സൗദി പരമ്പരാഗത കലകൾ പഠിക്കാൻ ഓൺലൈൻ കോഴ്സുകളുമായി ‘വർത്’
text_fieldsഅൽഖോബാർ: സൗദി അറേബ്യയിലെ പരമ്പരാഗത കലാരൂപങ്ങളെ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിെൻറ ഭാഗമായി റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രഡിഷണൽ ആർട്സ് (വർത്) സ്വയം പഠിക്കാവുന്ന പുതിയ ഓൺലൈൻ കോഴ്സുകൾ ആരംഭിച്ചു. പഠിതാക്കളുടെ സൗകര്യത്തിനും താൽപര്യങ്ങൾക്കും അനുസരിച്ച് സ്വന്തം സമയക്രമത്തിൽ പഠിക്കാൻ കഴിയുന്ന രീതിയിലാണ് ഈ കോഴ്സുകൾ രൂപകൽപ്പന ചെയ്തിട്ടുള്ളത്.
പരമ്പരാഗത കലകളെക്കുറിച്ചുള്ള അറിവും പ്രായോഗിക വൈദഗ്ധ്യവും വളർത്താൻ ലക്ഷ്യമിട്ടുള്ള ഈ കോഴ്സുകളിൽ ലെതർ വർക്ക്, ജപമാല നിർമാണം, വുഡ് പെയിൻറിങ്, ജിപ്സം കൊത്തുപണി തുടങ്ങിയ പ്രധാന പരമ്പരാഗത കരകൗശല മേഖലകൾ ഉൾപ്പെടെ എട്ട് വ്യത്യസ്ത കലാരൂപങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
സൗദി പരമ്പരാഗത കലകളുടെ പഠനത്തിന് കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിനും, ഈ കലാരൂപങ്ങളുമായി ബന്ധപ്പെട്ട അറിവുകളും കഴിവുകളും വരുംതലമുറകളിലേക്ക് കൈമാറുന്നതിനുമുള്ള സ്ഥാപനത്തിെൻറ ദീർഘവീക്ഷണപരമായ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ കോഴ്സുകൾ അവതരിപ്പിച്ചിരിക്കുന്നത്.
കൂടുതൽ ആളുകൾക്ക് പരമ്പരാഗത കലാപഠനം ലഭ്യമാക്കുന്നതിലൂടെ രാജ്യത്തിെൻറ സാംസ്കാരിക പൈതൃക സംരക്ഷണത്തിനും ഇത് വലിയ തോതിൽ സഹായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിെൻറ തുടർച്ചയെന്നോണം, റിയാദ്, ഹാഇൽ, അബഹ എന്നീ നഗരങ്ങളിൽ എട്ട് മുതൽ 12 വയസ്സുവരെയുള്ള 7,000-ലധികം കുട്ടികളെ ലക്ഷ്യമിട്ട് വർത് നാലാമത് സമ്മർ പ്രോഗ്രാമും വിജയകരമായി സംഘടിപ്പിച്ചിരുന്നു.
സൗദിയുടെ പരമ്പരാഗത കലാരൂപങ്ങളിലേക്ക് കുട്ടികളെ പരിചയപ്പെടുത്തുകയും ദേശീയ സാംസ്കാരിക സ്വത്വവുമായുള്ള അവരുടെ ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുകയായിരുന്നു ഈ സമ്മർ പ്രോഗ്രാമിെൻറ പ്രധാന ലക്ഷ്യം. പഠനവും വിനോദവും പ്രായോഗിക പരിശീലനവും സമന്വയിപ്പിച്ചുകൊണ്ടുള്ള വിവിധ പ്രവർത്തനങ്ങളാണ് പരിപാടിയിൽ ഒരുക്കിയിരുന്നത്.
പരമ്പരാഗത കരകൗശല വസ്തുക്കൾ പരിചയപ്പെടുന്നതിനൊപ്പം അവ നിർമിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും സാങ്കേതിക വിദ്യകളും ക്യാമ്പ് വഴി കുട്ടികൾ മനസിലാക്കി. വിവിധ പരിശീലന കേന്ദ്രങ്ങളിലൂടെ കടന്നുപോയ കുട്ടികൾ സ്വന്തമായി മനോഹരമായ കലാസൃഷ്ടികൾ തയ്യാറാക്കുകയും ചെയ്തു. പുതിയ തലമുറയിൽ സൗദിയുടെ സാംസ്കാരിക പൈതൃകത്തോടുള്ള താൽപര്യവും അഭിമാനവും വളർത്തുന്നതിന് ഇത്തരം പരിപാടികൾ നിർണായകമാണെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

