ഹൃദയം പൂത്തുലയും സ്നേഹക്കാഴ്ച; സൈനിക പഠനം പൂർത്തിയാക്കിയ മകളെ ചേർത്തുപിടിച്ച് പിതാവ്, വീഡിയോ വൈറൽ
text_fieldsറിയാദ്: സൈനിക പഠനം പൂർത്തിയാക്കിയവരുടെ ബിരുദദാന ചടങ്ങിനിടെ ഒരു പിതാവിെൻറയും മകളുടെയും ഹൃദയസ്പർശിയായ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ലക്ഷക്കണക്കിന് ആളുകളുടെ മനസ്സു കീഴടക്കുന്നു. രാജ്യത്തെ സേവിക്കാൻ ഒരുങ്ങുന്ന മകളെ സൗദിയുടെ പരമ്പരാഗത വസ്ത്രമായ ‘ബിഷ്ത്’ അണിയിച്ചും, സന്തോഷം അടക്കാനാവാതെ നൃത്തം ചെയ്തും, നെഞ്ചോട് ചേർത്തണച്ചുമാണ് ഈ പിതാവ് തെൻറ ആഹ്ലാദം പ്രകടിപ്പിച്ചത്. കുടുംബസ്നേഹത്തിെൻറയും പരമ്പരാഗത ആഘോഷങ്ങളുടെയും നേർക്കാഴ്ചയായി ഈ അപൂർവ നിമിഷം മാറി.
സൈനിക പഠനവും പരിശീലനവും പൂർത്തിയാക്കിയവർക്കായി റിയാദിൽ നടന്ന ബിരുദദാന ചടങ്ങിൽ വെള്ള തോബും, ചുവപ്പും വെള്ളയും കലർന്ന ഗത്രയും, കടും തവിട്ടുനിറത്തിലുള്ള ബിഷ്തും ധരിച്ച് പ്രൗഢിയോടെയാണ് ആ പിതാവ് എത്തയത്. കൈകളിൽ സ്വർണ വരകളുള്ള കടും നിറത്തിലെ മിലിട്ടറി യൂനിഫോം ധരിച്ച് അതീവ ഗാംഭീര്യത്തോടെ മകൾ വേദിയിലേക്ക് എത്തിയപ്പോൾ ഏറെ ആകാംക്ഷയോടെയാണ് അദ്ദേഹം മകളെ സ്വീകരിച്ചത്. വർഷങ്ങളുടെ കഠിനാധ്വാനത്തിെൻറയും പരസ്പര പിന്തുണയുടെയും കാത്തിരിപ്പിെൻറയും സാഫല്യമെന്നോണം ഇരുവരും പരസ്പരം കെട്ടിപ്പുണർന്ന നിമിഷം കണ്ടുനിന്നവർക്ക് വാക്കുകൾക്ക് അതീതമായിരുന്നു.
തുടർന്ന് ഏറെ പ്രതീകാത്മകമായ ഒരു നീക്കത്തിലൂടെ, പിതാവ് തെൻറ തോളിലുണ്ടായിരുന്ന തവിട്ടുനിറത്തിലുള്ള ബിഷ്ത് അതീവ വാത്സല്യത്തോടെ മകളുടെ തോളിൽ അണിയിച്ചു. മകളുടെ ഉന്നത വിജയത്തിലും, രാജ്യത്തെ സേവിക്കാൻ പോകുന്ന അവളുടെ പുതിയ ഔദ്യോഗിക പദവിയിലുമുള്ള അങ്ങേയറ്റത്തെ ആദരവും അഭിമാനവുമാണ് അദ്ദേഹം ഈ പ്രവൃത്തിയിലൂടെ പ്രകടമാക്കിയത്.
മകളുടെ നേട്ടത്തിൽ മനംനിറഞ്ഞ പിതാവ് പിന്നീട് സന്തോഷം അടക്കാനാവാതെ വേദിയിൽ വെച്ച് തന്നെ പെട്ടെന്ന് ആഹ്ലാദ നൃത്തം ചവിട്ടാൻ തുടങ്ങി. കൈയ്യിലുണ്ടായിരുന്ന വടി വായുവിൽ വീശി, മുഖത്ത് വിരിഞ്ഞ വലിയ ചിരിയോടെയുള്ള അദ്ദേഹത്തിെൻറ ചുവടുകൾ അന്തരീക്ഷത്തെ കൂടുതൽ ഊർജ്ജസ്വലമാക്കി മാറ്റി.
ആഘോഷങ്ങൾക്കൊടുവിൽ പരസ്പര ബഹുമാനത്തോടെയും അതിരറ്റ സ്നേഹത്തോടെയും ഇരുവരും വീണ്ടും കെട്ടിപ്പുണർന്നത് കണ്ടുനിന്നവർക്കും വൈകാരികമായ ഒരു അനുഭവമായി. ചില വിജയങ്ങൾ കേവലം വ്യക്തിപരമല്ലെന്നും, അത് ഒരു കുടുംബത്തിെൻറ മുഴുവൻ കഠിനാധ്വാനത്തിെൻറയും ത്യാഗത്തിെൻറയും ഫലമാണെന്നും ഓർമിപ്പിക്കുന്നതായിരുന്നു സ്നേഹവും പാരമ്പര്യവും നിറഞ്ഞ ഈ അപൂർവ ദൃശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

