സൗദിക്കും റഷ്യക്കുമിടയിൽ സഞ്ചരിക്കാൻ വിസ വേണ്ട
text_fieldsസൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവും കൂടിക്കാഴ്ചയിൽ
റിയാദ്: സൗദി അറേബ്യക്കും റഷ്യക്കുമിടയിൽ യാത്രാനടപടികൾ എളുപ്പമാക്കാൻ വിസനിയമത്തിൽ ഇളവുവരുത്താൻ ധാരണയായി. രണ്ടു രാജ്യത്തെയും പൗരന്മാർക്ക് പരസ്പരം വിസയില്ലാതെ സഞ്ചരിക്കാനാവും വിധമാണ് ഇളവ് വരുത്തുന്നത്. ഇതിനുള്ള കരാർ ഉടൻ ഒപ്പുവെക്കുമെന്ന് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഇരുവരും ഒരുമിച്ച് നടത്തിയ വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ഇരുരാജ്യങ്ങൾക്കുമിടയിൽ വിനോദസഞ്ചാരികളുടെ എണ്ണം അനുദിനം വർധിക്കുന്നുണ്ട്. വിസ നടപടിക്രമങ്ങളിൽ ഇളവുവരുത്തുന്നത് പരസ്പരം യാത്രകൾ എളുപ്പമാക്കാനും ടൂറിസം വിനിമയം വർധിപ്പിക്കുന്നതിനും ഇരുജനതകളും തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിനും സഹായിക്കും. ഇതിനായി നേരിട്ടുള്ള വിമാന സർവിസുകൾ ആരംഭിക്കും. വിവിധ മേഖലകളിൽ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഇരുരാജ്യങ്ങളുടെയും താൽപര്യം അമീർ ഫൈസൽ വെളിപ്പെടുത്തി. സാമ്പത്തിക, വികസന, സാംസ്കാരിക സഹകരണത്തിൽ ശ്രദ്ധേയമായ പുരോഗതിയുണ്ടെന്നും മന്ത്രി പറഞ്ഞു.
ആഗോളതലത്തിലെ ദ്രുതഗതിയിലുള്ള സംഭവവികാസങ്ങൾ ഇരു രാജ്യങ്ങളും ശ്രദ്ധിക്കുന്നുണ്ട്. സംഘർഷങ്ങളും പ്രശ്നങ്ങളും പരിഹരിക്കുന്നതിന് കൂടിയാലോചനകൾ തുടരേണ്ടതിന്റെയും ക്രിയാത്മകമായ സംഭാഷണങ്ങൾ ശക്തമാക്കേണ്ടതിന്റെയും പ്രാധാന്യവും മന്ത്രി ഊന്നിപ്പറഞ്ഞു. ഒപെക് പ്ലസ് ചട്ടക്കൂടിനുള്ളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സൃഷ്ടിപരമായ സമവായത്തിന്റെ നിലവാരത്തെ മന്ത്രി പ്രശംസിച്ചു. ഊർജ മേഖലയിലെ ആഗോള വെല്ലുവിളികളെ സംയുക്ത സഹകരണത്തിലൂടെ നേരിടുന്നതിന് ഊന്നൽ നൽകിയതായും അദ്ദേഹം പറഞ്ഞു.
ഫലസ്തീൻ സ്വതന്ത്രമാവണം
കൂടിക്കാഴ്ചയിൽ ഇരുവിഭാഗവും പരസ്പരം താൽപര്യമുള്ള നിരവധി പ്രാദേശിക, അന്തർദേശീയ വിഷയങ്ങൾ ചർച്ച ചെയ്തു. സമാധാനപരമായ മാർഗങ്ങളിലൂടെ രാഷ്ട്രീയ പ്രശ്നങ്ങൾ പരിഹരിക്കേണ്ടതുെണ്ടന്നും പ്രാദേശിക, അന്തർദേശീയ സുരക്ഷയും സ്ഥിരതയും വർധിപ്പിക്കുന്നതിന് സംഭാഷണങ്ങളും നയതന്ത്ര പരിഹാരങ്ങളുമാണ് വേണ്ടതെന്നും അമീർ ഫൈസൽ പറഞ്ഞു.
റഷ്യയുമായുള്ള കരാറിനെ രാജ്യം വിലമതിക്കുന്നു. അറബ് സമാധാന സംരംഭത്തിനും അന്താരാഷ്ട്ര പ്രമേയങ്ങൾക്കും അനുസൃതമായി കിഴക്കൻ ജറൂസലേമിനെ തലസ്ഥാനമാക്കി 1967ലെ അതിർത്തികളിൽ സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നത് ഉറപ്പാക്കുന്ന ശാശ്വതവും നീതിയുക്തവുമായ ഒരു പരിഹാരം കണ്ടെത്തുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾ ഇനിയും ശക്തമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും റഷ്യൻ മന്ത്രിയോട് പറഞ്ഞതായി അമീർ ഫൈസൽ വെളിപ്പെടുത്തി. ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കുന്നതിനുള്ള തന്ത്രപരമായ മാർഗം സമാധാനമാണ്.
ഇറാൻ ആണവോർജ ഏജൻസിയുമായി സഹകരിക്കണം
ഇറാന്റെ ആണവ പദ്ധതി സംബന്ധിച്ച ചർച്ചകളിലേക്ക് വേഗത്തിൽ മടങ്ങിവരേണ്ടതുണ്ടെന്നും സൗദി മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര ആണവോർജ ഏജൻസിയുമായി ഇറാൻ പൂർണമായ നിലയിൽ സഹകരിക്കേണ്ടതുണ്ട്.
റഷ്യയും സൗദിയിലും തമ്മിലുള്ള സഹകരണവും ഏകോപനവും വർധിപ്പിക്കാനുള്ള രാജ്യത്തിന്റെ താൽപര്യവും സൗദി മന്ത്രി റഷ്യൻ മന്ത്രിയെ ധരിപ്പിച്ചു. അതേസമയം റഷ്യക്കും സൗദിക്കും ഇടയിലുള്ള ടൂറിസത്തിലെ ഗണ്യമായ വളർച്ചയെ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് പ്രശംസിച്ചു. 2023നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം രാജ്യത്തുനിന്ന് റഷ്യയിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്കിൽ ആറ് മടങ്ങ് വർധനവുണ്ടായിട്ടുണ്ട്.
കഴിഞ്ഞ വർഷം 36,000 റഷ്യക്കാർ സൗദി അറേബ്യ സന്ദർശിച്ചു. അടുത്ത ഒക്ടോബറിൽ ഇരു രാജ്യങ്ങൾക്കുമിടയിൽ നേരിട്ടുള്ള വിമാന സർവിസുകൾ ആരംഭിക്കുന്നത് ബിസിനസ് മേഖലകളും ടൂറിസം മേഖലയും തമ്മിലുള്ള ആശയവിനിമയം ശക്തിപ്പെടുത്തുന്നതിന് ഗണ്യമായി സഹായിക്കും.
ഇരുരാജ്യങ്ങളിലെയും പൗരന്മാർക്കുള്ള വിസരഹിത കരാർ അന്തിമ ഘട്ടത്തിലാണെന്നും ഇത് ടൂറിസം വിനിമയങ്ങളെ കൂടുതൽ ഉത്തേജിപ്പിക്കുമെന്നും ലാവ്റോവ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

