സൻഅ വിമാനത്താവള റൺവേ തകർത്തത് പ്രതിരോധ നടപടി; വ്യോമാതിർത്തി ലംഘിക്കാൻ അനുവദിക്കില്ലെന്ന് യമൻ പ്രസിഡൻറ് അൽ അലിമി
text_fieldsറിയാദ്/സൻഅ: യമെൻറ വ്യോമാതിർത്തി ലംഘിച്ചുകൊണ്ട് ഭാവിയിൽ ഒരു വിമാനവും രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് യമൻ പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിൽ ചെയർമാനും സായുധ സേനയുടെ സുപ്രീം കമാൻഡറുമായ ഡോ. റഷാദ് അൽ അലിമി വ്യക്തമാക്കി. നിയമവിരുദ്ധമായി വിമാനം ഇറക്കിയ ഹൂതി ഭീകരരുടെ നടപടി യമെൻറ പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനമാണ്.
രാജ്യത്തിെൻറ സുരക്ഷ അപകടപ്പെടുത്തുന്നതും സമാധാന ശ്രമങ്ങളെ തകർക്കുന്നതുമായ ഇത്തരം നീക്കങ്ങളിലൂടെ യാഥാർത്ഥ്യങ്ങളെ അട്ടിമറിക്കാനാണ് ഹൂതികൾ ശ്രമിക്കുന്നതെന്നും അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു. ദേശീയ പരമാധികാരം സംരക്ഷിക്കുന്നതിനും വ്യോമാതിർത്തിയിലെ കടന്നുകയറ്റങ്ങൾ തടയുന്നതിനുമായി സായുധ സേന അതീവ ജാഗ്രതയിലാണെന്ന് പ്രസിഡൻറ് വിശദീകരിച്ചു.
ഇതിെൻറ ഭാഗമായാണ് സൻഅ വിമാനത്താവളത്തിലെ റൺവേ ലക്ഷ്യമിട്ട് കൃത്യമായ പ്രതിരോധ നടപടികൾ സ്വീകരിച്ചത്. ഭരണഘടനക്കും നിയമത്തിനും വിരുദ്ധമായ ഒരു സാഹചര്യവും രാജ്യത്ത് അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൈനികവും രാഷ്ട്രീയവുമായ കൃത്യമായ വിലയിരുത്തലുകൾക്ക് ശേഷമാണ് ഈ തീരുമാനമെടുത്തത്. എന്നാൽ, ഈ സാഹചര്യത്തിലും സാധാരണക്കാരുടെ സുരക്ഷക്കാണ് സർക്കാർ മുൻഗണന നൽകിയത്. ഇതോടൊപ്പം, ഇറാെൻറ അജണ്ടകളെ സഹായിക്കുന്ന തരത്തിൽ രാജ്യം കൂടുതൽ സംഘർഷങ്ങളിലേക്ക് വഴിമാറുന്നത് തടയാനും ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
യമനിലെ ദേശീയ വിമാന സർവിസ് വഴി യാത്രാ സൗകര്യമൊരുക്കാൻ സർക്കാർ പ്രായോഗികമായ നിരവധി നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചിരുന്നെങ്കിലും ഹൂതികൾ ഇത് നിരസിക്കുകയായിരുന്നു. പകരം യമെൻറ സുരക്ഷയെയും സ്ഥിരതയെയും ബാധിക്കുന്ന നീക്കങ്ങളുമായി അവർ മുന്നോട്ട് പോകുകയാണ് ചെയ്തത്.
നിലവിലെ സംഘർഷങ്ങൾക്കും അതിെൻറ അനന്തരഫലങ്ങൾക്കും പൂർണ്ണ ഉത്തരവാദികൾ ഹൂതി മിലിഷ്യകളും ഇറാൻ ഭരണകൂടവുമാണ്. രാജ്യത്തിെൻറ പരമാധികാരവും എല്ലാ പ്രവേശന കവാടങ്ങളും സംരക്ഷിക്കുന്നതിനായി സുരക്ഷാ സായുധ സേനകൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും ആവശ്യമായ നിയമപരമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
നിലവിലെ സംഭവവികാസങ്ങൾ വിലയിരുത്തുന്നതിനും സർക്കാർ സംവിധാനങ്ങളുടെ സന്നദ്ധത കൂടുതൽ ശക്തമാക്കുന്നതിനുമായി പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിലിെൻറ അടിയന്തര യോഗം പ്രസിഡൻറ് അൽ അലിമി വിളിച്ചുചേർത്തിട്ടുണ്ട്. വെറും അപലപിക്കലുകൾക്കപ്പുറം അന്താരാഷ്ട്ര സുരക്ഷാ കൗൺസിലും രാജ്യാന്തര സമൂഹവും ശക്തമായ പ്രതിരോധ നടപടികളിലേക്ക് കടക്കണമെന്നും രാജ്യാന്തര നിയമങ്ങൾ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യമനിലെ ജനങ്ങളുടെ ബോധപൂർവ്വമായ പിന്തുണയിലും സായുധ സേനയുടെ വീര്യത്തിലും പൂർണ്ണ വിശ്വാസമുണ്ടെന്നും, രാജ്യത്തിെൻറ പരമാധികാരം സംരക്ഷിച്ചുകൊണ്ട് ശാശ്വതവും നീതിപൂർവ്വവുമായ സമാധാനം കൈവരിക്കാൻ യമൻ ഭരണകൂടത്തിന് സാധിക്കുമെന്നും പ്രസ്താവനയിലൂടെ അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

