൻ കപ്പലിൽ തന്നെയാണ്’ എന്ന് പരോക്ഷമായി സമ്മതിക്കുന്നതിന് തുല്യമാണ്. ഭരണഘടന നൽകുന്ന സഞ്ചാരസ്വാതന്ത്ര്യത്തെ വെല്ലുവിളിച്ചുകൊണ്ട് ജനപ്രതിനിധികളെ തടയുമെന്ന് പ്രഖ്യാപിക്കുന്നത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. സി.പി.എമ്മിെൻറ ഈ അറുവഷളൻ നിലപാടുകളും ന്യായീകരണങ്ങളും ജനങ്ങൾക്ക് മനസ്സിലാകുന്നില്ല എന്ന് അവർ കരുതുന്നത് വിഡ്ഢിത്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

