പാരിസ്ഥിതിക നിയമ ലംഘനം: 22 പേരെ അറസ്റ്റ് ചെയ്തു
text_fieldsrepresentational image
യാംബു: പാരിസ്ഥിതിക സംരക്ഷണ നിയമങ്ങൾ ലംഘിക്കുന്നതിനെതിരെ ശക്തമായ നടപടികളുമായി അധികൃതർ. കാലികളെ മേയ്ക്കാൻ അനുവാദമില്ലാത്ത സ്ഥലങ്ങളിൽ നിയമലംഘനം നടത്തിയതിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടപടിയെടുക്കുന്നത് തുടരുകയാണ്. പരിസ്ഥിതി സംരക്ഷണത്തിനുള്ള പ്രത്യേക സേന നടത്തിയ പരിശോധനയിൽ രാജ്യത്തെ വിവിധ പ്രദേശങ്ങളിൽനിന്ന് 22 പേർ അറസ്റ്റിലായി.
15 സ്വദേശികളും ഏഴ് വിദേശ പൗരന്മാരുമാണ് പിടിയിലായത്. വളർത്തുമൃഗങ്ങളെ അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ മേയാൻ വിട്ടവരാണ് പ്രതികൾ. ഈ പ്രദേശങ്ങളിൽനിന്ന് 424 ഒട്ടകങ്ങളെയും 210 ആടുകളെയും പിടികൂടിയിട്ടുണ്ട്.നിരോധിത മേച്ചിൽസ്ഥലങ്ങളിൽ കാലികളെ കണ്ടാൽ പിടികൂടുന്നതിലും ഉടമകൾക്കെതിരെ നടപടി സ്വീകരിക്കുന്നതിലും ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് പരിസ്ഥിതി സുരക്ഷ പ്രത്യേക സേനാ വക്താവ് കേണൽ അബ്ദുറഹ്മാൻ അൽ-ഉതൈബി പറഞ്ഞു.
മേച്ചിൽ സ്ഥലങ്ങളിലല്ലാതെ കാലികളെ മേയ്ക്കുന്നയാൾക്ക് ആദ്യതവണ 500 റിയാൽ വരെയും ഓരോ കാലിക്കും 200 റിയാലും പിഴ ചുമത്തും. പൊതുജനങ്ങളെ ഈ വിഷയത്തിൽ ബോധവത്കരണം നടത്താനുള്ള കാമ്പയിൻ നേരത്തെ നടന്നിരുന്നു. പാരിസ്ഥിതിക നിയമലംഘനം നടത്തുന്നവരെ കുറിച്ചോ വന്യജീവികൾക്ക് നേരെയുള്ള ആക്രമണം നടത്തുന്നതോ ശ്രദ്ധയിൽപെടുന്നവർ മക്ക, റിയാദ് മേഖലകളിൽ 911 എന്ന നമ്പറിലും മറ്റു പ്രദേശങ്ങളിലുള്ളവർ 996, 999 എന്നീ നമ്പറുകളിലും വിളിച്ച് അറിയിക്കണമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

