പ്രവാസികൾക്ക് നൊമ്പരമായി വി.കെ. ജലീലിന്‍റെ മരണം
text_fieldsവി.കെ. ജലീൽ
ജിദ്ദ: രണ്ട് പതിറ്റാണ്ടോളം ജിദ്ദയിൽ പ്രവാസിയായിരുന്ന ഇസ്‌ലാമിക പണ്ഡിതനും എഴുത്തുകാരനുമായ മലപ്പുറം പടിഞ്ഞാറ്റുമുറി സ്വദേശി വി.കെ. ജലീൽ (71) നാട്ടിൽ നിര്യാതനായ വാർത്ത ജിദ്ദയിലെ പ്രവാസികളെയും പ്രവാസം അവസാനിപ്പിച്ച് മടങ്ങിയവരിലും നൊമ്പരമായി. കുറച്ചുനാളായി പ്രമേഹരോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്ന വി.കെ. ജലീൽ മലപ്പുറം കോട്ടപ്പടിയിലെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച വൈകീട്ടാണ് മരിച്ചത്. ജിദ്ദയിൽ മത, സാമൂഹിക, ജനസേവന, കലാ സാഹിത്യരംഗങ്ങളിൽ സജീവസാന്നിധ്യമായിരുന്നു. മലയാളി സമൂഹത്തിൽ ആത്മീയവും ബൗദ്ധികവുമായ നേതൃത്വം നൽകിയിരുന്ന വ്യക്തിത്വമായിരുന്നു. സമൂഹത്തിലെ എല്ലാവരും ഒരുപോലെ അംഗീകരിച്ചിരുന്ന നേതാവായിരുന്നു. സാധാരണക്കാരായ പ്രവാസികൾക്ക് മാർഗനിർദേശം നൽകി. വിവിധ വിഷയങ്ങളിൽ നിരവധി പ്രഭാഷണം നടത്തി. തന്‍റെ പ്രഭാഷണങ്ങളിൽ ആകർഷരായവരെ ചേർത്ത് 'ഏയ്ജസ്'എന്ന കൂട്ടായ്മക്ക് രൂപം നൽകി. ഈ വേദിയിലൂടെ സാംസ്‌കാരിക രംഗത്ത് നിരവധി പ്രവർത്തനം നടത്തി. കുൽദീപ് നയാർ അടക്കമുള്ള പ്രമുഖരെ ജിദ്ദയിലെത്തിച്ച് പരിപാടികൾ സംഘടിപ്പിക്കാൻ നേതൃത്വം നൽകി.
സംഘടിത ഹജ്ജ് നിർവഹണത്തിന് സൗകര്യം ഇല്ലാതിരുന്ന കാലത്ത് നിരവധി മലയാളി പ്രവാസികളെ സംഘടിപ്പിച്ചു പല വർഷങ്ങളിൽ ഹജ്ജ് ഖാഫിലകൾ സംഘടിപ്പിച്ചു. ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം, സിജി തുടങ്ങിയ കൂട്ടായ്മകൾ രൂപവത്കരിക്കുന്നതിലും കാര്യമായ പങ്ക് വഹിച്ചു. ജീവകാരുണ്യ പ്രവർത്തന മേഖലയിലും നിരവധി പ്രവർത്തനം നടത്തി. നിരവധി ആലംബഹീനരെ കൈപ്പിടിച്ചുയർത്തി. പ്രവാസി യുവത്വത്തെ കർമ്മോൽസുകാരാക്കാനായി ഐ.വൈ.എ എന്ന പേരിൽ യൂത്ത് വിങ് രൂപവത്കരിച്ചു. കെ.ഐ.ജി (തനിമ) സ്ഥാപക സമിതിയംഗമായിരുന്നു. ദീർഘകാലം ജിദ്ദ കമ്മിറ്റി പ്രസിഡന്റായിരുന്നു. 'ഗൾഫ് മാധ്യമം'ദിനപത്രത്തിന്‍റെ വളർച്ചക്ക് സഹായകമായ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിലും കെ.ഐ.ജി പ്രവർത്തകരുടെ താമസത്തിനും മറ്റുമായി ഷറഫിയ വില്ല ഒരുക്കുന്നതിലും കാര്യമായ പങ്കുവഹിച്ചു. 1982 മുതല്‍ 2004 വരെ ജിദ്ദ പ്രവാസിയായിരുന്ന ഇദ്ദേഹം എ.ബി.ടി ബിനെക്സ്, ബി.സി കോർപറേഷൻ, ശർഖാവി തുടങ്ങിയ കമ്പനികളിൽ ഉയർന്ന തസ്തികയിൽ ജോലി ചെയ്തു.
വി.കെ. ജലീലിന്‍റെ മരണവിവരമറിഞ്ഞപ്പോൾ നിരവധി പേരാണ് ഇദ്ദേഹവുമായി തങ്ങൾക്കുണ്ടായിരുന്ന ആത്മബന്ധം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ആലിയ അറബിക് കോളജ്, ശാന്തപുരം ഇസ്‌ലാമിയ കോളജ് എന്നിവിടങ്ങളിൽ നിന്നായിരുന്നു ഇദ്ദേഹം പഠനം പൂർത്തിയാക്കിയത്. പഠന കാലത്ത് ഐഡിയൽ സ്റ്റുഡൻസ് ലീഗ് (ഐ.എസ്.എൽ) മലപ്പുറം ജില്ല പ്രസിഡന്റ്, സംസ്ഥാന സമിതിയംഗം, ഐ.എസ്.എൽ ജേർണൽ പ്രസാധകൻ എന്നീ നിലകളിൽ പ്രവർത്തിച്ചു.
