നജ്‌റാനിൽ ആവേശമായി വിജയ് ദം ദം ബിരിയാണി റോഡ് ഷോ; രാജ് കലേഷിന് ഉജ്ജ്വല സ്വീകരണം
text_fields‘വിജയ് ദം ദം ബിരിയാണി’ റോഡ് ഷോക്ക് തുടക്കംകുറിച്ച് നജ്റാൻ സിറ്റി ഫ്ലവർ ഹൈപ്പർ മാർക്കറ്റിൽ നടന്ന പരിപാടി
നജ്‌റാൻ: പ്രശസ്ത അവതാരകനും ചലച്ചിത്ര നടനും ഫുഡ് വ്ലോഗറും മജീഷ്യനുമായ രാജ് കലേഷ് (കല്ലു) നയിച്ച ‘വിജയ് ദം ദം ബിരിയാണി’ റോഡ് ഷോ നജ്‌റാനിലെ പ്രവാസി സമൂഹത്തിന് ആവേശമായി. നജ്റാൻ അൽ അസം മാളിലെ സിറ്റി ഫ്ലവർ ഹൈപ്പർ മാർക്കറ്റിൽ നടന്ന പരിപാടിയിൽ നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്. വിമാനത്താവളത്തിൽ എത്തിയത് മുതൽ രാജ് കലേഷിന് വൻ സ്വീകരണമാണ് ലഭിച്ചത്. വിവിധ സംഘടന പ്രതിനിധികളും ബിരിയാണി പ്രേമികളും ചേർന്നൊരുക്കിയ വരവേൽപ് നജ്‌റാനിലെ പ്രവാസികളുടെ ആഘോഷമായി മാറി.
വെള്ളിയാഴ്ച വൈകീട്ട് ആറിന് ആരംഭിച്ച റോഡ് ഷോ പരിപാടിയുടെ പ്രധാന ആകർഷണം രജിസ്റ്റർ ചെയ്തവർ ‘ലാറ്ററൽ എൻട്രി’ വഴി കൊണ്ടുവന്ന ബിരിയാണി വിഭവങ്ങളുടെ മത്സരമായിരുന്നു. ആവേശകരമായ പോരാട്ടത്തിൽ മൊത്തം 16 പേർ തങ്ങളുടെ പാചക നൈപുണ്യം മാറ്റുരച്ചു. മത്സരത്തിൽ ഡോ. മിർസ സിജീൽ, ഇർഷാന, ആരിഫി ഖാദിരി എന്നിവർ വിജയികളായി. ഇവർ ലാറ്ററൽ എൻട്രി വഴി സെമിഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മലയാളികളെ കൂടാതെ തമിഴ്, പാകിസ്താനി, ബംഗ്ലാദേശ് സ്വശേികളും സൗദി പൗരന്മാരുൾപ്പടെയുള്ള അറബികളും മത്സരത്തിലും റോഡ് ഷോയിലും സജീവമായി പങ്കെടുത്തു.
പാചകമത്സരത്തിൽ പങ്കെടുത്തവർ അവതാരകൻ രാജ് കലേഷിനോടൊപ്പം
നജ്‌റാനിലെ പ്രവാസി ഗായകസംഘം അവതരിപ്പിച്ച ഗാനമേള പരിപാടിക്ക് മാറ്റുകൂട്ടി. രാജ് കലേഷ് നയിച്ച വിവിധ വിനോദ പരിപാടികളിലും ഗെയിമുകളിലും പങ്കെടുത്തവർക്ക് സ്പോൺസേഴ്സ് നൽകിയ ആകർഷകമായ സമ്മാനങ്ങളും വിതരണം ചെയ്തു. സിറ്റി ഫ്ലവർ ഹൈപ്പർ മാർക്കറ്റ് മാനേജർ ഷിന്റോ മോഹൻ, മാൾ സൂപ്പർവൈസർ സനദ് ഹുസൈൻ അൽ ഖത്ലാൻ, ശരീഫ്, മാർക്കറ്റിങ് മാനേജർ അബിനാൻ അൽ അബ്ബാസ് എന്നിവരും ഗൾഫ് മാധ്യമം പ്രതിനിധികളും പരിപാടികൾക്ക് പിന്തുണയുമായി സജീവമായി രംഗത്തുണ്ടായിരുന്നു.
ഇന്ന് റോഡ് ഷോ അബഹയിൽ
നജ്റാൻ വിജയഗാഥക്ക് ശേഷം രാജ് കലേഷ് നയിക്കുന്ന ‘വിജയ് ദം ദം ബിരിയാണി’ റോഡ് ഷോ ഇന്ന് (ശനിയാഴ്ച) ഇന്ന് വൈകീട്ട് 5.30 മുതൽ അബഹയിലെ സിറ്റി ഫ്ലവർ ഡിപ്പാർട്ട്മെൻറ് സ്റ്റോറിൽ അരങ്ങേറും. ശേഷം റിയാദ്, ദമ്മാം, ജിദ്ദ, യാംബു, ജുബൈൽ, അൽ അഹ്സ, ബുറൈദ തുടങ്ങിയ രാജ്യത്തെ 10-ഓളം നഗരങ്ങളിലെ പ്രമുഖ ഹൈപ്പർമാർക്കറ്റുകളിലും മാളുകളിലും പര്യടനം നടത്തും.
നേരിട്ട് സെമി ഫൈനലിലേക്ക്
റോഡ് ഷോ എത്തുന്ന വേദികളിൽ വെച്ച് നടക്കുന്ന ‘ലാറ്ററൽ എൻട്രി’ മത്സരങ്ങളാണ് റോഡ് ഷോയുടെ പ്രധാന ആകർഷണം. ഈ മത്സരത്തിൽ വിജയിക്കുന്നവർക്ക് മറ്റ് കടമ്പകളില്ലാതെ സെമി ഫൈനലിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും. കൂടാതെ റോഡ് ഷോ വേദികളിൽ എത്തുന്നവർക്കായി ഫാമിലി ഗെയിംസ്, ക്വിസ് മത്സരങ്ങൾ, സ്പോട്ട് രജിസ്ട്രേഷൻ സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്.
പരിപാടി വീക്ഷിക്കാനെത്തിയവർ
‘സൗദി ദം സ്റ്റാർ’, ‘സൗദി ബിരിയാണി രാജ’ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് മത്സരം. 40,000 റിയാൽ കാഷ് പ്രൈസാണ് വിജയികളെ കാത്തിരിക്കുന്നത്. ആകെ 50,000 റിയാലിന്റെ സമ്മാനങ്ങൾ മത്സരത്തിലുണ്ടാകും. ഏപ്രിലിൽ റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലായാണ് സെമി ഫൈനൽ നടക്കുക. മേയിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ പ്രശസ്ത ഷെഫ് സുരേഷ് പിള്ള, മലബാറിന്റെ രുചിക്കൂട്ടുമായി അബിദ റഷീദ്, രാജ് കലേഷ് തുടങ്ങിയവർ വിധികർത്താക്കളായി എത്തും.
സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് മത്സരാർഥികളാണ് ഇതിനകം രജിസ്റ്റർ ചെയ്തത്. മത്സരത്തിൽ പങ്കെടുക്കാനുള്ള രജിസ്ട്രേഷൻ ജനുവരി 30ന് അവസാനിക്കും. രജിസ്റ്റർ ചെയ്യുന്നതിനായി www.madhyamam.com/dumdumbiriyani എന്ന ലിങ്ക് സന്ദർശിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

