വോട്ടർ പട്ടിക പുതുക്കൽ; മാതൃകയായി റിയാദ് കെ.എം.സി.സി ഹെൽപ്പ് ഡെസ്ക്
text_fieldsറിയാദ് കെ.എം.സി.സി ഒരുക്കിയ വോട്ടർ പട്ടിക പുതുക്കൽ ഹെൽപ്പ് ഡെസ്ക് സംഘാടകർ
റിയാദ്: വോട്ടർ പട്ടിക ശുദ്ധീകരണത്തിെൻറ ഭാഗമായി പുറത്തിറങ്ങിയ എസ്.ഐ.ആർ കരട് പട്ടികയിൽ നിന്ന് പുറത്തായ ആയിരക്കണക്കിന് പ്രവാസികൾക്ക് ആശ്വാസമായി റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ ഹെൽപ്പ് ഡെസ്ക്.
പ്രവാസ ലോകത്ത് നിലനിൽക്കുന്ന ആശങ്കകൾ പരിഗണിച്ച് വോട്ട് ചേർക്കുന്നതിനായി ഒരുക്കിയ ഈ സംവിധാനം പ്രവാസികൾക്ക് വലിയ തുണയായി.ബത്ഹയിലെ കെ.എം.സി.സി ഓഫീസിൽ രാവിലെ എട്ട് മുതൽ രാത്രി ഒമ്പത് വരെയായിരുന്നു ഹെൽപ്പ് ഡെസ്ക് പ്രവർത്തിച്ചത്.
ദൂരദിക്കുകളിൽ നിന്ന് പോലും സ്ത്രീകളടക്കം നൂറുകണക്കിന് ആളുകളാണ് അപേക്ഷ നൽകാനായി എത്തിയത്. അപേക്ഷാ നടപടികൾ വേഗത്തിലാക്കാൻ എ.ഐ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയ 17 കൗണ്ടറുകൾ സജ്ജമാക്കിയിരുന്നു. പ്രത്യേക പരിശീലനം ലഭിച്ച വളൻറിയർമാരാണ് സേവനത്തിന് നേതൃത്വം നൽകിയത്.വിവിധ രാഷ്ട്രീയ, സാമൂഹിക, മാധ്യമ രംഗത്തെ പ്രമുഖർ ഹെൽപ്പ് ഡെസ്ക് സന്ദർശിക്കുകയും കെ.എം.സി.സിയുടെ പ്രവർത്തനത്തെ അഭിനന്ദിക്കുകയും ചെയ്തു. പ്രവാസികളുടെ വോട്ട് ചേർക്കാനുള്ള സമയപരിധി വർദ്ധിപ്പിക്കണമെന്ന് സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് ആവശ്യപ്പെട്ടു. കെ.എം.സി.സിയുടെ ഈ നീക്കം മറ്റ് സംഘടനകൾക്കും മാതൃകയാണെന്ന് റിയാദ് ഒ.ഐ.സി.സി പ്രസിഡൻറ് സലീം കളക്കര അഭിപ്രായപ്പെട്ടു.
പ്രവാസികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ എല്ലാ സംഘടനകളും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്ന് മാധ്യമപ്രവർത്തകൻ നജിം കൊച്ചുകലുങ്ക് പറഞ്ഞു. ജനാധിപത്യപരമായ അവകാശം ഉറപ്പാക്കാൻ ഇന്ത്യൻ എംബസികൾ മുൻകൈ എടുക്കണമെന്ന് നൗഫൽ പാലക്കാടൻ ആവശ്യപ്പെട്ടപ്പോൾ, ഉൾനാടുകളിലെ പ്രവാസികൾ നേരിടുന്ന ബുദ്ധിമുട്ടുകളിൽ മാധ്യമപ്രവർത്തകരായ ജയൻ കൊടുങ്ങല്ലൂരും ഷിബു ഉസ്മാനും ആശങ്ക രേഖപ്പെടുത്തി.
മറ്റ് സെൻട്രൽ കമ്മിറ്റികളിലും സമാനമായ സൗകര്യങ്ങൾ ഒരുക്കുമെന്ന് നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട് അറിയിച്ചു.
സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ഉസ്മാൻ അലി പാലത്തിങ്ങൽ, ജനറൽ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര, അഷ്റഫ് വെള്ളെപ്പാടം, സത്താർ താമരത്ത്, ഷാഫി തുവ്വൂർ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിപുലമായ നിര തന്നെ ഹെൽപ്പ് ഡെസ്കിെൻറ സുഗമമായ പ്രവർത്തനത്തിന് മേൽനോട്ടം വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