ജിദ്ദയിലെ പഴയൊരു സാഹിത്യ സദസിൽ വി.കെ. ജലീൽ, മുൻ പ്രവാസികളായ ഹനീഫ കൊച്ചന്നൂർ, അബു ഇരിങ്ങാട്ടിരി, ഉസ്മാൻ ഇരുമ്പുഴി, പരേതനായ കെ.യു. ഇഖ്ബാൽ എന്നിവർ സമീപം
വി.കെ. ജലീലിന്‍റെ നിര്യാണത്തിൽ തനിമ സാംസ്കാരിക വേദി അനുശോചിച്ചു
ദമ്മാം: പ്രഗല്ഭ പണ്ഡിതനും എഴുത്തുകാരനും വാഗ്മിയും തനിമ സാംസ്കാരിക വേദിയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖനുമായിരുന്ന വി.കെ. ജലീലിന്‍റെ വേർപാട് മറക്കാനാവാത്ത നഷ്ടമാണെന്ന് തനിമ സാംസ്കാരിക വേദി സൗദി പ്രസിഡന്‍റ് കെ.എം. ബഷീർ അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി. തനിമ സംസ്‌കാരിക വേദിയുടെ രൂപവത്കരണത്തിലും വളർച്ചയിലും വലിയ സംഭാവനകളർപ്പിച്ച വ്യക്തിയായിരുന്നു വി.കെ. ജലീൽ. രണ്ടു പതിറ്റാണ്ടു കാലം ജിദ്ദയിലുണ്ടായിരുന്ന കാലഘട്ടത്തിൽ ജിദ്ദയിലെ സാമൂഹിക സാംസ്കാരിക മേഖലയിൽ നേതൃപരമായ പങ്ക് വഹിച്ച് സജീവ സാന്നിദ്ധ്യമായിരുന്നു അദ്ദേഹം. പണ്ഡിതൻ, എഴുത്തുകാരൻ, വാഗ്മി, നേതൃഗുണങ്ങൾ ഒത്തുചേർന്ന നേതാവ് എന്നീ നിലകളിലൊക്കെ അദ്ദേഹത്തെ ഏറെക്കാലം അനുഭവിക്കാൻ ജിദ്ദയിലെ പൊതുസമൂഹത്തിനും അദ്ദേഹം നിലകൊണ്ട പ്രസ്ഥാനത്തിന്‍റെ പ്രവർത്തകർക്കും ഭാഗ്യം ലഭിച്ചിട്ടുണ്ട്.
തനിമക്ക് പൊതുസ്വീകാര്യത ഉണ്ടാക്കിയെടുക്കുന്നതിൽ അദ്ദേഹം ഏറെ സംഭവനകൾ അർപ്പിച്ചു. വൈജ്ഞാനികമായ ആഴവും കാമ്പും പ്രകടമാക്കുന്ന ചരിത്ര സംഭവങ്ങൾ കോർത്തിണക്കിയ അദ്ദേഹത്തിന്‍റെ പഠനക്ലാസുകൾക്ക് കേൾവിക്കാർ ധാരാളമായി സ്ഥിരമായി എത്തുമായിരുന്നു. പൊതുസമൂഹത്തിലെ വ്യത്യസ്ത ആശയഗതിക്കാരായ ഉന്നതരെ കോർത്തിണക്കി രൂപവത്കരിച്ച 'എയ്ജസ്'എന്ന പൊതുവേദി അദ്ദേഹത്തിന്‍റെ പൊതുസമ്മതിക്കും സംഘാടന മികവിനുമുള്ള മികച്ച ഉദാഹരണമാണ്. തനിമ ജിദ്ദയുടെ നേതൃസ്ഥാനത്തിരിക്കുമ്പോൾ യുവാക്കളെ വളർത്തുന്നതിൽ പ്രത്യേകം ശ്രദ്ധിച്ചു. അവരിലൊരാളായി നിന്നും യുവാക്കളെ ചേർത്തു പിടിച്ചും വിശ്വാസത്തിന്‍റെ തെളിമയിൽ മൂല്യങ്ങളുടെ അടിത്തറയിൽ കൃത്യമായ ദിശാബോധം നൽകി വളർത്തി കൊണ്ടുവന്നു. യുവാക്കളുടെ സർഗവാസനകളും കലാകായിക കഴിവുകളും പരിപോഷിപ്പിക്കുന്നതിൽ പ്രത്യേകം ശ്രദ്ധിച്ചു. വനിത ശാക്തീകരണവും അദ്ദേഹം പ്രത്യേക ശ്രദ്ധ നൽകിയ മേഖലയാണ്.
ജിദ്ദ തനിമയുടെ കീഴിൽ വനിതകളെ പ്രത്യേകം സംഘടിപ്പിച്ചു വളർത്താൻ അദ്ദേഹത്തിനു സാധിച്ചു. പ്രമേഹം തുടങ്ങിയ രോഗപീഡകളാൽ പ്രയാസപ്പെടുമ്പോഴും മാനസികമായി തളരാതെ കർമരംഗത്ത് ആവും വിധം സജീവമാകുന്നതിൽ അവസാന നിമിഷം വരെ അദ്ദേഹം വിജയിച്ച് നിന്നു. തനിമ പ്രവർത്തകരുടെ പ്രിയങ്കരനായിരുന്ന വി.കെ. ജലീലിന്‍റെ വേർപാടിൽ അതിദുഃഖം രേഖപ്പെടുത്തുകയും അദ്ദേഹത്തിന്‍റെ പരലോക മോക്ഷത്തിനായി പ്രാർഥിക്കുകയും കുടുംബത്തിന്‍റെ ദുഃഖത്തിൽ പങ്ക് ചേരുകയും ചെയ്യുന്നതായി അനുശോചന സന്ദേശത്തിൽ കെ.എം. ബഷീർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

