Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right'നോർക്ക കെയർ പ്ലസ്'...

'നോർക്ക കെയർ പ്ലസ്' ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്കെതിരെ വ്യാപക പരാതി; ചികിത്സാ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നതായി പ്രവാസികൾ

text_fields
bookmark_border
നോർക്ക കെയർ പ്ലസ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്കെതിരെ വ്യാപക പരാതി; ചികിത്സാ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നതായി പ്രവാസികൾ
cancel

ജിദ്ദ: പ്രവാസി മലയാളികളുടെയും കുടുംബത്തിന്റെയും ആരോഗ്യ പരിരക്ഷ ലക്ഷ്യമാക്കി മുൻ സർക്കാർ നോർക്ക റൂട്ട്സ് വഴി ആവിഷ്കരിച്ച 'നോർക്ക കെയർ പ്ലസ്' ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്കെതിരെ വ്യാപക പരാതി. ഇൻഷുറൻസ് പരിരക്ഷയുണ്ടെന്ന് വിശ്വസിച്ച് ആശുപത്രികളിൽ ചികിത്സ തേടുന്ന പ്രവാസികൾക്കും കുടുംബത്തിനും അർഹമായ ക്ലെയിം തുക ലഭിക്കുന്നില്ലെന്നും പല ചികിത്സകൾക്കും ഇൻഷുറൻസ് നിഷേധിക്കപ്പെടുകയാണെന്നുമാണ് പ്രധാന ആരോപണം.

സർക്കാർ ഏജൻസിയായ നോർക്കയോടുള്ള വിശ്വാസ്യതയുടെ പുറത്ത് പോളിസിയെടുത്ത ആയിരക്കണക്കിന് പ്രവാസികളാണ് ഇൻഷുറൻസ് കമ്പനിയുടെ നിഷേധാത്മക നിലപാട് കാരണം ദുരിതത്തിലായിരിക്കുന്നത്. പദ്ധതിയുടെ തുടക്കത്തിൽ കാര്യമായ പരാതികളൊന്നുമില്ലാതെ നടന്നിരുന്ന പദ്ധതിയിൽ കൂടുതൽ ക്ലെയിമുകൾ ലഭിച്ചു തുടങ്ങിയതോടെയാണ് കമ്പനി ക്ലയിം നിരസിക്കാൻ തുടങ്ങിയത്.

സാമ്പത്തികമായി വലിയ ചികിത്സാ ചിലവ് വരുമ്പോൾ, അതിൽ വളരെ ചെറിയൊരു ശതമാനം മാത്രമേ നിലവിൽ ഇൻഷുറൻസ് കമ്പനി അനുവദിക്കുന്നുള്ളൂ. ബാക്കി വലിയൊരു തുക മുഴുവൻ രോഗി സ്വന്തം പോക്കറ്റിൽ നിന്ന് എടുക്കേണ്ട ഗതികേടിലാണ്. ക്ലെയിം തുക വെട്ടിക്കുറയ്ക്കുന്നതിന്റെ കാരണം ആശുപത്രി അധികൃതരോടോ ഇൻഷുറൻസ് കമ്പനിയോടോ ചോദിച്ചാൽ, 'പോളിസി വ്യവസ്ഥകൾ പ്രകാരം ഈ തുക മാത്രമേ അനുവദിക്കാൻ കഴിയൂ' എന്ന സ്ഥിരം മറുപടിയാണ് ലഭിക്കുന്നത്.

