നിയമലംഘനവും സേവനത്തിലെ വീഴ്ചയും; 21 ഉംറ കമ്പനികൾക്കെതിരെ കർശന നടപടി
text_fieldsറിയാദ്: തീർഥാടർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിൽ പരാജയപ്പെടുകയും നിയമങ്ങൾ ലംഘിക്കുകയും ചെയ്ത 21 ഉംറ സർവിസ് കമ്പനികളുടെ പ്രവർത്തനം സൗദി ഹജ്ജ്-ഉംറ മന്ത്രാലയം താൽക്കാലികമായി നിർത്തിവെപ്പിച്ചു. കഴിഞ്ഞ ഉംറ സീസണിലെ പ്രവർത്തനങ്ങൾ വിലയിരുത്തിയതിെൻറ അടിസ്ഥാനത്തിലാണ് ഈ അടിയന്തര നടപടി. പുതിയ ഉംറ സീസൺ ആരംഭിക്കാനിരിക്കെ, തീർഥാടകർക്ക് ഉയർന്ന നിലവാരത്തിലുള്ള സേവനങ്ങൾ തടസ്സമില്ലാതെ ഉറപ്പുവരുത്തുകയാണ് മന്ത്രാലയം ഇതിലൂടെ ലക്ഷ്യമിടുന്നത്.
അംഗീകൃത പ്രകടന സൂചികകൾ പ്രകാരം മികച്ച പ്രവർത്തനം കാഴ്ചവെക്കാൻ കഴിയാതിരുന്ന 15 കമ്പനികൾക്കെതിരെയും, തീർഥാടകരുടെ സേവനങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളും നിർദേശങ്ങളും ലംഘിച്ച മറ്റ് ആറ് കമ്പനികൾക്കെതിരെയുമാണ് മന്ത്രാലയം നിയമപരമായ നടപടികൾ സ്വീകരിച്ചിട്ടുള്ളത്.
സേവനങ്ങളുടെ ഗുണനിലവാരം, കമ്പനികൾ വ്യവസ്ഥകൾ എത്രത്തോളം പാലിക്കുന്നു എന്നിവ കൃത്യമായി നിരീക്ഷിക്കുന്നതിനായി വിഭാവനം ചെയ്ത ഓപറേഷനൽ, സൂപ്പർവൈസറി സൂചികകളെ അടിസ്ഥാനമാക്കിയാണ് മന്ത്രാലയത്തിെൻറ മൂല്യനിർണയ സംവിധാനം പ്രവർത്തിക്കുന്നത്. ഇത് സേവനദാതാക്കൾക്കിടയിൽ ആരോഗ്യകരമായ മത്സരം വളർത്തുന്നതിനും പ്രവർത്തന മികവ് വർധിപ്പിക്കുന്നതിനും സഹായിക്കുമെന്ന് അധികൃതർ വിലയിരുത്തുന്നു.
മക്കയിലെത്തുന്ന ഉംറ തീർഥാടകർക്കും മദീനയിലെ മസ്ജിദുന്നബവി സന്ദർശകർക്കും സുരക്ഷിതവും സവിശേഷവുമായ അനുഭവം ഉറപ്പാക്കുക വഴി സൗദി വിഷൻ 2030െൻറ ലക്ഷ്യങ്ങൾ കൈവരിക്കാൻ ഈ നടപടികൾ അനിവാര്യമാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. തീർഥാടകർക്ക് ലഭിക്കേണ്ട സേവനങ്ങളുടെ ഗുണനിലവാരത്തിലോ അവരുടെ അവകാശങ്ങളിലോ ഉണ്ടാകുന്ന ഒരുവിധ വീഴ്ചയും വെച്ചുപൊറുപ്പിക്കില്ല. നിലവിലുള്ള നിയമങ്ങളും നിർദേശങ്ങളും തികഞ്ഞ ഗൗരവത്തോടെയും കർശനമായും തുടർന്നും നടപ്പാക്കും. ഉംറ മേഖലയുടെ സമഗ്രമായ പുരോഗതിക്കും സേവന നിലവാരം നിരന്തരം മെച്ചപ്പെടുത്തുന്നതിനും സർവീസ് കമ്പനികളെ കൃത്യമായ ഇടവേളകളിൽ വിലയിരുത്തുന്നത് മന്ത്രാലയത്തിെൻറ ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തനങ്ങളിലൊന്നാണെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

