സൗദിയിൽ വ്യാപക മഴയും മഞ്ഞുവീഴ്ചയും
text_fieldsറിയാദ്: മഴയും മഞ്ഞുവീഴ്ചയുമായി സൗദി അറേബ്യയിൽ വ്യാപകമായി തണുത്ത കാലാവസ്ഥ തുടരുന്നു. ബുധനാഴ്ച രാത്രിയിലും വ്യാഴാഴ്ച പകലും പലയിടങ്ങളിലും ശക്തമായ മഴയും മഞ്ഞുവീഴ്ചയുമുണ്ടായി. രാജ്യത്തിെൻറ മിക്ക ഭാഗങ്ങളും ശൈത്യത്തിെൻറ പിടിയിലമർന്നുകഴിഞ്ഞു. റിയാദിലുൾപ്പടെ പല പ്രദേശങ്ങളിലും എട്ടിൽ താഴെ ഡിഗ്രി സെൽഷ്യസാണ് താപനില രേഖപ്പെടുത്തിയത്. അതേസമയം ഹാഇൽ, വടക്കൻ അതിർത്തി മേഖലകളിൽ രണ്ടു മുതൽ മൈനസ് ലെവലിലേക്കുവരെ താപനില താഴുന്ന സ്ഥിതിയുണ്ടായി. പഞ്ഞികൾ പോലെ മഞ്ഞ് പെയ്തിറങ്ങുന്ന കാഴ്ച കോച്ചിപ്പിടിക്കുന്ന തണുപ്പിലും ആളുകൾക്ക് കൗതുകം പകരുന്നതായി.
ഇത്തരത്തിൽ മോശം കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ വ്യാഴാഴ്ച റിയാദ്, അല്ഖസീം പ്രവിശ്യകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരുന്നു. പകരം സ്കൂളുകൾ ഓൺലൈനായാണ് പ്രവർത്തിച്ചത്. എല്ലാ വിദ്യാർഥികൾക്കും അധ്യാപകർക്കും മറ്റ് ജീവനക്കാർക്കും ഇത് ബാധകമാണെന്ന് തലേദിവസം തന്നെ വിദ്യാഭ്യാസ വകുപ്പ് അറിയിപ്പ് നൽകുകയും ചെയ്തിരുന്നു. കുട്ടികൾ വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ ‘മദ്റസത്തീ’ ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി വീട്ടിലിരുന്ന് ക്ലാസുകളിൽ പങ്കെടുത്തു. ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൽനിന്നുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലും എല്ലാവരുടെയും സുരക്ഷ പരിഗണിച്ചുമാണ് ഈ തീരുമാനമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുകയും ചെയ്തിരുന്നു.
റിയാദ് നഗരത്തിന് പുറമെ ദറഇയ്യ, താദിഖ്, ഹുറൈംല, റുമാ, ദുർമ, അൽഖർജ്, അൽ ഹരീഖ്, അൽ ദലം, മുസാഹ്മിയ, ഹുത്ത ബനീ തമീം, ദവാദ്മി, അഫീഫ്, സുൽഫി, മജ്മഅ, അൽഗാത്ത്, ഷഖ്റ എന്നീ പട്ടണങ്ങളിലുമാണ് ക്ലാസുകൾ ഓൺലൈനിൽ നടന്നത്. വ്യാഴാഴ്ച പകൽ കനത്ത മഴയുണ്ടാവുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിെൻറ പ്രവചനം ശരിവെച്ച് റിയാദിലെ വാണിജ്യകേന്ദ്രം ബത്ഹയിൽ ഉൾപ്പെടെ സാമാന്യം ശക്തിയേറിയ മഴ പെയ്തു. റിയാദ്, കിഴക്കൻ പ്രവിശ്യ, വടക്കൻ അതിർത്തി മേഖലകൾ എന്നിവിടങ്ങളിൽ ശക്തമായ കാറ്റോടും ആലിപ്പഴ വർഷത്തോടും കൂടിയ ഇടത്തരം മുതൽ കനത്ത മഴ വരെയാണുണ്ടായത്. പല ഭാഗങ്ങളിലും വെള്ളപ്പൊക്കവും വെള്ളപ്പാച്ചിലുമുണ്ടായിട്ടുണ്ട്. തബൂക്ക്, അൽജൗഫ്, ഹാഇൽ, ഖസീം എന്നിവിടങ്ങളിൽ മഴ ഇടത്തരമായിരുന്നെങ്കിലും ഒപ്പം മഞ്ഞുവീഴ്ചയുമുണ്ടായത് തണുപ്പിെൻറ കാഠിന്യമേറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

