തണുപ്പുകാലത്തിന്റെ വരവറിയിച്ച് സൗദിയിൽ വ്യാപക മഴ
text_fieldsയാംബു: രാജ്യത്ത് തണുപ്പുകാലത്തിന്റെ വരവറിയിച്ച് സൗദിയിൽ വ്യാപക മഴ. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി ജിദ്ദ, മക്ക, മദീന, യാംബു, ഹാഇൽ തുടങ്ങിയ മേഖലകളിൽ ശക്തമായ മഴ പെയ്തു. ദേശീയ കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പുകൾ ശരിവെച്ചാണ് തുള്ളിക്കൊരുകുടം എന്ന നിലയിൽ മഴയുണ്ടായത്. ഹാഇലിൽ ശക്തമായ മഴവെള്ളപ്പാച്ചിൽ തന്നെയുണ്ടായി. യാംബുവിൽ ഉൾപ്പെടെ മഴ പെയ്ത ഭാഗങ്ങളിലെല്ലാം വെള്ളക്കെട്ട് രൂപപ്പെട്ടു.
മഴയിൽ നനഞ്ഞ മക്ക ഹറം
യാംബു വ്യവസായ നഗരത്തിലെ നിരവധി ജനവാസ പ്രദേശങ്ങളിൽ വൈദ്യുതി തടസ്സപ്പെട്ടു. വെള്ളിയാഴ്ച വൈകുന്നേരം 3.45 മുതൽ 7.51 വരെ തടസ്സപ്പെട്ട വൈദ്യുതി പിന്നീട് സൗദി വൈദ്യുതി നിയന്ത്രണ അതോറിറ്റി പുനഃസ്ഥാപിച്ചു. വൈദ്യുത വാഹകശൃംഖലയിലുണ്ടായ അപകടങ്ങളുടെ കാരണങ്ങൾ അന്വേഷിക്കാനും ആവശ്യമായ തിരുത്തൽ നടപടികൾ നടപ്പാക്കാനും ‘മറാഫിക്’ കമ്പനിയോട് അതോറിറ്റി നിർദേശിച്ചു.
സേവന ദാതാക്കളുടെ പ്രകടനം നിരീക്ഷിക്കുന്നതിനും രാജ്യത്തുടനീളമുള്ള വൈദ്യുതിയുടെ ഗുണനിലവാരവും വിശ്വാസ്യതയും വർധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടികളെന്ന് ഔദ്യോഗിക വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. വൈദ്യുതി വിതരണ സംവിധാനത്തിൽ ആവശ്യമായ സാങ്കേതികവും പ്രവർത്തനപരവുമായ നടപടിക്രമങ്ങൾ നിരീക്ഷിക്കുന്നതിനും സുരക്ഷിതവും വിശ്വസനീയവുമായ വൈദ്യുതി പ്രവാഹം ഉറപ്പാക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നതിനുമുള്ള പ്രതിബദ്ധത അതോറിറ്റി ഊന്നിപ്പറഞ്ഞു.
ശക്തമായ മഴയെ തുടർന്ന് യാംബു അൽ നഖ്‌ലിലെ താഴ്ന്ന പ്രദേശങ്ങളിൽ ശക്തമായ വെള്ളമൊഴുക്കുണ്ടായി. ചിലയിടങ്ങളിൽ ശക്തമായ വെള്ളക്കെട്ട് മൂലം വാഹനഗതാഗതം തടസ്സപ്പെട്ടു. യാംബുവിലെ അൽ നജഫിന് വടക്കുള്ള ഗ്രാമങ്ങൾ, അൽ നബഹ സെന്റർ എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളിൽ വാഹനങ്ങൾ ജലപ്പാച്ചിലിൽപെട്ട് കുടുങ്ങിക്കിടന്നു.
താഴ്ന്ന പ്രദേശങ്ങളിലെ പല റോഡുകളും വെള്ളക്കെട്ട് മൂലം ഗതാഗതം തടസ്സപ്പെട്ടു. മുനിസിപ്പാലിറ്റി സംഘങ്ങൾ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ രംഗത്തെത്തിയിരുന്നു. ദുരിതബാധിത പ്രദേശങ്ങളിൽ വേണ്ട സുരക്ഷ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കാൻ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരും വിവിധ സുരക്ഷ വിഭാഗങ്ങളും രംഗത്തുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

