എൻട്രി പെർമിറ്റില്ലാത്ത യാത്രക്കാരെ കയറ്റുന്ന വാഹനങ്ങൾക്ക് ഒരു ലക്ഷം റിയാൽ പിഴ
text_fieldsമക്ക: മക്കയിലേക്ക് പെർമിറ്റ് ഇല്ലാതെ യാത്രക്കാരെ കൊണ്ടുപോയാൽ ഒരു ലക്ഷം റിയാൽ പിഴ. ഹജ്ജ് പെർമിറ്റോ ജോലിക്കോ താമസത്തിനോ ഉള്ള എൻട്രി പെർമിറ്റോ ഇല്ലാതെ മക്കയിലേക്കോ പുണ്യസ്ഥലങ്ങളിലേക്കോ ഒരു യാത്രക്കാരനെയും കൊണ്ടുപോകാൻ പാടില്ലെന്ന് ഗതാഗത അതോറിറ്റി വ്യക്തമാക്കി. രാജ്യത്തെ എല്ലാ വാഹനയുടമകൾക്കും ഈ നിർദേശം ബാധകമാണ്. ദുൽഖഅദ് ഒന്ന് (ഏപ്രിൽ 29) മുതൽ ഇത് പ്രാബല്യത്തിൽ വന്നു. ആളുകളുടെ യാത്രകൾ നിയന്ത്രിക്കുന്നതിനും തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള ദേശീയ ശ്രമങ്ങളുടെ ചട്ടക്കൂടിനുള്ളിലാണ് ഇതെന്നും ഗതാഗത അതോറിറ്റി പറഞ്ഞു.
ആഭ്യന്തര മന്ത്രാലയത്തിന്റെ ചട്ടങ്ങൾ അനുസരിച്ച് ദുൽഖഅദ് ഒന്ന് മുതൽ ദുൽഹജ്ജ് 14 വരെയുള്ള (ഏപ്രിൽ ഒന്ന് മുതൽ ജൂൺ 11 വരെ) കാലയളവിൽ ഏത് തരം സന്ദർശന വിസക്കാർക്കും മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും പ്രവേശന നിരോധനമുണ്ട്. ഇത്തരം ആളുകൾക്ക് യാത്രാസൗകര്യമൊരുക്കുന്ന ഡ്രൈവർമാർക്കും വാഹനയുടമകൾക്കും ഒരു ലക്ഷം റിയാൽ വരെ പിഴ ചുമത്തും.
നിയമലംഘനത്തിന് ഉപയോഗിക്കുന്ന വാഹനങ്ങൾ കണ്ടുകെട്ടും. മക്കയിൽ പ്രവേശിക്കാൻ അനുമതിയുള്ള വാഹനങ്ങൾക്കും ഡ്രൈവർമാർക്കും ഡ്രൈവിങ് ലൈസൻസുകളും ഓപറേറ്റിങ് കാർഡുകളും ഉണ്ടായിരിക്കണം, പ്രവേശിക്കാനും മക്ക നഗരത്തിനുള്ളിൽ സഞ്ചരിക്കാനും നിശ്ചയിച്ചിട്ടുള്ള നിയുക്ത റൂട്ടുകൾ വഴി മാത്രമെ വാഹനം ഓടിക്കാൻ പാടുള്ളൂ തുടങ്ങിയ നിബന്ധനകളുണ്ട്. മുൻകൂർ അനുമതിയില്ലാതെ ഹജ്ജ് നിയന്ത്രണങ്ങൾക്ക് വിധേയമായ പ്രദേശങ്ങളിൽ പ്രവേശിക്കരുത്. നിയന്ത്രണ നടപടിക്രമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള സ്ക്രീനിങ്, മോണിറ്ററിങ് പോയന്റുകളിൽ സുരക്ഷ, നിയന്ത്രണ അധികാരികളുടെ പരിശോധനക്ക് വിധേയമാകണമെന്ന നിബന്ധനയും പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

