വിഷൻ 7.0 ഏകദിന പഠന സംഗമ പ്രചാരണത്തിന് തുടക്കം
text_fieldsജിദ്ദ ദഅവ കോഓഡിനേഷൻ കമ്മിറ്റി നടത്തുന്ന വിഷൻ 7.0 ഏകദിന പഠന സംഗമ പ്രചാരണ ഉദ്ഘാടനം പി.എം. മായിൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: തലമുറയെ വഴിതെറ്റിക്കുന്ന കെട്ടകാലത്തിന്റെ സാമൂഹികപരിസരങ്ങളിൽ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ച് വിദ്യാർഥി തലമുറയെ ബോധ്യപ്പെടുത്തുകയും ആത്മീയതയുടെ കണിശപാഠങ്ങൾ പകർന്നുനൽകി അവരെ വരുംകാലത്തിന്റെ വെല്ലുവിളികൾ അതിജയിക്കാൻ പ്രാപ്തമാക്കുന്ന ജിദ്ദ ദഅവ കോഓഡിനേഷൻ കമ്മിറ്റി നടത്തുന്ന വിഷൻ 7.0 ഏകദിന പഠനസംഗമ പ്രചാരണത്തിന് തുടക്കമായി.
ശറഫിയ്യ അനസ് ബിൻ മാലിക് സെന്ററിൽ നടന്ന പരിപാടിയിൽ മാധ്യമപ്രവർത്തകൻ പി.എം. മായിൻകുട്ടി ഉദ്ഘാടനം ചെയ്തു. സമൂഹത്തെ കാർന്നുതിന്നുന്ന ലഹരിയെന്ന മാരകവിപത്ത് പുതുതലമുറയെ തകർക്കുന്നത് നമ്മുടെ സാമൂഹിക സംവിധാനത്തിന്റെ വിവിധ തുറകളിൽ ജീവിക്കുന്നവരെ അങ്ങേയറ്റം ആകുലപ്പെടുത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
നമ്മുടെ കലാലയമുറ്റങ്ങളിൽ ഇവർ സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥ നിർവചനങ്ങൾക്കതീതമാണ്. അതുകൊണ്ടുതന്നെ തികച്ചും കാലികപ്രസക്തമായ ഒരു ദൗത്യനിർവഹണമാണ് വിഷൻ എന്നും മായിൻകുട്ടി കൂട്ടിച്ചേർത്തു. ജിദ്ദ ദഅവ കോഓഡിനേഷൻ കമ്മിറ്റി വൈസ് പ്രസിഡന്റ് അബ്ദുൽ റഷീദ് ചേരൂർ അധ്യക്ഷത വഹിച്ചു. പണ്ഡിതനും വാഗ്മിയുമായ ശിഹാബ് സലഫി എടക്കര മുഖ്യപ്രഭാഷണം നടത്തി.
അനസ് ബിൻ മാലിക് മദ്റസ പ്രിൻസിപ്പൽ മുഹമ്മദ് റഫീഖ് സുല്ലമി സംസാരിച്ചു. ജനറൽ സെക്രട്ടറി ഫൈസൽ വാഴക്കാട് സ്വാഗതം പറഞ്ഞു. ഡിസംബർ 30ന് വെള്ളിയാഴ്ചയാണ് വിഷൻ പഠനക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥി വിദ്യാർഥിനികൾക്കാണ് ക്യാമ്പിൽ പങ്കെടുക്കുവാൻ അവസരം. കൂടുതൽ വിവരങ്ങൾക്ക് 0509299816 / 0508352690 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

