വി.കെ. ഇബ്രാഹിം കുഞ്ഞിെൻറ വിയോഗം; കേരള രാഷ്ട്രീയത്തിന് നികത്താനാവാത്ത നഷ്ടം -സൗദി കെ.എം.സി.സി
text_fieldsറിയാദ്: മുസ്ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷനും മുൻ മന്ത്രിയുമായ വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ നിര്യാണത്തിൽ സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. പൊതുപ്രവർത്തനത്തിൽ സംശുദ്ധിയും തികഞ്ഞ ഉത്തരവാദിത്തബോധവും പുലർത്തിയ വി.കെ. ഇബ്രാഹിം കുഞ്ഞ് ജനകീയനായി വളർന്നുവന്ന്, മധ്യകേരളത്തിലെ രാഷ്ട്രീയ ചക്രവാളത്തിൽ മുസ്ലിം ലീഗിന്റെ കരുത്തുറ്റ മുഖമായി മാറിയ സമാനതകളില്ലാത്ത നേതാവായിരുന്നു.
സംഘടനാ പാടവം കൊണ്ട് പാർട്ടി പടവുകൾ ഓരോന്നായി കയറി. മധ്യകേരളത്തിൽ മുസ്ലിം ലീഗിന്റെ വളർച്ചക്ക് അദ്ദേഹം വഹിച്ച പങ്ക് ചരിത്രപരമാണ്. മികച്ചൊരു ജനപ്രതിനിധി എങ്ങനെയുണ്ടാകണമെന്ന് പ്രവർത്തിച്ചുകാണിച്ച നേതാവ് മന്ത്രി പദവി ഏറ്റെടുത്തപ്പോൾ നടപ്പാക്കിയ വികസന വിപ്ലവങ്ങൾ ഇന്നും കേരളത്തിന് വിസ്മയമാണ്. പ്രത്യേകിച്ച്, പൊതുമരാമത്ത് മന്ത്രിയായിരുന്ന കാലയളവിൽ ‘400 ദിവസം കൊണ്ട് 100 പാലങ്ങൾ’ എന്ന പദ്ധതി യാഥാർഥ്യമാക്കിയത് അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിന് തെളിവാണ്. ആരോപണങ്ങളും രാഷ്ട്രീയ ആക്രമണങ്ങളും ആർജ്ജവത്തോടെ നേരിടേണ്ടി വന്നപ്പോഴും ആത്മസംയമനം കൈവിടാതെ, തികഞ്ഞ സൗമ്യതയോടെ എല്ലാവരോടും ഇടപെട്ടിരുന്ന അദ്ദേഹത്തിന്റെ ശൈലി പ്രശംസനീയമായിരുന്നു. കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവർക്കും പ്രിയങ്കരനായ ഒരു നേതാവിനെയാണ് കേരളത്തിന് നഷ്ടമായിരിക്കുന്നത്.
മുസ്ലിം ലീഗ് പാർട്ടിക്കും വിവിധ മത-സാമൂഹിക സംഘടനകൾക്കും എന്നും തണലായി നിന്ന അദ്ദേഹം, മധ്യകേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ മായാത്ത മുദ്ര പതിപ്പിച്ചാണ് വിടവാങ്ങുന്നത്. അദ്ദേഹത്തിന്റെ വേർപാടിൽ പ്രയാസമനുഭവിക്കുന്ന കുടുംബാംഗങ്ങളുടെയും പാർട്ടി പ്രവർത്തകരുടെയും ദുഃഖത്തിൽ സൗദി കെ.എം.സി.സി പങ്കുചേരുന്നു. സൗദി കെ.എം.സി.സിയുടെ വിവിധ ഭാഗങ്ങളിലുള്ള കെ.എം.സി.സി ഘടകങ്ങൾ അദ്ദേഹത്തിന് വേണ്ടി മയ്യിത്ത് നമസ്കാരവും പ്രാർഥന സദസും സംഘടിപ്പിക്കണമെന്നും നാഷനൽ കമ്മിറ്റി നേതാക്കൾ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

