അൽ ബാഹയിലെ അണക്കെട്ടുകളിൽ ജലനിരപ്പുയർന്നു; 46 ലക്ഷം ക്യുബിക് മീറ്റർ മഴവെള്ളം ഒഴുകിയെത്തി
text_fieldsഅൽ ബാഹയിലെ നിറഞ്ഞുകവിഞ്ഞ അണക്കെട്ടുകളിലൊന്ന്
റിയാദ്: സൗദി അറേബ്യയിലെ അൽ ബാഹ മേഖലയിൽ പെയ്ത കനത്ത മഴയെത്തുടർന്ന് അണക്കെട്ടുകളിലെ ജലനിരപ്പിൽ വൻ വർദ്ധനവ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഏകദേശം 4,674,638 ക്യുബിക് മീറ്റർ മഴവെള്ളമാണ് വിവിധ ഡാമുകളിലായി ഒഴുകിയെത്തിയത്. മേഖലയിലെ ജലസുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം കാർഷിക മേഖലയ്ക്കും ഈ ജലലഭ്യത വലിയ കരുത്താകുമെന്ന് വിലയിരുത്തപ്പെടുന്നു. സൗദി ഇറിഗേഷൻ ഓർഗനൈസേഷൻ (എസ്.ഐ.ഒ) പുറത്തുവിട്ട കണക്കുകൾ പ്രകാരം, മാർച്ച് 19 മുതൽ ഏപ്രിൽ ആറ് വരെ നീണ്ടുനിന്ന കനത്ത മഴയിലാണ് ഡാമുകൾ ജലസമൃദ്ധമായത്. അൽ അഖീഖ്, അൽ മഖ്‌വ, അൽ ഹജ്റ, ഖിൽവ, ഗാമദ് അൽ സനാദ് എന്നീ ഗവർണറേറ്റുകളിലെ താഴ്‌വരകളിൽ നിന്നുള്ള ശക്തമായ നീരൊഴുക്കാണ് ജലനിരപ്പ് ഉയരാൻ കാരണമായത്.
നിറഞ്ഞ് അണക്കെട്ടുകൾ
അൽ അഖീഖ്, ഥരാദ്, അൽ അഹ്‌സബ, ദൂഖ എന്നീ പ്രധാന ഡാമുകളിൽ വലിയ തോതിൽ ജലം സംഭരിക്കപ്പെട്ടു. കൂടാതെ, മേഖലയിലെ അഞ്ച് പ്രധാന അണക്കെട്ടുകൾ പൂർണമായി നിറഞ്ഞതായി അധികൃതർ സ്ഥിരീകരിച്ചു. അൽ മന്ദഖിലെ ദറക്, അൽ മുദ്‌ലിമത്ത്, അൽ അഖീഖിലെ ജർബ്, ബൽജുറാഷിയിലെ അൽ ഖാല, ഗാമദ് അൽ സനാദിലെ അൽ നസ്ബ എന്നീ അണക്കെട്ടുകളാണ് സംഭരണശേഷി പിന്നിട്ടത്.
ജലനിയന്ത്രണം
ജലനിരപ്പ് ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങളാണ് അധികൃതർ സ്വീകരിച്ചിരിക്കുന്നത്. ജലസംഭരണികളുടെ ബലം ഉറപ്പുവരുത്തുന്നതിനും താഴ്ന്ന പ്രദേശങ്ങളിലെ ജനവാസ മേഖലകളെ സംരക്ഷിക്കുന്നതിനുമായി ശാസ്ത്രീയമായ രീതിയിൽ ഡാം ഗേറ്റുകൾ തുറന്ന് അധികജലം പുറന്തള്ളുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ പ്രത്യേക കർമപദ്ധതിയും നിലവിലുണ്ട്.
ജലസുരക്ഷക്ക് മുൻഗണന
അൽ ബാഹ മേഖലയിലുടനീളമായി ആകെ 50 അണക്കെട്ടുകളാണ് ഉള്ളത്. സരാവത്, തിഹാമ എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഈ ശൃംഖലയിൽ ആറ് ഡാമുകൾ കുടിവെള്ള വിതരണത്തിനായി മാത്രമാണ് ഉപയോഗിക്കുന്നത്. സീസണൽ മഴയെ ആശ്രയിച്ച് കൃഷി നടത്തുന്ന കർഷകർക്കായി 35 ഇടത്തരം, ചെറിയ ഡാമുകൾ മേഖലയിൽ സജ്ജമാണ്. വരാനിരിക്കുന്ന മാസങ്ങളിൽ കാർഷിക ഉൽപ്പാദനത്തിനും കുടിവെള്ള ലഭ്യതയ്ക്കും ഈ പുതിയ നീരൊഴുക്ക് വലിയ മുതൽക്കൂട്ടാകുമെന്ന് സൗദി ഇറിഗേഷൻ ഓർഗനൈസേഷൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

