Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവിദേശത്തേക്ക് യാത്ര...

വിദേശത്തേക്ക് യാത്ര ചെയ്യുന്നവർക്ക് ജാഗ്രതാ നിർദ്ദേശവുമായി 'വിഖായ'

text_fields
bookmark_border
വിദേശത്തേക്ക് യാത്ര ചെയ്യുന്നവർക്ക് ജാഗ്രതാ നിർദ്ദേശവുമായി വിഖായ
cancel

റിയാദ്: വേനൽക്കാല യാത്രാത്തിരക്ക് പരിഗണിച്ച് വിദേശങ്ങളിലേക്ക് പോകുന്നവർക്ക് കർശന ആരോഗ്യ-സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളുമായി സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി (വിഖായ). വിവിധ രാജ്യങ്ങളിൽ പകർച്ചവ്യാധികൾ പടരാനുള്ള സാധ്യത കണക്കിലെടുത്ത്, യാത്രക്കാർ പ്രതിരോധ മുൻകരുതലുകൾ പാലിക്കുന്നതിൽ യാതൊരുവിധ വീഴ്ചയും വരുത്തരുതെന്ന് അതോറിറ്റി അഭ്യർത്ഥിച്ചു.

അന്താരാഷ്ട്ര ആരോഗ്യ സംഘടനകളുമായി സഹകരിച്ച് ആഗോള പകർച്ചവ്യാധി സാഹചര്യങ്ങൾ 'വിഖായ' നിരന്തരമായി നിരീക്ഷിച്ചുവരികയാണ്. വിവിധ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഹന്താവൈറസ്, എബോള വൈറസ് രോഗം, മഞ്ഞപ്പനി, സീസണൽ ഇൻഫ്ലുവൻസ തുടങ്ങിയ പകർച്ചവ്യാധികളുടെ വ്യാപനവും പുതിയ മാറ്റങ്ങളും അതോറിറ്റി വിലയിരുത്തുന്നുണ്ട്. ഇത്തരം കൃത്യമായ ആരോഗ്യ അവലോകനങ്ങൾ പൊതുജനാരോഗ്യ സംവിധാനത്തിന്റെ സജ്ജീകരണങ്ങൾ ശക്തിപ്പെടുത്തുന്നതിനും യാത്രക്കാരിൽ അവബോധം വളർത്തുന്നതിനും സഹായിക്കുമെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി.

യാത്രക്ക് മുൻപ് ശ്രദ്ധിക്കണം

സൗദി അറേബ്യയിൽ നിന്ന് പുറപ്പെടുന്നതിന് മുൻപ് യാത്രക്കാർ തങ്ങൾ സന്ദർശിക്കുന്ന രാജ്യങ്ങളിലെ നിലവിലെ ആരോഗ്യ സാഹചര്യങ്ങളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കണം. അതത് രാജ്യങ്ങളിലെ ആരോഗ്യ നിർദ്ദേശങ്ങളും യാത്രാ നിബന്ധനകളും മുൻകൂട്ടി പരിശോധിക്കേണ്ടത് അനിവാര്യമാണ്. ചില രോഗബാധിത പ്രദേശങ്ങളിലേക്ക് പോകുമ്പോഴോ, വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുമ്പോഴോ എടുക്കേണ്ട 'മഞ്ഞപ്പനി' വാക്സിൻ ഉൾപ്പെടെയുള്ള പ്രതിരോധ കുത്തിവയ്പ്പുകൾ കൃത്യസമയത്ത് എടുത്തിട്ടുണ്ടെന്ന് യാത്രക്കാർ ഉറപ്പാക്കണം. കൂടാതെ, യാത്രയിലായിരിക്കുമ്പോൾ അനുയോജ്യമായ ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷ ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടതും പ്രധാനമാണ്.

പകർച്ചവ്യാധികൾ

പകർച്ചവ്യാധികൾ പടരുന്ന രീതികളും അവയുടെ തീവ്രതയും പരസ്പരം വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് അതോറിറ്റി വിശദീകരിച്ചു. രോഗബാധിതരായ എലി ഉൾപ്പെടെയുള്ള ജീവികളുടെ സ്രവങ്ങളുമായോ അവ മൂലമുണ്ടാകുന്ന മലിനമായ സാഹചര്യങ്ങളുമായോ സമ്പർക്കത്തിൽ വരുമ്പോഴാണ് ഹന്താവൈറസ് പടരുന്നത്.

