പ്രതിസന്ധി ഘട്ടങ്ങളെ നേരിടാൻ ഗൾഫ് മേഖലയിൽ ജലശൃംഖല ബന്ധിപ്പിക്കൽ പദ്ധതി; പഠന റിപ്പോർട്ട് ചർച്ച ചെയ്തു
text_fieldsറിയാദ്: ജി.സി.സി രാജ്യങ്ങൾക്കിടയിൽ സംയുക്ത ജലശൃംഖല സ്ഥാപിക്കുന്നതിെൻറ സാധ്യതകൾ വിലയിരുത്തുന്നതിനായി ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) ജനറൽ സെക്രട്ടറിയേറ്റും ജി.സി.സി ഇൻറർകണക്ഷൻ ഗ്രിഡ് അതോറിറ്റിയും ചേർന്ന് വിദഗ്ധതല ശിൽപശാല സംഘടിപ്പിച്ചു.
ദമ്മാമിലെ അതോറിറ്റി ആസ്ഥാനത്ത് നടന്ന യോഗത്തിൽ അംഗരാജ്യങ്ങളിൽ നിന്നുള്ള സാങ്കേതിക, സാമ്പത്തിക പ്രതിനിധികൾ പങ്കെടുത്തു. നേരത്തെ ആഗസ്റ്റിൽ നടന്ന ഒന്നാം ഘട്ട ശിൽപശാലയുടെ തുടർനടപടിയായാണ് രണ്ടാം ഘട്ട ചർച്ചകൾ പൂർത്തിയാക്കിയത്. പഠനത്തിെൻറ ആദ്യഘട്ടത്തിലെ കണ്ടെത്തലുകളും അംഗരാജ്യങ്ങൾ സമർപ്പിച്ച നിർദ്ദേശങ്ങളും അടിസ്ഥാനമാക്കിയാണ് രണ്ടാം ഘട്ട റിപ്പോർട്ട് തയ്യാറാക്കിയത്. ഈ റിപ്പോർട്ടിലെ സാങ്കേതിക, പ്രായോഗിക വശങ്ങൾ പുതിയ ശിൽപശാലയിൽ വിശദമായി അവലോകനം ചെയ്തു. ജി.സി.സി സുപ്രീം കൗൺസിലിെൻറ 19-ാമത് കൺസൾട്ടേറ്റീവ് യോഗത്തിൽ ഗൾഫ് രാഷ്ട്രത്തലവന്മാർ നൽകിയ ഉന്നതതല നിർദ്ദേശത്തിെൻറ തുടർച്ചയായാണ് പദ്ധതിയുമായി ബന്ധപ്പെട്ട വിശദമായ പഠനങ്ങൾ നടക്കുന്നത്.
അംഗരാജ്യങ്ങളിലെ ബന്ധപ്പെട്ട വകുപ്പുകൾ തമ്മിലുള്ള ഏകോപനവും സഹകരണവും വ്യാപിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ജി.സി.സി ഇൻറർകണക്ഷൻ ഗ്രിഡ് അതോറിറ്റി സി.ഇ.ഒ എൻജി. അഹമ്മദ് അൽ ഇബ്രാഹിം പറഞ്ഞു. മേഖലയിലെ ജലസുരക്ഷ ഉറപ്പാക്കുന്നതിനും മുൻകാല അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ വിജയം പ്രയോജനപ്പെടുത്തുന്നതിനും പദ്ധതി സഹായകരമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കുടിവെള്ളം ഉൾപ്പെടെയുള്ള അത്യാവശ്യ സേവനങ്ങളുടെ സുസ്ഥിര ലഭ്യത ഉറപ്പാക്കുന്നത് മേഖലയുടെ സുരക്ഷയുമായും അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള ശേഷിയുമായും നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കൂടുതൽ ഏകോപിതവും വഴക്കമുള്ളതുമായ ഗൾഫ് ജലശൃംഖലാ സംവിധാനം രൂപകൽപ്പന ചെയ്യാൻ ഈ പഠനത്തിലൂടെ സാധിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.
ജി.സി.സി രാജ്യങ്ങൾക്കായി നിർദ്ദേശിക്കപ്പെട്ടിട്ടുള്ള വിവിധ ജലബന്ധിപ്പിക്കൽ മാതൃകകൾ, അവയുടെ ആദ്യഘട്ട സാങ്കേതിക സാദ്ധ്യതകൾ, സാമ്പത്തിക വിശകലനങ്ങൾ, നിയമപരവും സ്ഥാപനപരവുമായ ഘടന എന്നിവ യോഗത്തിൽ സമഗ്രമായി ചർച്ച ചെയ്തു. വിവിധ അംഗരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ തങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും യോഗത്തെ അറിയിച്ചു. ഉന്നയിക്കപ്പെട്ട നിർദ്ദേശങ്ങൾ കൂടി ഉൾപ്പെടുത്തി സാങ്കേതിക, സാമ്പത്തിക, നിയമപരമായ അന്തിമ റിപ്പോർട്ട് ഉടൻ തയ്യാറാക്കും. ഈ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലായിരിക്കും പദ്ധതി നടപ്പാക്കുന്നതിനായുള്ള അടുത്ത ഘട്ട തീരുമാനങ്ങളിലേക്ക് കടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

