വീണ്ടുമൊരു വിഷു
text_fieldsഹൃദയഹാരിയായ ഒട്ടനവധി വിഷു ഓർമകൾ നീരുറവ പോലെ മനസ്സിലൂടെ ഒഴുകുന്നു. ഓരോ പൂത്തിരി കത്തുമ്പോഴും ഓരോ പൂക്കാലമാണ് തന്നിരുന്നത്. ഇടവഴിയിലൂടെ കയറിവരുമ്പോൾ പൂത്തുനിന്നിരുന്ന ചെമ്പരത്തി പൂവിന് പകലിനേക്കാൾ ഭംഗിയാകുന്നത് പൂക്കുറ്റി കത്തിക്കുമ്പോഴുണ്ടാകുന്ന വെളിച്ചത്തിലായിരുന്നല്ലോ... അവസാന പടക്കവും പൊട്ടിക്കഴിഞ്ഞാൽ പിന്നെ നിലാവിന്റെ വെളിച്ചത്തിൽ മുറ്റത്ത്
കുറച്ചുനേരമൊരു ഇരിപ്പുണ്ട്. വല്ലാത്ത കരിമരുന്നിന്റെ മണത്തിൽ അമ്മ ചുട്ടെടുക്കുന്ന നെയ്യപ്പത്തിന്റെ മണം മുങ്ങിപ്പോകുമായിരുന്നു.
ആ സമയത്തൊക്കെ കണിയൊരുക്കുന്ന തിരക്കിലായിരിക്കും അച്ഛൻ. മുകളിലേക്കു നോക്കിയാൽ പലരും കൊളുത്തിവിടുന്ന വാണ പൂത്തിരി മാനം മണ്ണിലേക്ക് വർണം പെയ്യിക്കുന്നത് പോലെ തോന്നും. അപ്പോഴൊക്കെ നീ എന്റെ ഉള്ളിൽ കൊന്നപ്പൂ പോലെ തിളങ്ങാറുണ്ട്. മാമ്പൂവും മല്ലികയും മഞ്ചാടിയും മഞ്ജീര ധ്വനികൾ പാടി വിഷുവിനെ പുകഴ്ത്തുന്നുണ്ടന്ന് തോന്നാറില്ലേ... പടിഞ്ഞാറു നിന്ന് തുള്ളിച്ചാടി വരുന്ന വികൃതിക്കാറ്റിന് കൊന്ന പൂവ് താലി കെട്ടി സ്വന്തമാക്കി വെക്കുന്നത് പോലെ.
കുറച്ചു ഇതളുകൾ പൊഴിച്ച് മണ്ണിൽ കൈ കൂപ്പി വണങ്ങുന്നത് നമ്മളൊരുപാടു കണ്ടിട്ടുണ്ട്.
പുലർച്ച കണികണ്ട് കൈനീട്ടവും വാങ്ങി പുറത്തിറങ്ങിയാൽ വിത്തും കൈയ്ക്കോട്ടും പാടി കുയിൽ നാദം തുടങ്ങുന്ന സമയം നോക്കി മധുരക്കലത്തപ്പം കഴിച്ചു മദോന്മത്തമായ വിഷു അടുത്ത സംക്രാന്തി വരേ ഉറക്കമായി......
വിഷു ആശംസകളോടെ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.