സ്പിയേഴ്സ് ഓഫ് വിക്ടറി 2025; സഖ്യരാജ്യങ്ങളുടെ സംയുക്ത സൈനികാഭ്യാസം ദഹ്റാനിൽ തുടങ്ങി
text_fieldsദഹ്റാനിൽ തുടങ്ങിയ ‘സ്പിയേഴ്സ് ഓഫ് വിക്ടറി 2025’ സംയുക്ത സൈനികാഭ്യാസത്തിൽനിന്നുള്ള വിവിധ കാഴ്ച
അൽ ഖോബാർ: സൗദി അറേബ്യയുടെയും 15 സഖ്യരാജയങ്ങളുടെയും സംയുക്ത സൈനികാഭ്യാസം ‘സ്പിയേഴ്സ് ഓഫ് വിക്ടറി 2025’ എന്ന പേരിൽ കിഴക്കൻ പ്രവിശ്യയിലെ ദഹ്റാൻ കിങ് അബ്ദുൽ അസീസ് എയർ ബേസിനുള്ളിൽ സ്ഥിതി ചെയ്യുന്ന എയർ വാർഫെയർ സെന്ററിൽ ആരംഭിച്ചു. ഫെബ്രുവരി ആറ് വരെ സൗദി സായുധസേനയുടെ വിവിധ ശാഖകൾ, നാഷനൽ ഗാർഡ് മന്ത്രാലയം, സ്റ്റേറ്റ് സെക്യൂരിറ്റി പ്രസിഡൻസി എന്നിവ കൂടാതെ 15 സഖ്യരാജ്യങ്ങളിൽ നിന്നുള്ള സേനകളും പങ്കെടുക്കുന്ന അഭ്യാസങ്ങൾ നടക്കും.
ബഹ്റൈൻ, ഗ്രീസ്, ഫ്രാൻസ്, ഖത്തർ, യു.എ.ഇ, ബ്രിട്ടൻ, അമേരിക്ക, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സേനകളാണ് മുഖ്യമായും പങ്കെടുക്കുന്നത്. ‘സ്പിയേഴ്സ് ഓഫ് വിക്ടറി 2025’ ന്റെ പ്രാഥമിക ലക്ഷ്യങ്ങൾ യുദ്ധ സന്നദ്ധത വർദ്ധിപ്പിക്കുക, സംയുക്തവും സംയോജിതവുമായ തന്ത്രപരമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിലും നടപ്പാക്കുന്നതിലുമുള്ള വൈദഗ്ധ്യം കൈമാറ്റം ചെയ്യുക, ബഹുരാഷ്ട്ര സൈനിക സഹകരണം ശക്തിപ്പെടുത്തുക എന്നിവയാണ്.
ഇലക്ട്രോണിക് യുദ്ധത്തിലും സംയോജിത തന്ത്രപരമായ പ്രവർത്തനങ്ങളിലും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് നിലവിലുള്ളതും ഉയർന്നുവരുന്നതുമായ ഭീഷണികളെ അഭിസംബോധന ചെയ്യുന്നതിൽ സൈനികാഭ്യാസം ഊന്നൽ നൽകുന്നു. അഭ്യാസത്തിൽ പങ്കെടുക്കുന്നതിനായി പാകിസ്താൻ വ്യോമസേനയുടെ (പി.എ.എഫ്) ജെഎഫ്-17 തണ്ടർ ബ്ലോക്ക്-III യുദ്ധവിമാനങ്ങളും ഗ്രൗണ്ട് ക്രൂവും ഉൾപ്പെടുന്ന ഒരു സംഘം കിങ് അബ്ദുൽ അസീസ് എയർ ബേസിൽ എത്തിയിട്ടുണ്ട്.
പി.എ.എഫ് പാകിസ്താനിൽനിന്ന് സൗദി അറേബ്യയിലേക്ക് നിർത്താതെ പറക്കുകയും ആകാശത്ത് വെച്ച് എയർ-ടു-എയർ ഇന്ധനം ഉപയോഗിച്ച് തങ്ങളുടെ ദീർഘദൂരയാത്രക്കുള്ള ശേഷി പ്രദർശിപ്പിക്കുകയും ചെയ്തു. അന്താരാഷ്ട്ര സൈനിക സഹകരണം വളർത്തുന്നതിനും പങ്കെടുക്കുന്ന രാജ്യങ്ങളുടെ കൂട്ടായ കഴിവുകൾ വർധിപ്പിക്കുന്നതിനുമുള്ള സൗദി അറേബ്യയുടെ പ്രതിബദ്ധത അടിവരയിടുന്നതാണ് സംയുക്ത സൈനികാഭ്യാസം. ആഗോള സുരക്ഷയെ ഫലപ്രദമായി ഏകോപിപ്പിക്കാൻ സഖ്യസേനയെ സജ്ജമാക്കുകയാണ് ആത്യന്തികമായ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

