വേണ്ടത് വിദ്വേഷമല്ല, വികസനത്തിെൻറ രാഷ്ട്രീയം
text_fieldsലോകത്തിെൻറ ഏത് കോണിലിരുന്ന് ജോലി ചെയ്യുമ്പോഴും ഓരോ മലയാളി പ്രവാസിയുടെയും മനസ്സ് സ്വന്തം നാടിനൊപ്പമാണ്. കേരളം കൈവരിച്ച സാമൂഹിക-ആരോഗ്യ-വിദ്യാഭ്യാസ നേട്ടങ്ങൾ വിദേശമണ്ണിൽ നമ്മെ എന്നും അഭിമാനഭരിതരാക്കാറുണ്ട്. എന്നാൽ, അടുത്ത കാലത്തായി കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തിൽ കണ്ടുവരുന്ന മാറ്റങ്ങൾ അങ്ങേയറ്റം ആശങ്കയുണ്ടാക്കുന്നതാണ്. വികസനത്തെയും ജനക്ഷേമത്തെയും കുറിച്ച് ഗൗരവമായ ചർച്ചകൾ നടക്കേണ്ട ഇടങ്ങളിൽ, വർഗീയതയും വിദ്വേഷവും സ്ഥാനം പിടിക്കുന്നത് ജനാധിപത്യത്തിന് ശുഭസൂചനയല്ല നൽകുന്നത്.അധികാരത്തിലെത്താനുള്ള എളുപ്പവഴിയായി ജനങ്ങളെ മതത്തിെൻറ പേരിൽ വിഭജിക്കുന്ന രീതി ഇന്ന് ശക്തമാവുകയാണ്. ഏറ്റവും വേദനിപ്പിക്കുന്നത്, മതനിരപേക്ഷതയുടെ കാവൽക്കാരാകേണ്ടവർ തന്നെ ഇത്തരം പ്രവണതകൾക്ക് കൂട്ടുനിൽക്കുന്നു എന്നതാണ്.
കേന്ദ്രഭരണം എങ്ങനെയാണ് ഘട്ടം ഘട്ടമായി സംഘപരിവാർ അജണ്ടകളിലേക്ക് വഴിമാറിയതെന്നും, ഭരണകൂടത്തിെൻറ മൗനാനുമതിയോടെ വർഗീയ പരാമർശങ്ങൾ എങ്ങനെ സാധാരണവത്കരിക്കപ്പെട്ടുവെന്നും നാം കണ്ടതാണ്. നിർഭാഗ്യവശാൽ, സമാനമായ ഒരു പാറ്റേൺ ഇന്ന് കേരളത്തിലെ രാഷ്ട്രീയ ചർച്ചകളിലും ദൃശ്യമാകുന്നു. രാഷ്ട്രീയ-സംഘടനാ നേതാക്കളുടെ വർഗീയ പ്രസംഗങ്ങൾക്ക് ഭരണകൂടം നൽകുന്ന മൗനാനുമതി നമ്മുടെ ജനാധിപത്യത്തിെൻറ അടിത്തറ ദുർബലപ്പെടുത്തുകയാണ്.നാടിെൻറ സഹവർത്തിത്വവും മതനിരപേക്ഷതയുമായിരുന്നു കേരളത്തിെൻറ ഏറ്റവും വലിയ കരുത്ത്. ആ കരുത്ത് ചോർന്നുപോകുന്നത് കാണുമ്പോൾ പ്രവാസികളായ ഞങ്ങളുടെ മനസ്സിൽ ഉദിക്കുന്ന ചോദ്യം ഒന്നാണ്: ‘നമ്മുടെ മക്കൾക്ക് നാളത്തെ കേരളം സുരക്ഷിതമായ ഒരിടമാകുമോ?’
വിദ്വേഷം വിതയ്ക്കുന്ന മണ്ണിൽ ഐക്യത്തിെൻറ വിളവെടുപ്പ് സാധ്യമല്ല. അതുകൊണ്ടുതന്നെ, വരുംതലമുറയ്ക്കായി മതനിരപേക്ഷ കേരളത്തെ കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. ഭരണപക്ഷം വികസന നേട്ടങ്ങൾ അവതരിപ്പിക്കുമ്പോഴും, പ്രതിപക്ഷം ഭരണപരാജയങ്ങൾ ചൂണ്ടിക്കാട്ടുമ്പോഴുമാണ് ജനാധിപത്യം അർത്ഥവത്താകുന്നത്. എന്നാൽ യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ വർഗീയതയെ ആയുധമാക്കുന്നത് രാഷ്ട്രീയ ധാർമികതക്ക് നിരക്കാത്തതാണ്.കേരളത്തിലെ മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ ഇടതുപക്ഷത്തിന് വലിയ പങ്കുണ്ട്.
എന്നാൽ അത്തരം പ്രസ്ഥാനങ്ങളുടെ ഭാഗത്തുനിന്ന് പോലും വർഗീയതയോ വിദ്വേഷമോ കലർന്ന പ്രസ്താവനകൾ ഉണ്ടാകുന്നത് നിരാശാജനകമാണ്. ജനങ്ങളെ ഭയപ്പെടുത്തുന്ന ഓർമകളിലേക്കല്ല, മറിച്ച് പ്രതീക്ഷയുടെയും ഐക്യത്തിെൻറയും ഭാവിയിലേക്കാണ് രാഷ്ട്രീയ നേതാക്കൾ ജനങ്ങളെ നയിക്കേണ്ടത്.മതപരമായ വിഭജനങ്ങളിലൂടെ കലാപസ്മരണകൾ ഉണർത്തുന്ന രാഷ്ട്രീയത്തിന് പകരം, ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്ന വികസന രാഷ്ട്രീയമാണ് ചർച്ചയാകേണ്ടത്. വർഗീയതയ്ക്കും വിദ്വേഷത്തിനുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കേരളം ഓരോ പൗരനും സ്വാഭിമാനത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ കഴിയുന്ന ഒരിടമായി നിലനിൽക്കണം. വിദ്വേഷത്തിെൻറ മതിലുകളില്ലാത്ത, ഐക്യത്തിെൻറ കേരളത്തിനായി നമുക്ക് കൈകോർക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

