'ആ പൂവ് നീ എന്ത് ചെയ്തു?' ബഷീർ സ്മൃതി വെള്ളിയാഴ്ച
text_fieldsറിയാദ്: വൈക്കം മുഹമ്മദ് ബഷീറിന്റെ എഴുത്തും ജീവിതവും ആധാരമാക്കി റിയാദിലെ ചില്ല സർഗവേദി 'ആ പൂവ് നീ എന്ത് ചെയ്തു' എന്ന ശീർഷകത്തിൽ സംഘടിപ്പിക്കുന്ന ഏകദിന സാംസ്കാരികാവതരണ പരിപാടി ഈ മാസം 24 (വെള്ളിയാഴ്ച)നടക്കും. റിയാദിലെ ബദീഅയിൽ രാവിലെ 9.30ന് രജിസ്ട്രേഷനോടെ ആരംഭിക്കുന്ന പരിപാടി വൈകീട്ട് ആറുവരെ നീണ്ടുനിൽക്കും. രാവിലെ പ്രമുഖ എഴുത്തുകാരൻ ഇ. സന്തോഷ് കുമാർ വിഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം നിർവഹിക്കും. സുരേഷ് ലാൽ ആമുഖം അവതരിപ്പിക്കും. ബഷീറിന്റെ ജീവിതത്തെ അവതരിപ്പിച്ചുകൊണ്ട് പ്രഫ. എം.എൻ. കാരശ്ശേരി എഴുതിയ 'ബഷീർ മാല' മനോജ് കിഴിശ്ശേരി, ഷാഫി എന്നിവർ ആലപിക്കും. തുടർന്ന് വിപിൻ കുമാർ 'ബഷീർ എന്ന കാലാതിവർത്തിയായ കല' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. ലിയ ഖദീജ, ദീപക് ദേവ് എന്നീ കുട്ടികൾ അവതരിപ്പിക്കുന്ന 'ബഷീറും പാത്തുമ്മയും ആടും' എന്ന രംഗാവതരണം അരങ്ങേറും.
ഉച്ചഭക്ഷണത്തിനുശേഷം എം.എ. റഹ്മാൻ സംവിധാനം ചെയ്ത 'ബഷീർ ദ മേൻ' എന്ന ഡോക്യുമെന്ററി പ്രദർശിപ്പിക്കും. 'ബഷീറിലെ പരിസ്ഥിതിയും രാഷ്ട്രീയവും' എന്ന വിഷയത്തിൽ സീബ പ്രഭാഷണം നടത്തും. വിനോദ് കുമാർ മലയിൽ, ബൈജു കീഴ്ശ്ശേരി എന്നിവരുടെ സഹകരണത്തോടെ മുരളി കണിയാരത്ത് ബഷീറിന്റെ 'ഒരു മനുഷ്യൻ' എന്ന കഥയുടെ രംഗാവിഷ്കാരം നിർവഹിക്കും. 'വ്യാകരണം തെറ്റിയ ബഷീർ' എന്ന വിഷയത്തിൽ എം. ഫൈസൽ നടത്തുന്നതാണ് മൂന്നാമത്തെ പ്രഭാഷണം. സംവാദ സദസ്സിൽ ബീന മോഡറേറ്റ് ചെയ്യും. സതീഷ് കുമാർ വളവിൽ ഉപസംഹാരം നടത്തും. പരിപാടിയുടെ ഭാഗമായി ബഷീർ കൃതികളുടെയും കാരിക്കേച്ചറുകളുടെയും പ്രദർശനം, ബഷീറിന്റെ കാരിക്കേച്ചറുകളുടെ തത്സമയ രചന എന്നിവ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