രോഗബാധിതരായ മനുഷ്യരുടെയോ മൃഗങ്ങളുടെയോ, അല്ലെങ്കിൽ മരണപ്പെട്ടവരുടെയോ രക്തം, ശരീരദ്രവങ്ങൾ എന്നിവയുമായി നേരിട്ട് സമ്പർക്കമുണ്ടാകുന്നതിലൂടെയാണ് എബോള വൈറസ് മൂലമുള്ള രോഗവ്യാപനം ഉണ്ടാകുന്നത്. രോഗബാധിത പ്രദേശങ്ങളിലെ കൊതുകുകടിയിലൂടെയാണ് മഞ്ഞപ്പനി മനുഷ്യരിലേക്ക് പടരുന്നത്. രോഗബാധിതരുടെ തുമ്മൽ, ചുമ എന്നിവയിലൂടെ പുറത്തുവരുന്ന ശ്വാസകോശ കണങ്ങളിലൂടെയും നേരിട്ടുള്ള സമ്പർക്കത്തിലൂടെയുമാണ് ഇൻഫ്ലുവൻസ പനി പകരുന്നത്.

പ്രതിരോധ നടപടികളും നിർദ്ദേശങ്ങളും

രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന വ്യക്തികളുമായുള്ള സമ്പർക്കവും വന്യമൃഗങ്ങൾ, എലി പോലുള്ള ജീവികൾ എന്നിവയുമായോ അവയുടെ വാസസ്ഥലങ്ങളുമായോ സമ്പർക്കത്തിൽ വരുന്നത് പൂർണമായും ഒഴിവാക്കണം. അടിയന്തിര സാഹചര്യങ്ങളിലൊഴികെ പകർച്ചവ്യാധികൾ പടരുന്നതോ രോഗബാധ കൂടുതലായുള്ളതോ ആയ പ്രദേശങ്ങൾ സന്ദർശിക്കരുത്. യാത്ര ചെയ്യുന്ന രാജ്യങ്ങളിലെ ആരോഗ്യ മന്ത്രാലയങ്ങൾ പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.

വ്യക്തിശുചിത്വം പാലിക്കുക, കൃത്യമായ ഇടവേളകളിൽ കൈകൾ കഴുകുക, സുരക്ഷിതമായ ഭക്ഷണവും വെള്ളവും മാത്രം കഴിക്കുക എന്നിവ ശീലമാക്കണം. കൊതുകുകടിയിൽ നിന്ന് രക്ഷനേടാൻ പ്രാണികളെ അകറ്റുന്ന ലോഷനുകളും ശരീരഭാഗങ്ങൾ പൂർണ്ണമായി മൂടുന്ന അനുയോജ്യമായ വസ്ത്രങ്ങളും ഉപയോഗിക്കണം.

യാത്രയ്ക്കിടയിലോ സൗദിയിൽ തിരിച്ചെത്തിയ ശേഷമോ എന്തെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യകേന്ദ്രം സന്ദർശിച്ച് ചികിത്സ തേടേണ്ടതാണ്. പ്രത്യേകിച്ച് പകർച്ചവ്യാധികളുള്ള പ്രദേശങ്ങൾ സന്ദർശിക്കുകയോ, രോഗികളുമായോ മൃഗങ്ങളുമായോ ഉയർന്ന അപകടസാധ്യതയുള്ള സാഹചര്യങ്ങളുമായോ നേരിട്ട് സമ്പർക്കം പുലർത്തുകയോ ചെയ്തിട്ടുണ്ടെങ്കിൽ, ആ യാത്രാ വിവരങ്ങളും സമ്പർക്ക പശ്ചാത്തലവും ഡോക്ടറെ കൃത്യമായി അറിയിക്കണം. ഇത് വേഗത്തിൽ രോഗനിർണ്ണയം നടത്തുന്നതിനും ആവശ്യമായ തുടർ ആരോഗ്യ നടപടികൾ സ്വീകരിക്കുന്നതിനും സഹായകരമാകുമെന്ന് പബ്ലിക് ഹെൽത്ത് അതോറിറ്റി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GuidelinesTravel Abroadhealth authoritySaudi Arabia
News Summary - Viqaya issues cautionary guidelines for those traveling abroad
Next Story