വാഹന വില നിർണയം; പുതിയ പ്ലാറ്റ്ഫോം ‘മർജിയ’ നിലവിൽവന്നു
text_fieldsജിദ്ദ: സൗദിയിൽ വാഹനങ്ങൾ വാങ്ങുന്നവർക്കും വിൽക്കുന്നവർക്കുമിടയിൽ ഒരു പാലമായി പുതിയ പ്ലാറ്റ് ഫോം നിലവിൽവന്നു. സൗദി അക്രഡിറ്റഡ് വാല്യൂവേഴ്സ് അതോറിറ്റിയാണ് ‘മർജിയ’ എന്ന പുതിയ പ്ലാറ്റ് ഫോം ആരംഭിച്ചത്. വാഹനങ്ങളുടെ കൃത്യമായ വിലകൾ നിർണയിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസും മെഷീൻ ലേണിങ്ങും ഉപയോഗിക്കുന്ന ഈ പ്ലാറ്റ്ഫോം, വിപണിയിൽ പങ്കാളികൾക്കിടയിൽ നീതിയും സുതാര്യതയും ഉറപ്പാക്കാനും വിലകളിലെ വ്യത്യാസങ്ങൾ കുറക്കാനും ലക്ഷ്യമിടുന്നു. സൗദി അറേബ്യയിലെ ഡിജിറ്റൽ പരിവർത്തനത്തിലേക്കും വാഹന വിപണി നിയന്ത്രിക്കുന്നതിലേക്കുമുള്ള ഒരു പുതിയ ചുവടുവെപ്പാണിത്. വാഹനത്തിന്റെ പ്രത്യേകതകളും വിപണി മൂല്യവും സമഗ്രമായി വിശകലനം ചെയ്ത് രാജ്യത്തെ കാർ വിലകൾ കണക്കാക്കുന്നതിനുള്ള വിശ്വസനീയമായ ഒരു റഫറൻസായാണ് ഇത് നിലകൊള്ളുന്നതെന്ന് അതോറിറ്റി ഔദ്യോഗിക വക്താവ് സാദ് അൽ ബൈസ് പറഞ്ഞു. വാങ്ങൽ, വിൽക്കൽ പ്രക്രിയകളിലെ വിശ്വാസ്യത വർധിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള അതോറിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമാണ് പ്ലാറ്റ്ഫോം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിശ്വസനീയമായ വിവിധ സ്രോതസ്സുകളിൽ നിന്ന് ഡേറ്റ ശേഖരിക്കാനും വിശകലനം ചെയ്യാനും 'മർജിഅ' പ്ലാറ്റ്ഫോം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അൽഗോരിതങ്ങളെ ആശ്രയിക്കുന്നു. സൗദി വിപണിയിലെ ചലനാത്മകമായ മാറ്റങ്ങൾക്കനുസൃതമായി വിലകൾ തുടർച്ചയായി അപ്ഡേറ്റ് ചെയ്യാൻ മെഷീൻ ലേണിങ് സാങ്കേതിക വിദ്യകളും ഉപയോഗിക്കുന്നുണ്ടെന്ന് അൽബൈസ് വിശദീകരിച്ചു. യഥാർഥ ഡേറ്റയെ ആശ്രയിക്കുന്നതുവഴി വിൽക്കുന്നവരും വാങ്ങുന്നവരും തമ്മിലുള്ള വിലയിലെ അന്തരം കുറക്കാൻ പ്ലാറ്റ്ഫോം സഹായിക്കുന്നു, ഇത് വ്യക്തിപരമായ വിവേചനാധികാരവും ഏകപക്ഷീയമായ വിലനിർണയവും പരിമിതപ്പെടുത്തുകയും വിപണിയിലെ വിശ്വാസം വർധിപ്പിക്കുകയും ചെയ്യും. വാഹനങ്ങളുടെ റെക്കോഡുകൾ, മുൻ ഉടമകളുടെ എണ്ണം, യഥാർഥ ഉപയോഗം എന്നിവയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ പ്ലാറ്റ് ഫോം വഴി അറിയാനാകും. ഇത്തരം ഏകീകൃത, സംയോജിത ഡേറ്റ സിസ്റ്റം സൃഷ്ടിക്കുന്നതിനായി പ്ലാറ്റ്ഫോമിനെ ട്രാഫിക് സംവിധാനങ്ങൾ, ഇൻഷുറൻസ് കമ്പനികൾ, സൗദി സ്റ്റാൻഡേഡ്സ്, മെട്രോളജി ആൻഡ് ക്വാളിറ്റി ഓർഗനൈസേഷൻ, തഖ്ദീർ സിസ്റ്റം എന്നിവയുമായി ബന്ധിപ്പിച്ചിരിക്കുന്നു. https://marjea.taqeem.gov.sa/ ൽ രജിസ്റ്റർ ചെയ്ത് ഒമ്പത് റിയാൽ ഫീ അടച്ച് തങ്ങളുടെ വാഹനത്തിന്റെ സീരിയൽ നമ്പറും നിലവിലെ ഓഡോ മീറ്റർ വിവരങ്ങളും കൊടുത്താൽ ആ വാഹനത്തിന്റെ നിലവിലുള്ള മാർക്കറ്റ് വില അറിയാനാകും. സ്വദേശിക്കും വിദേശിക്കും ഒരുപോലെ ഉപയോഗിക്കാവുന്ന പ്ലാറ്റ് ഫോമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

