കൊറോണക്കാലം റെബലുകളുടെ കാലമോ?
text_fieldsവീണ്ടുമൊരു തെരഞ്ഞെടുപ്പിൽ കാടിളക്കിയുള്ള പ്രചാരണത്തിന് കൂച്ചുവിലങ്ങിടുന്ന കൊറോണക്കാലം തെരഞ്ഞെടുപ്പുചൂടിന് അൽപം ശമനമുണ്ടാക്കുന്നു. എങ്കിലും മുൻകാലങ്ങളെ അപേക്ഷിച്ച് മിക്ക പാർട്ടികൾക്കും സ്ഥാനാർഥിനിർണയം കീറാമുട്ടിയായി. കൊറോണക്കാലം ജോലി നഷ്ടപ്പെട്ടും തിരിച്ചുപോകാൻ കഴിയാതെയും നാട്ടിൽപെട്ടുപോയ പ്രവാസികളും ഇതര സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവരുമൊക്കെ മുഖ്യധാരാ പാർട്ടികളുടെ ഒഴിച്ചുകൂടാൻ പറ്റാത്ത ശബ്ദമാകുമ്പോൾ അവരുടെകൂടി താൽപര്യത്തിന് മുൻതൂക്കം നൽകേണ്ടിവന്നതും പ്രവാസികളിൽ പലരും മത്സരരംഗത്തേക്ക് വന്നതും നാമനിർദേശപത്രിക സമർപ്പിക്കേണ്ട അവസാനസമയം വരെ പലസ്ഥലങ്ങളിലും കാര്യങ്ങൾ അനിശ്ചിതത്വത്തിലാക്കി. ഇത് കൂടുതൽ പ്രതിസന്ധിയിലാക്കിയത് യു.ഡി.എഫ് കക്ഷികളെയായിരുന്നു.
ഓരോ വാർഡിലും അമ്പതിൽ കുറയാത്ത പ്രവാസി വോട്ടുകൾ അവർക്ക് ഗുണംചെയ്യുമെന്നുതന്നെയാണ് പൊതുവായ വിലയിരുത്തൽ. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് വരെ വനിതാസംവരണ സീറ്റുകളിൽ ഒരാളെ കണ്ടെത്താൻ പാടുപെടുന്ന മുസ്ലിം ലീഗ് മിക്കപ്പോഴും കോൺഗ്രസുമായി സീറ്റ് വെച്ചുമാറുന്ന സ്ഥിതിവിശേഷം വരെ ഉണ്ടായിട്ടുണ്ട്. അതിൽനിന്നും വ്യത്യസ്തമായി ഇക്കുറി വനിതാസംവരണ സീറ്റിൽപോലും മൂന്നും നാലും പേർ സീറ്റുമോഹവുമായി വന്നത് ആശാവഹമെന്ന് പറയാമെങ്കിലും പാർട്ടി നേതൃത്വങ്ങൾക്ക് തലവേദന ഇരട്ടിയാക്കി. അതിെൻറ ഒരു പ്രതിഫലനമാണ് പെരിന്തൽമണ്ണയിലെ ഒരു വാർഡിൽ ലീഗിന് ഔദ്യോഗികമായി രണ്ടു പേരെ പിന്തുണക്കേണ്ടി വന്നതും ജയിച്ചുവരുന്ന ആൾ പാർട്ടി മെംബർ എന്ന് നേതൃത്വത്തിന് പ്രഖ്യാപിക്കേണ്ടിവന്നതും. ഈ തീരുമാനം കൗതുകത്തോടെയാണ് പൊതുജനം നോക്കിക്കണ്ടത്. സ്ഥാനാർഥിക്കുപ്പായം തയ്പ്പിച്ചുവെച്ചവരുടെ ബാഹുല്യമാണ് മിക്ക സ്ഥലങ്ങളിലെയും പ്രശ്നമെങ്കിൽ ചിലയിടത്ത് എതിർസ്ഥാനാർഥികളില്ലാതെ തെരഞ്ഞെടുപ്പിന് മുന്നേ ഇടതു സ്ഥാനാർഥികൾ ജയിച്ചു വന്നതും ആരോപണ പ്രത്യാരോപണങ്ങൾക്കിടയാക്കി. സി.പി.എമ്മിെൻറ ശക്തികേന്ദ്രങ്ങളിൽ സ്ഥാനാർഥിയായി നിൽക്കുന്നവർക്ക് പിന്നീട് സ്വൈരജീവിതം നയിക്കാനാവില്ലെന്ന് യു.ഡി.എഫ് പരാതി പറയുമ്പോൾ അവർക്ക് സ്ഥാനാർഥിയെ ഉണ്ടാക്കിക്കൊടുക്കലല്ല നമ്മുടെ പണിയെന്ന് സി.പി.എമ്മും തിരിച്ചടിക്കുന്നു.
എങ്കിലും ലോക്സഭ തെരഞ്ഞെടുപ്പിൽ 4000ത്തിൽപരം വോട്ടുകൾ നേടിയ യു.ഡി.എഫിന് സ്ഥാനാർഥികളെ നിർത്താൻ പറ്റിയില്ലെന്ന് പറയുന്നത് ജനാധിപത്യത്തിെൻറ പരാജയംതന്നെയാണ്. കണ്ണൂർപോലെയുള്ള ഇടതുപക്ഷ കോട്ടകളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പുകളാണ് മിക്കപ്പോഴും അക്രമങ്ങളിലേക്കും തുടർന്നുണ്ടാകുന്ന രാഷ്ട്രീയ കൊലപാതകങ്ങളിലേക്കും നയിക്കപ്പെടുന്നത് എന്നതും ഗൗരവത്തോടെ കാണണം. അധികവും പ്രാദേശിക വിഷയങ്ങൾ ചർച്ചചെയ്യപ്പെടുന്ന തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ സംസ്ഥാന രാഷ്ട്രീയവും ചർച്ച ചെയ്യപ്പെടുന്നു എന്നതാണ് സോഷ്യൽ മീഡിയ കാലത്തെ തെരഞ്ഞെടുപ്പിെൻറ മറ്റൊരു പ്രത്യേകത. ജയിച്ചുവരുന്ന മെംബർമാർക്ക് പിടിപ്പത് പണിയാണ് ഓരോ വാർഡിലും കാത്തിരിക്കുന്നത്. ഒരു എം.എൽ.എയോ എം.പിയോ പൊതുജനങ്ങളുമായി പലപ്പോഴും നേരിട്ട് സംവദിക്കാത്തതും വ്യക്തികളുടെ പ്രശ്നങ്ങളിൽ നേരിട്ടിടപെടാത്തതും ചിലപ്പോൾ ചോദ്യംചെയ്യപ്പെട്ടെന്നുവരില്ല. വാർഡ് മെംബർമാരുടെ സ്ഥിതി ഇതിൽനിന്നൊക്കെ തികച്ചും വ്യത്യസ്തമാണ്. അടിസ്ഥാനപരമായ ഓരോ പ്രശ്നങ്ങളിലും വാർഡ് മെംബർമാരാണ് ചോദ്യംചെയ്യപ്പെടുക എന്നത് സൈബർ യുഗത്തിൽ അവരുടെ ഉത്തരവാദിത്തം ഇരട്ടിയാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

