വെള്ള വിതരണത്തിൽ വ്യാപക പരാതി; സൗദി വാട്ടർ അതോറിറ്റിക്ക് ഒമ്പത് മാസത്തിനിടെ ലഭിച്ചത് 8,817 പരാതികൾ
text_fieldsറിയാദ്: സൗദിയിൽ വെള്ള വിതരണത്തിൽ വ്യാപക പരാതി. 2025-ന്റെ ആദ്യ ഒമ്പത് മാസങ്ങളിൽ ജലസേവന ദാതാക്കൾക്കെതിരെ സൗദി വാട്ടർ അതോറിറ്റിക്ക് ലഭിച്ചത് 8,817 പരാതികൾ. അതോറിറ്റിയുടെ ‘കംപ്ലയിൻറ് എസ്കലേഷൻ’ (പരാതികൾ മേൽഘടകങ്ങളിലേക്ക് എത്തിക്കുന്ന സേവനം) സംവിധാനം വഴിയാണ് ഇത്രയും പരാതികൾ ലഭിച്ചത്.
ഇതിൽ ഏറ്റവും കൂടുതൽ പരാതികൾ റിപ്പോർട്ട് ചെയ്തത് ആഗസ്റ്റിലാണ്, 1,479 പരാതികൾ. ജനുവരി (578), ഫെബ്രുവരി (701), മാർച്ച് (1020), ഏപ്രിൽ (1046), മേയ് (1254), ജൂൺ (1113), ജൂലൈ (1375), ആഗസ്റ്റ് (1497), സെപ്റ്റംബർ (1487) എന്നിങ്ങനെയാണ് ഓരോ മാസവും ലഭിച്ച പരാതികളുടെ എണ്ണം.
പരാതികൾ നൽകേണ്ട രീതി
സേവനദാതാവ് നൽകിയ പരിഹാരത്തിൽ തൃപ്തരല്ലാത്ത ഉപഭോക്താക്കൾക്ക് പരാതി ക്ലോസ് ചെയ്ത് 30 പ്രവൃത്തി ദിവസത്തിനുള്ളിൽ അതോറിറ്റിയെ സമീപിക്കാം. കൂടാതെ, പരാതി നൽകി 10 പ്രവൃത്തി ദിവസങ്ങൾ കഴിഞ്ഞിട്ടും സേവന ദാതാവ് നടപടിയൊന്നും എടുത്തില്ലെങ്കിലും അതോറിറ്റിക്ക് പരാതി കൈമാറാൻ ഉപഭോക്താവിന് അവകാശമുണ്ട്.
സൗദി വാട്ടർ അതോറിറ്റി പരാതികൾ സ്വീകരിക്കുന്നതിന് ചില നിബന്ധനകൾ മുന്നോട്ട് വെക്കുന്നുണ്ട്: ആദ്യം സേവന ദാതാവിന്റെ ഔദ്യോഗിക ചാനലുകൾ വഴി പരാതി നൽകിയിരിക്കണം, പരാതി നൽകി 10 പ്രവൃത്തി ദിവസങ്ങൾ കഴിഞ്ഞിട്ടും നടപടി ഉണ്ടായില്ലെങ്കിൽ മാത്രം അതോറിറ്റിയെ സമീപിക്കണം, സേവന ദാതാവ് പരാതി തീർപ്പാക്കി 30 ദിവസത്തിനുള്ളിൽ മാത്രമേ മേൽഘടകത്തിലേക്ക് പരാതി നൽകാൻ സാധിക്കൂ.
അതേസമയം താഴെ പറയുന്ന സാഹചര്യങ്ങളിൽ പരാതികൾ നിരസിക്കപ്പെടും. ഒരേ റഫറൻസ് നമ്പറിലുള്ള പരാതി നേരത്തെ സമർപ്പിച്ചിട്ടുണ്ടെങ്കിൽ, സേവന ദാതാവിന് പരാതി നൽകി 10 പ്രവൃത്തി ദിവസങ്ങൾ പൂർത്തിയായിട്ടില്ലെങ്കിൽ, പരാതി നൽകുന്ന വ്യക്തി യഥാർഥ ഉപഭോക്താവോ ഉടമയോ അല്ലെങ്കിൽ, സേവന ദാതാവിന്റെ പക്കൽ ഉപഭോക്താവിന് അക്കൗണ്ട് നമ്പർ ഇല്ലാതിരിക്കുക തുടങ്ങിയവയാണ് ആ കാരണങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

