സൗദിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; കായംകുളം സ്വദേശിയും സൗദി പൗരനും മരിച്ചു
text_fieldsദമ്മാം: സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാം-ഹുഫൂഫ് റോഡിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവും സൗദി പൗരനും മരിച്ചു. ശനിയാഴ്ച വൈകീട്ടാണ് സംഭവം. എതിർദിശകളിൽനിന്ന് വന്ന വാഹനങ്ങൾ കൂട്ടിയിടിച്ച അപകടത്തിൽ കായംകുളം ചേരാവള്ളി സെറീന മൻസിലിൽ അലിയാരുകുഞ്ഞ് - ആമിന ദമ്പതികളുടെ മകൻ ആഷിഖ് അലി (29) ആണ് മരിച്ചത്. ട്രാൻസ്പോർട്ടേഷൻ കമ്പനി ജീവനക്കാരനായിരുന്ന ആഷിഖ് അലി ഓടിച്ചിരുന്ന ഫോർച്യൂണർ കാറിൽ എതിർദിശയിൽനിന്ന് വന്ന സൗദി പൗരൻ ഓടിച്ച വാഹനം വന്നിടിക്കുകയായിരുന്നു.
ആഷിഖ് അലി സംഭവസ്ഥലത്തുതന്നെ മരിച്ചു. 53 വയസുകാരനായ സൗദി പൗരൻ ഹുഫൂഫ് കിങ് ഫഹദ് ആശുപത്രിയിലാണ് മരിച്ചത്. രണ്ടു പേരുടെയും മൃതദേഹം ഹഫൂഫ് കിങ് ഫഹദ് ആശുപത്രിയിലെ മോർച്ചറിയിൽ ആണുള്ളത്. ആഷിഖിെൻറ തൊഴിലുടമ നാസിർ അൽ മർരിയുടെ ബന്ധുവാണ് മരിച്ചയാൾ. ആഷിഖിനൊപ്പം വാഹനത്തിലുണ്ടായിരുന്ന ബംഗ്ലാദേശ് സ്വദേശികളിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്. മറ്റൊരാളുടെ കാലിനു ഒടിവ് സംഭവിച്ചിട്ടുണ്ട്. മറ്റു രണ്ടുപേർക്ക് ഗുരുതരമല്ലാത്ത പരിക്കുകളാണുള്ളത്.
ആഷ്നിയാണ് ആഷിഖിെൻറ ഭാര്യ. ഡോ. അഹ്ന അലി ഏക സഹോദരി. മുമ്പ് അൽ അഹ്സയിൽ ജോലി ചെയ്തിരുന്ന പത്തനംതിട്ട സ്വദേശി ഹക്കീമിെൻറയും ഹുഫൂഫ് മെറ്റേണിറ്റി ആശുപത്രിയിൽ നഴ്‌സായിരുന്ന ഷാനിയുടെയും ഏക മകളാണ് ആഷിഖിെൻറ ഭാര്യ ആഷ്നി. ഫാം ഡി വിദ്യാർഥിനിയാണ്. ഭാര്യാപിതാവ് ഹകീം കഴിഞ്ഞയാഴ്ച സന്ദർശനവിസയിലെത്തി ആഷിഖ് അലിയോടൊപ്പമുണ്ടായിരുന്നു. അപകട വിവരമറിഞ്ഞ് ഹകീമും സുഹൃത്ത് മുഹമ്മദ് റഈസുൽ ഇസ്‌ലാമും ആശുപത്രിയിലെത്തി.
കായംകുളം റിയാദ് പ്രവാസി അസോസിയേഷൻ (കൃപ)യുടെ പ്രസിഡൻറ് ഇസ്ഹാഖ് ലവ്ഷോർ ആഷിഖ് അലിയുടെ പിതൃസഹോദരനാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികളുൾപ്പടെ പൂർത്തിയാക്കാൻ ഹനീഫ (നവോദയ), നാസർ മദനി (ഇസ്ലാഹി സെൻറർ), മുഹമ്മദ് റഈസുൽ ഇസ്‌ലാം, ജിന്ന, റിയാദിലെ കൃപ ചെയർമാൻ മുജീബ് കായംകുളം എന്നിവർ രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