എന്നാൽ പരിമിതമായ നിബന്ധനകളല്ലാതെ മറ്റു വ്യവസ്ഥകളൊന്നും തന്നെ പോളിസി എടുക്കുന്ന സമയത്ത് വരിക്കാരെ കൃത്യമായി അറിയിക്കാതെ ഇപ്പോൾ പുതിയ വ്യവസ്ഥകൾ എങ്ങിനെ വന്നു എന്നും ഇത് ഗുരുതരമായ വീഴ്ചയാണെന്നുമാണ് പ്രവാസികൾ പറയുന്നത്. ആകർഷകമായ വാഗ്ദാനങ്ങൾ നൽകി പോളിസി എടുപ്പിച്ച ശേഷം, ചികിത്സാ സമയത്ത് സാങ്കേതിക കുരുക്കുകൾ പറഞ്ഞ് കമ്പനി തടിയൂരുകയാണെന്ന് ഉപഭോക്താക്കൾ കുറ്റപ്പെടുത്തുന്നു. പലപ്പോഴും ആശുപത്രി കിടക്കയിൽ വെച്ചാണ് പോളിസിയുടെ ഇത്തരം നൂലാമാലകളെക്കുറിച്ച് രോഗികൾ തന്നെ അറിയുന്നത്.

ഇത് രോഗികൾക്കും കുടുംബങ്ങൾക്കും വലിയ സാമ്പത്തികവും മാനസികവുമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഇൻഷുറൻസ് കമ്പനിയുടെ ഇത്തരം പകൽക്കൊള്ളയ്ക്ക് എതിരെ നോർക്ക റൂട്ട്സ് അടിയന്തരമായി ഇടപെടണമെന്നാണ് പ്രവാസി സമൂഹത്തിന്റെ ശക്തമായ ആവശ്യം. സർക്കാരിനെയും നോർക്ക റൂട്ട്സിനെയും വിശ്വസിച്ചാണ് തങ്ങൾ ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങൾ ആയതെന്നും എന്നാൽ നിലവിൽ ഇൻഷുറൻസ് കമ്പനിക്കെതിരെ നോർക്കയിൽ പരാതി പറയുമ്പോൾ അവർ കൈമലർത്തുന്ന അവസ്ഥയാണുള്ളതെന്നും പ്രവാസികൾ പറയുന്നു.

ഇൻഷുറൻസ് പോളിസിയിലെ ഹിഡൻ ചാർജുകളും സബ് ലിമിറ്റുകളും പോളിസി എടുക്കുന്ന സമയത്ത് തന്നെ വരിക്കാരെ വ്യക്തമായി അറിയിക്കാൻ കമ്പനിക്ക് ബാധ്യത ഉണ്ടായിരുന്നു. അത് നടന്നിട്ടില്ല എന്നിരിക്കെ ക്ലെയിം ചെയ്യുമ്പോൾ പല കാരണങ്ങൾ പറഞ്ഞു നിരസിക്കുന്നത് വഞ്ചനയാണ്. ഇൻഷുറൻസ് നിഷേധിക്കപ്പെടുന്ന പ്രവാസികൾക്ക് പരാതി നൽകാനും, അത് വേഗത്തിൽ പരിഹരിക്കാനും നോർക്കയുടെ കീഴിൽ പ്രത്യേക സെൽ ഉണ്ടാവണം.

അർഹമായ ചികിത്സാ ആനുകൂല്യം നൽകാൻ തയ്യാറാകാത്ത ഇൻഷുറൻസ് കമ്പനിയുമായുള്ള കരാർ വ്യവസ്ഥകൾ പുനഃപരിശോധിക്കുകയോ, കമ്പനിക്കെതിരെ നടപടി സ്വീകരിക്കുകയോ ചെയ്യണമെന്നാണ് പദ്ധതിയിൽ അംഗങ്ങളായ പ്രവാസികളുടെ സർക്കാരിനോടുള്ള ആവശ്യം. പ്രവാസി ക്ഷേമം മുൻനിർത്തി കൊണ്ടുവന്ന പദ്ധതി പ്രവാസികൾക്ക് തന്നെ ബാധ്യതയായി മാറുന്ന സാഹചര്യത്തിൽ, പ്രശ്ന പരിഹാരമുണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളും നിയമനടപടികളും സ്വീകരിക്കേണ്ടിവരുമെന്ന് പ്രവാസി സംഘടനകളും മുന്നറിയിപ്പ് നൽകുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Health InsurancecomplaintsNorcaSaudi Arabia
News Summary - Widespread complaints against 'Norka Care Plus' health insurance scheme; expats allege denial of medical benefits
Next Story