വികസന പദ്ധതികൾ അവതരിപ്പിച്ച് ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
text_fieldsറിയാദ്: പ്രവാസ മണ്ണിലിരുന്ന് സ്വന്തം നാടിെൻറ വികസന പദ്ധതികൾ ചർച്ച ചെയ്ത് അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ വേറിട്ട അനുഭവമായി. റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ പരമ്പരാഗത പ്രവാസി ആവശ്യങ്ങൾക്കപ്പുറം ഓരോ മണ്ഡലം കമ്മിറ്റിയും ചർച്ച ചെയ്ത് രൂപപ്പെടുത്തിയ വികസന പദ്ധതികൾ മലപ്പുറം ജില്ലയുടെ സമഗ്ര വികസന രേഖയായി അവതരിപ്പിച്ചു.
ബത്ഹ ഡി പാലസ് ഹാളിൽ നടന്ന പരിപാടി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് ഷൗക്കത്ത് കടമ്പോട്ട് അധ്യക്ഷത വഹിച്ചു. പ്രവാസ ലോകത്തെ അനുഭവസമ്പത്ത് ഉപയോഗപ്പെടുത്തി നിർമാണ മേഖല ഉൾപ്പെടെ നിരവധി ബിസിനസ് സാധ്യതകൾ നാട്ടിലുണ്ടെന്നും ഇക്കാര്യത്തിൽ മലപ്പുറം ജില്ലാ കെ.എം.സി.സിക്ക് വലിയ പങ്ക് വഹിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. വിവിധ മണ്ഡലം കമ്മിറ്റികൾ അവതരിപ്പിച്ച പദ്ധതികൾ മലപ്പുറം ജില്ലയിലെ മന്ത്രിമാർക്കും മറ്റ് ജനപ്രതിനിധികൾക്കും സമർപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കെ.എം.സി.സി സെൻട്രൽ–നാഷനൽ ഭാരവാഹികളായ ഉസ്മാൻ അലി പാലത്തിങ്ങൽ, കോയാമു ഹാജി, മൊയ്തീൻകുട്ടി തെന്നല, മുജീബ് ഉപ്പട എന്നിവർ ആശംസകൾ നേർന്നു.
തുടർന്ന് മണ്ഡലം കെ.എം.സി.സി കമ്മിറ്റികളുടെ വിവിധ പദ്ധതികൾ പാനലിസ്റ്റുകൾ അവതരിപ്പിച്ചു. വിജ്ഞാന സമ്പദ്വ്യവസ്ഥയും ഉയർന്ന സാങ്കേതികവിദ്യയും, സുസ്ഥിര ടൂറിസം, ആരോഗ്യം–ലൈഫ് സയൻസ്, ഹരിത ഊർജവും കാലാവസ്ഥാ അതിജീവനവും, കാർഷിക പുനരുജ്ജീവനവും അഗ്രിടെക്കും, അടിസ്ഥാന സൗകര്യ വികസനവും ഗതാഗതവും, ഉന്നത വിദ്യാഭ്യാസവും നൈപുണ്യ വികസനവും, നഗരവൽക്കരണവും മാലിന്യസംസ്കരണവും ഉൾപ്പെടെയുള്ള പദ്ധതികളാണ് ബന്ധപ്പെട്ട മണ്ഡലം കമ്മിറ്റി പ്രതിനിധികൾ അവതരിപ്പിച്ചത്.
റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഓർഗനൈസേഷൻ സെക്രട്ടറി സത്താർ താമരത്ത്, ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം നൗഫൽ പാലക്കാടൻ, മാധ്യമപ്രവർത്തകൻ വി.ജെ. നസറുദ്ദീൻ എന്നിവർ ചീഫ് പാനലിസ്റ്റുകളായിരുന്നു. ജില്ലാ ജനറൽ സെക്രട്ടറി സഫീർ തിരൂർ സ്വാഗതവും ട്രഷറർ മുനീർ വാഴക്കാട് നന്ദിയും പറഞ്ഞു. ജില്ലാ ഭാരവാഹികളായ മുനീർ മക്കാനി, ഷക്കീൽ തിരൂർക്കാട്, മജീദ് മണ്ണാർമല, സഫീർ വണ്ടൂർ, ശബീറലി പള്ളിക്കൽ, സലാം മഞ്ചേരി, നൗഫൽ താനൂർ, യൂനുസ് നാണത്ത് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

