ഹരിതാഭമായി മലയോര ഗ്രാമങ്ങൾ; മഴക്കാല ഫോട്ടോഗ്രാഫി പ്രേമികളുടെ കേന്ദ്രമായി വാദി അൽ ജിന്നിയ
text_fieldsജിസാൻ: മഴക്കാലമെത്തിയതോടെ പ്രകൃതിഭംഗി കൊണ്ട് സഞ്ചാരികളുടെയും ഫോട്ടോഗ്രാഫർമാരുടെയും മനംകവരുകയാണ് ജിസാൻ മേഖലയിലെ അൽ ദായർ ഗവർണറേറ്റിലുള്ള ‘വാദി അൽ ജിന്നിയ’. പെയ്തിറങ്ങിയ മഴയിൽ ഇവിടത്തെ മലയോര ഗ്രാമങ്ങളും തട്ടുകളായുള്ള കൃഷിയിടങ്ങളും പുതിയ ജീവനോടെ പച്ചപ്പണിഞ്ഞു നിൽക്കുകയാണ്.
അപൂർവമായി മാത്രം കാണപ്പെടുന്ന ഷദൻ മരങ്ങളുടെ സാന്നിധ്യവും താഴ്വരകളിലൂടെയും കാട്ടരുവികളിലൂടെയും ഒഴുകുന്ന നീരൊഴുക്കും പ്രകൃതി സ്നേഹികളെയും ഫോട്ടോഗ്രാഫർമാരെയും ഒരുപോലെ ആകർഷിക്കുന്നു. തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ടുപോന്ന പാരമ്പര്യമുള്ള പേരാണ് ഈ താഴ്വരയുടേത്.
മഴ ലഭിച്ചതോടെ മലഞ്ചെരുവുകളിലെ സസ്യജാലങ്ങൾ പുനർജനിക്കുകയും പച്ചപ്പ് വർധിക്കുകയും ചെയ്തിട്ടുണ്ട്. മണ്ണൊലിപ്പ് തടയുന്നതിനും മഴവെള്ളം കാര്യക്ഷമമായി പ്രയോജനപ്പെടുത്തുന്നതിനുമായി പ്രത്യേകം തയാറാക്കിയ തട്ടുകൃഷിരീതിയിലൂടെ കൊടുമുടികളിലും താഴ്വരയുടെ ഇരുവശങ്ങളിലുമുള്ള കൃഷിയിടങ്ങളിലേക്ക് ആവശ്യമായ ജലസേചനം തടസ്സമില്ലാതെ സാധ്യമാകുന്നു.
ചിതറിക്കിടക്കുന്ന ഗ്രാമങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന വളഞ്ഞുപുളഞ്ഞ മലയോര പാതകൾ കാൽനടക്കാർക്കും ചിത്രങ്ങൾ പകർത്തുന്നവർക്കും മികച്ച കാഴ്ചാനുഭവമാണ് നൽകുന്നത്. പ്രത്യേകിച്ച് മഴക്കാല അന്തരീക്ഷത്തിൽ പ്രദേശത്തിെൻറ തനതായ ഭൂപ്രകൃതിയും പരമ്പരാഗത കാർഷിക രീതികളും കൂടുതൽ ഭംഗിയോടെ തെളിഞ്ഞുനിൽക്കുന്നു.
കൂടാതെ, താഴ്വരയിലെ സമൃദ്ധമായ സസ്യജാലങ്ങളെ പ്രയോജനപ്പെടുത്തി പ്രവർത്തിക്കുന്ന പ്രശസ്തമായ സൗദി കോഫി പ്ലാേൻറഷനുകൾ, മാമ്പഴത്തോട്ടങ്ങൾ, തേനീച്ച വളർത്തൽ കേന്ദ്രങ്ങൾ എന്നിവയും ഇവിടെ വ്യാപകമായി പ്രവർത്തിക്കുന്നുണ്ട്. ഹരിതാഭമായ അന്തരീക്ഷവും ശാന്തമായ മലയോര ഗ്രാമങ്ങളും സമന്വയിക്കുന്ന വാദി അൽ ജിന്നിയ, അൽ ദായർ ഗവർണറേറ്റിലെ ഏറ്റവും പ്രമുഖമായ പ്രകൃതിദത്ത വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. ജിസാൻ മേഖലയുടെ ടൂറിസം സാധ്യതകളെ എടുത്തുകാണിക്കുന്ന ഈ താഴ്വര കാണാൻ മഴക്കാലത്ത് രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമായി ധാരാളം സഞ്ചാരികളാണ് എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

