ജിദ്ദയെ രുചിസാഗരത്തിലാക്കി 'വിജയ് ദം ദം ബിരിയാണി’ മെഗാ റോഡ് ഷോ അരങ്ങേറി
text_fieldsജിദ്ദയിൽ നടന്ന 'വിജയ് ദം ദം ബിരിയാണി’ മെഗാ റോഡ് ഷോയിലെ മത്സരാർത്ഥികൾ രാജ് കലേഷിനും മറ്റു അതിഥികൾക്കുമൊപ്പം
ജിദ്ദ: 'ഗൾഫ് മാധ്യമ'വും 'മീഫ്രണ്ടും' സംയുക്തമായി സംഘടിപ്പിച്ച 'വിജയ് ദം ദം ബിരിയാണി' മെഗാ റോഡ് ഷോ, ജിദ്ദ ബാഗ്ദാദിയയിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ പ്രവാസി മലയാളി കുടുംബങ്ങൾക്ക് അവിസ്മരണീയമായ സായാഹ്നമൊരുക്കി സമാപിച്ചു. പ്രശസ്ത അവതാരകനും പാചക വിദഗ്ധനുമായ രാജ് കലേഷ് (കല്ലു) മുഖ്യാതിഥിയായെത്തിയ ചടങ്ങിൽ മൂന്ന് മണിക്കൂറോളം നീണ്ട വൈവിധ്യമാർന്ന പരിപാടികളാണ് അരങ്ങേറിയത്. ജിദ്ദ മേഖലയിൽ നിന്ന് തിരഞ്ഞെടുത്ത 19 മത്സരാർത്ഥികൾ തങ്ങൾ വീട്ടിൽനിന്ന് തയാറാക്കി കൊണ്ടുവന്ന തനത് ബിരിയാണികളുമായി മാറ്റുരച്ചു. കടുത്ത മത്സരത്തിനൊടുവിൽ 'ലാറ്ററൽ എൻട്രി' വഴി മൂന്ന് പേർ നേരിട്ട് സെമി ഫൈനലിലേക്ക് യോഗ്യത നേടി. കുടുംബങ്ങൾക്കായുള്ള 'ബിരിയാണി ദം സ്റ്റാർ' വിഭാഗത്തിൽ മത്സരിച്ച 13 പേരിൽ നിന്ന് ഫാത്തിമത്തുൽ ഹനിയ, സഫിദ എന്നിവരും, പുരുഷന്മാർക്കായുള്ള 'ബിരിയാണി രാജ' വിഭാഗത്തിൽ മത്സരിച്ച ആറ് പേരിൽ നിന്ന് മൊയ്‌തീൻ കുട്ടിയുമാണ് സെമി ഫൈനലിലേക്കുള്ള നിർണ്ണായകമായ 'ഗോൾഡൻ ടിക്കറ്റ്' സ്വന്തമാക്കിയത്. രാജ് കലേഷും ലുലു ഹൈപ്പർ മാർക്കറ്റ് ഷെഫ് നിസാമും ചേർന്നാണ് വിധിനിർണയം നടത്തിയത്.
വിജയ് മസാല കമ്പനി സ്പോൺസർ അബ്ദുൽ അസീസ്, മാനേജിങ് ഡയറക്ടർ വിജയ് മൂലൻ, ലുലു ഹൈപ്പർ മാർക്കറ്റ് വെസ്റ്റേൻ റീജിയനൽ മാനേജർ അബ്ദുൽ റഹീം, ബാഗ്ദാദിയ ബ്രാഞ്ച് ജനറൽ മാനേജർ അബ്ദുൽ സത്താർ ഷംഷാദ്, ഫ്രെണ്ടി കമ്പനി മാർക്കറ്റിങ് എക്സിക്യൂട്ടീവ് റാഷിദ്, 'ഗൾഫ് മാധ്യമം' സൗദി വെസ്റ്റേൻ റീജിയൻ രക്ഷാധികാരി എ. നജ്മുദ്ധീൻ, കോഓർഡിനേറ്റർ മുഹമ്മദ് അബ്ഷീർ, 'ഗൾഫ് മാധ്യമം' പ്രതിനിധികളായ സാദിഖലി തുവ്വൂർ, ഷബിൻ മുഹമ്മദ്, പി.കെ സിറാജ് എന്നിവർ മത്സരത്തിൽ പങ്കെടുത്തവർക്കും വിജയികൾക്കുമുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
രാജ് കലേഷിനൊപ്പം ഷംന റിയാസും അവതാരകയായി പരിപാടികൾ മനോഹരമായി നിയന്ത്രിച്ചു. ഇശൽ കാലാവേദിയിലെ കലാകാരികൾ അവതരിപ്പിച്ച ഒപ്പനയും നൃത്തവും കാണികൾക്ക് ദൃശ്യവിരുന്നായപ്പോൾ, ഗായകരായ ജമാൽ പാഷ, മാസിൻ, സോഫിയ സുനിൽ എന്നിവരുടെ ഗാനങ്ങൾ പരിപാടിയുടെ മാറ്റ് കൂട്ടി. കാണികൾക്കായി നടത്തിയ തത്സമയ മത്സരങ്ങളും സമ്മാന വിതരണവും വലിയ ജനപങ്കാളിത്തത്തിന് സാക്ഷ്യം വഹിച്ചു. വിജയ് മസാല മാനേജിങ് ഡയറക്ടർ വിജയ് മൂലന്റെ പത്നി കാർമൽ ജോയി, കമ്പനി സൂപ്പർവൈസർ മുസ്തഫ, സെയിൽസ് എക്സിക്യൂട്ടീവ് സുനിയാസ്, അക്കൗണ്ടന്റ് സുശീലൻ തുടങ്ങിയവർ കാണികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. മുനീർ ഇബ്രാഹിം, ഇ.കെ നൗഷാദ്, ലത്തീഫ് ദേവർതൊടി, ജി.കെ മനാഫ്, റശ ഇബ്രാഹിം, ഹസ്‌ന സാദിയ എന്നിവർ പരിപാടിയിൽ വളണ്ടിയർ സേവനം നിർവഹിച്ചു.
റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിൽ നടക്കുന്ന സെമി ഫൈനലുകൾക്ക് ശേഷം റിയാദിൽ വെച്ചായിരിക്കും ഗ്രാൻഡ് ഫിനാലെ അരങ്ങേറുക. പ്രശസ്ത ഷെഫുമാരായ സുരേഷ് പിള്ള, ആബിദ റഷീദ്, രാജ് കലേഷ് എന്നിവർ വിധികർത്താക്കളാകുന്ന ഗ്രാൻഡ് ഫിനാലെയിലെ വിജയികളെ കാത്തിരിക്കുന്നത് 40,000 റിയാൽ ക്യാഷ് പ്രൈസ് ഉൾപ്പെടെ ആകെ 50,000 റിയാലിന്റെ മെഗാ സമ്മാനങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

