വ്യാപക മഴ, രാജ്യം കൊടും തണുപ്പിലേക്ക്
text_fieldsസൗദിയിൽ വിവിധ ഭാഗങ്ങളിൽ പെയ്ത മഴയുടെ ദൃശ്യം
റിയാദ്: അറേബ്യയിൽ ഇപ്പോൾ ശക്തമായ മഴ വ്യാപകമായി പെയ്യുന്നു. വിവിധ മേഖലകളിൽ വെള്ളപ്പാച്ചിലും വെള്ളക്കെട്ടുമുണ്ടായിട്ടുണ്ട്. പല ഭാഗങ്ങളിലും റോഡുകളിൽ വെള്ളം കയറി ഗതാഗതം അലങ്കോലമായി. നിരവധി വാഹനാപകടങ്ങളുണ്ടായി. റിയാദിന് വടക്കുഭാഗത്ത് ഒട്ടകങ്ങളെ കയറ്റിവന്ന ഒരു ട്രക്ക് വെള്ളപ്പാച്ചിലിൽ മറിഞ്ഞു. ഒട്ടകങ്ങൾ വെള്ളപ്പാച്ചിലിലേക്ക് വീണ അപകടത്തിെൻറ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. മോശമായ കാലാവസ്ഥയെ തുടർന്ന് റിയാദ്, കിഴക്കൻ പ്രവിശ്യകളിലെ വിദ്യാലയങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിക്കുകയും ക്ലാസുകൾ ഓൺലൈനായി നടത്തുകയും ചെയ്തു. റിയാദ്-അൽ ഖർജ് റോഡിലെ എക്സിറ്റ് 17ൽ തിങ്കളാഴ്ച രാത്രി വലിയ വെള്ളപ്പൊക്കമുണ്ടായി. വാഹനങ്ങൾ മണിക്കൂറുകളോളം വെള്ളക്കെട്ടിൽ മുങ്ങി ഗതാഗതം മുടങ്ങിക്കിടന്നു. കനത്ത മഴയും കാറ്റും കാരണം പലഭാഗങ്ങളിലും ജനജീവിതം ദുസ്സഹമായിട്ടുണ്ട്. വരും ദിവസങ്ങളിലും കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. റിയാദ് ഉൾപ്പെടെ രാജ്യത്തെ അഞ്ച് മേഖലകളിലാണ് കനത്ത മഴ പ്രതീക്ഷിക്കുന്നത്. രാജ്യം കൊടും ശൈത്യത്തിലേക്ക് നീങ്ങുന്നതിെൻറ ലക്ഷണമാണ് പ്രകടമാകുന്നത്.
ഈ പ്രദേശങ്ങളുടെ ചില ഭാഗങ്ങളിൽ കടുത്ത മൂടൽമഞ്ഞ് രൂപപ്പെടുന്നുണ്ട്. ദേശീയ കാലാവസ്ഥ കേന്ദ്രം ജീസാൻ, അസീർ, റിയാദ്, കിഴക്കൻ പ്രവിശ്യ, വടക്കൻ അതിർത്തി പ്രവിശ്യ എന്നീ പ്രദേശങ്ങളുടെ ചില ഭാഗങ്ങളിൽ ഇടിയോടുകൂടിയ ഇടത്തരം മുതൽ കനത്ത മഴ തുടരുമെന്ന് പ്രവചിച്ചു. ഇത് വെള്ളപ്പൊക്കത്തിനും വെള്ളപ്പാച്ചിലിനും ആലിപ്പഴ വർഷത്തിനും ശക്തമായ കാറ്റിനും കാരണമായേക്കാം.
അൽജൗഫ്, ഹാഇൽ, അൽഖസീം, മക്ക, അൽബാഹ, നജ്റാൻ എന്നീ പ്രദേശങ്ങളുടെ ചില ഭാഗങ്ങളിൽ നേരിയതോ ഇടത്തരമോ ആയ മഴക്ക് സാധ്യതയുണ്ട്. ഈ പ്രദേശങ്ങളുടെ ചില ഭാഗങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്. ചെങ്കടലിലെ ഉപരിതല കാറ്റിെൻറ ചലനം വടക്കൻ, മധ്യ ഭാഗങ്ങളിൽ വടക്കുപടിഞ്ഞാറൻ മുതൽ വടക്കു വരെയും തെക്കൻ ഭാഗത്ത് തെക്കുകിഴക്ക് മുതൽ വടക്ക് വരെയും മണിക്കൂറിൽ 25-45 കി.മീ വേഗതയിൽ ആയിരിക്കും. തെക്കൻ ഭാഗത്ത് മഴമേഘങ്ങൾ രൂപപ്പെടുന്നതോടെ വേഗം മണിക്കൂറിൽ 60 കിലോ മീറ്ററിൽ അധികം എത്താൻ സാധ്യതയുണ്ട്.
