അൽ ഖുറയാത്തിൽ 11.6 കോടി റിയാലിന്റെ മാലിന്യ നിർമാർജന പദ്ധതി; അഞ്ച് വർഷത്തെ കരാറിൽ ഒപ്പുവെച്ചു
text_fieldsറിയാദ്: സൗദി വടക്കൻ മേഖലയിലെ അൽ ജൗഫ് പ്രവിശ്യയിലുള്ള അൽ ഖുറയാത്ത് പട്ടണത്തിലും സമീപ ഗ്രാമങ്ങളിലും മാലിന്യങ്ങൾ ശേഖരിച്ച് നീക്കം ചെയ്യുന്നതിനുള്ള വൻകിട ശുചീകരണ പദ്ധതിക്ക് തുടക്കമാകുന്നു. 11.59 കോടി റിയാലിലധികം ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ അഞ്ച് വർഷത്തെ കരാറിൽ സൗദി മുനിസിപ്പൽ-ഭവന കാര്യ മന്ത്രി മാജിദ് അൽ ഹുഖൈൽ ഒപ്പുവെച്ചു.
നാടിന്റെ വികസനത്തിന് സൗദി ഭരണകൂടം നൽകുന്ന വൻ പിന്തുണക്ക് അൽ ജൗഫ് മേഖലാ മേധാവി എൻജി. ആത്തിഫ് അൽ ശർആൻ നന്ദി അറിയിച്ചു. പദ്ധതികൾക്ക് നിരന്തരം മേൽനോട്ടവും പിന്തുണയും നൽകുന്ന അൽ ജൗഫ് ഗവർണർ അമീർ ഫൈസൽ ബിൻ നവാഫ് ബിൻ അബ്ദുൽ അസീസിനും ഡെപ്യൂട്ടി ഗവർണർ അമീർ മുതബ് ബിൻ മിശ്അൽ ബിൻ ബദർ ബിൻ സഊദിനും അദ്ദേഹം പ്രത്യേക നന്ദി രേഖപ്പെടുത്തി.
അൽ ഖുറയാത്തിലെ മുനിസിപ്പൽ പ്രവർത്തനങ്ങൾക്ക് പദ്ധതി വലിയൊരു മുതൽക്കൂട്ടാകുമെന്ന് നഗരസഭാ അധ്യക്ഷൻ എൻജി. ജമാൽ അൽ ബലവി പറഞ്ഞു. നാടിന്റെ ഭംഗി കൂട്ടാനും, പൊതുശുചിത്വം ഉറപ്പാക്കി ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താനും ഇത് സഹായിക്കും. ഏറ്റവും ഉയർന്ന നിലവാരത്തിലും കാര്യക്ഷമതയിലുമാണ് പദ്ധതി നടപ്പാക്കുന്നതെന്ന് നഗരസഭ ഉറപ്പുവരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
അൽ ഖുറയാത്തിലും സമീപ ഗ്രാമങ്ങളിലുമുള്ള നാട്ടുകാർക്കും സന്ദർശകർക്കും മെച്ചപ്പെട്ട സേവനങ്ങൾ ലഭ്യമാക്കാനും ശുചീകരണ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കാനുമുള്ള മന്ത്രാലയത്തിന്റെ ഉറച്ച തീരുമാനമാണ് ഈ പദ്ധതിയിലൂടെ നടപ്പാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

