വോയ്സ് ഓഫ് വേൾഡ് ഫൗണ്ടേഷൻ; ‘ടോപ് സിംഗർ ഗ്രാൻഡ് ഫിനാലെ 2023’
text_fields‘ടോപ് സിംഗർ ഗ്രാൻഡ് ഫിനാലെ 2023’ പരിപാടിയിൽ പങ്കെടുത്ത മത്സരാർഥികൾ
യാംബു: ‘വിനോദം, വിജ്ഞാനം, കാരുണ്യം’ എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് പ്രവർത്തിക്കുന്ന സൗഹൃദ കൂട്ടായ്മയായ വോയ്സ് ഓഫ് വേൾഡ് ഫൗണ്ടേഷൻ യാംബു ഏരിയ കമ്മിറ്റി വിദ്യാർഥികൾക്ക് ‘ടോപ് സിംഗർ ഗ്രാൻഡ് ഫിനാലെ 2023’ എന്നപേരിൽ ഗാനമത്സരം സംഘടിപ്പിച്ചു. യാംബു അൽമനാർ ഇന്റർനാഷനൽ സ്കൂളിൽ നടന്ന പരിപാടിയിൽ അൽമനാർ സ്കൂളിലെയും കെൻസ് ഇന്റർനാഷനൽ സ്കൂളിലെയും നിരവധി വിദ്യാർഥികൾ പങ്കെടുത്തു. വോയ്സ് ഓഫ് വേൾഡ് ഫൗണ്ടേഷൻ ചെയർമാൻ മുഹമ്മദ് ശിഹാബുദ്ദീൻ പാലക്കാട് ഉദ്ഘാടനം ചെയ്തു. യാംബു ഏരിയ വൈസ് പ്രസിഡന്റ് മുജീബ് പൂവച്ചൽ അധ്യക്ഷത വഹിച്ചു. കെ.പി.എ. കരീം താമരശ്ശേരി, കാപ്പിൽ ഷാജി മോൻ, നിഖിൽ പയ്യന്നൂർ, ഹരീഷ് ആലപ്പുഴ, ഷമീം, ഹിബ എന്നിവർ സംസാരിച്ചു.
ഏരിയ കമ്മിറ്റി ജനറൽ സെക്രട്ടറി നാസർ കുറുകത്താണി സ്വാഗതവും മുസ്തഫ മഞ്ചേശ്വരം നന്ദിയും പറഞ്ഞു.
‘ടോപ് സിംഗർ ഗ്രാൻഡ് ഫിനാലെ 2023’ വിജയികളെ പ്രസിഡന്റ് ബാബുപിള്ള കുട്ടനാട് പ്രഖ്യാപിച്ചു. സുനൈറ ഖാൻ, ആഫ്രീൻ ഹബീബ് അബ്ബാസ്, ഹാനിയ ബീഗം എന്നിവർ യഥാക്രമം സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. വിജയികൾക്കുള്ള സമ്മാനങ്ങളും മത്സരത്തിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകളും അതത് സ്കൂൾ മുഖേന വിതരണം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു. മുക്ത സീമ, ശാലു രാജ്, സമീറ സജീവ്, ജാൻസി എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.