സുരക്ഷിതമായി മൂടാതെ വാഹനങ്ങളിൽ ചരക്കുകൾ കൊണ്ടുപോകുന്നതിനെതിരെ മുന്നറിയിപ്പ്
text_fieldsറിയാദ്: ട്രക്കുകൾ, ലോറികൾ മുതലായ തുറന്ന വാഹനത്തിൽ കയറ്റുന്ന ചരക്കുകൾ സുരക്ഷിതമായി മൂടാതെ കൊണ്ടുപോകുന്നതിനെതിരെ സൗദി ട്രാഫിക് വകുപ്പിന്റെ മുന്നറിയിപ്പ്. ഇത് ഗതാഗത നിയമലംഘനമായി കണക്കാക്കി 500 മുതൽ 900 റിയാൽ വരെ പിഴ ചുമത്തുമെന്ന് പൊതുട്രാഫിക് മുന്നറിയിപ്പ് നൽകി.
റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുകയും വാഹനാപകടങ്ങൾക്ക് കാരണമാകുന്നതോ വാഹനത്തിന്റെ ചലനത്തെ തടസ്സപ്പെടുത്തുന്നതോ ആയ ലോഡിന്റെ ഏതെങ്കിലും ഭാഗം പറക്കുകയോ വീഴുകയോ ചെയ്യുന്നത് തടയുകയുമാണ് ഈ നടപടിയുടെ ലക്ഷ്യമെന്ന് ട്രാഫിക് വകുപ്പ് വിശദീകരിച്ചു. വാഹനങ്ങൾ ലോഡ് കയറ്റുമ്പോൾ സുരക്ഷ ആവശ്യകതകൾ പൂർണമായും പാലിക്കണം.
പ്രത്യേകിച്ച് ട്രക്ക് ഡ്രൈവർമാർ, ഫർണിച്ചറുകളോ വിവിധ വസ്തുക്കളോ കൊണ്ടുപോകുന്നതിനായി നിയുക്തമാക്കിയ വാഹനങ്ങളുടെ ഡ്രൈവർമാർ ലോഡ് നന്നായി ഉറപ്പിച്ച് അനുയോജ്യമായ മാർഗങ്ങൾ ഉപയോഗിച്ച് പൂർണമായും മൂടുന്നത് ശ്രദ്ധിക്കണമെന്നും ട്രാഫിക് വകുപ്പ് ആവശ്യപ്പെട്ടു. ഈ നിർദേശങ്ങൾ പാലിക്കുന്നത് ഡ്രൈവർമാരുടെ ഉത്തരവാദിത്ത്വങ്ങളെക്കുറിച്ചുള്ള അവബോധത്തെ പ്രതിഫലിപ്പിക്കുമെന്നും ജീവനും സ്വത്തിനും സുരക്ഷ ഒരുക്കുമെന്നും റോഡുകളിലെ ഗതാഗതം സുഗമമായി നടക്കുന്നതിന് സഹായിക്കുമെന്നും ട്രാഫിക് വകുപ്പ് ഊന്നിപ്പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