ആഴ്ചാവസാനം രാജ്യത്ത് ആദ്യ ശീതതരംഗം
റിയാദ്: വടക്കൻ പ്രദേശങ്ങളിൽ താപനില പൂജ്യം ഡിഗ്രി സെൽഷ്യസിനടുത്ത് എത്തും. ഈ ആഴ്ചാവസാനം ആദ്യത്തെ ശീതതരംഗം രാജ്യത്ത് അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രത്തിെൻറ വക്താവ് ഹുസൈൻ അൽ ഖഹ്താനി സ്ഥിരീകരിച്ചു. വ്യാഴാഴ്ച വരെ 12 പ്രദേശങ്ങളിൽ തുടരുന്ന മഴക്ക് ശേഷം വടക്കൻ പ്രദേശങ്ങളിൽ താപനില പൂജ്യം ഡിഗ്രി സെൽഷ്യസിനടുത്ത് എത്താൻ സാധ്യതയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. താപനില കുറയുന്നതിനെക്കുറിച്ച് കേന്ദ്രം ഒരു വിശദമായ റിപ്പോർട്ട് പുറത്തിറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മക്ക, മദീന, അൽജൗഫ്, അൽഖസീം, ഹാഇൽ എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴ വ്യാഴാഴ്ച വരെ തുടരുമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു എന്നത് ശ്രദ്ധേയമാണ്.
മോശം കാലാവസ്ഥ
പല മേഖലകളിലും ക്ലാസുകൾ ഓൺലൈനിൽ
റിയാദ്: മോശം കാലാവസ്ഥയെ തുടർന്ന് റിയാദിലെയും കിഴക്കൻ പ്രവിശ്യയിലെയും വിദ്യാലയങ്ങൾക്ക് ചൊവ്വാഴ്ച അവധി നൽകുകയും ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റുകയും ചെയ്തു. വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ ‘മദ്റസത്തീ’ വിദൂര വിദ്യാഭ്യാസ (ഓൺലൈൻ) സംവിധാനത്തിലാണ് ക്ലാസുകൾ നടന്നത്.
കിഴക്കൻ പ്രവിശ്യയിൽ, ഈ തീരുമാനം അൽഅഹ്സ, ദമ്മാം, അൽഖോബാർ, ഖത്വീഫ്, അൽബയ്ദ, അൽ ജുബൈൽ, റാസ് തനൂറ, ബഖീഖ്, അൽനുഐരിയ്യ, ഖറിയത്തുൽ ഉൽയാ, അൽഅദീദ് എന്നീ ഗവർണറേറ്റുകളിലെ എല്ലാ സ്കൂളുകളിലും ഉൾപ്പെടുന്നു. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സുരക്ഷിതവും അനുയോജ്യവുമായ സാഹചര്യങ്ങളിൽ വിദ്യാഭ്യാസ പ്രക്രിയ തടസ്സമില്ലാതെ തുടരുന്നതിനുമാണ് ഈ നടപടി.
റിയാദ് നഗരത്തിലെയും ദർഇയ്യ, അൽഖർജ്, ദിലം, ഹരീഖ്, ഹുത്ത ബനീ തമീം, ഥാദിഖ്, ഹുറൈംല, മുസാഹ്മിയ, റുമാഅ്, ദുർമാഅ് എന്നീ ഗവർണറേറ്റുകളിലെയും സ്കൂളുകളിൽ ക്ലാസുകൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. അൽഖസീം പ്രവിശ്യയിലും അധ്യയന ദിനം രാവിലെ ഒമ്പത് മുതലാക്കി.
ദേശീയ കാലാവസ്ഥ കേന്ദ്രത്തിന്റെ മഴ തുടരുന്നതിനെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ, വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള താൽപര്യം, കാലാവസ്ഥ സാഹചര്യങ്ങളെ നേരിടാനുള്ള മുൻകരുതലുകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വകുപ്പുകളുടെ ഈ തീരുമാനങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

