ഖമീസ് മുശൈത്തിൽ വാഹന പാർക്കിങ് ഫീസ് നിലവിൽ വന്നു
text_fieldsഖമീസ് മുശൈത്ത്: വാഹന പാർക്കിങ്ങിന് ഖമീസ് മുശൈത്തിൽ മുനിസിപ്പാലിറ്റി ഫീസ് നിലവിൽ വന്നു. പ്രധാനപ്പെട്ട വ്യാപാര മേഖലകളിൽ മണിക്കൂറിന് മൂന്ന് റിയാലാണ് ഫീസ് . ബലദ് ഭാഗത്താണ് തുടക്കത്തിൽ പാർക്കിങ് ഫീസ് നടപ്പിലായത്.താമസിയാതെ ഖാലിദിയ, ഷറഫിയ തുടങ്ങിയ സ്ഥലങ്ങളിലും ഫീസ് ഈടാക്കും. ഫീസ് അടക്കുന്നതിന് വേണ്ടി യന്ത്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.
രാവിലെ എട്ട് മുതൽ രാത്രി പതിനൊന്ന് വരെയാണ് ഫീസ് നൽകേണ്ടത്. വെള്ളിയാഴ്ച സൗജന്യമാണ്. ഏഴ് മിനിറ്റ് വരെ പാർക്കിങ്ങിന് ഫീസ് നൽകേണ്ട. ഇങ്ങനെ പാർക്ക് ചെയ്യുമ്പോൾ സമീപത്തെ ഉദ്യോഗസ്ഥനെ ധരിപ്പിക്കേണ്ടതാണ്. ഒരു മണിക്കൂറിനു ഫീസ് നൽകിയവർക്ക് എത്രയിടത്ത് വേണമെങ്കിലും പാർക്ക് ചെയ്യാം. വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്ത് സ്ഥാപിച്ച യന്ത്രങ്ങളിൽ നിന്ന് മെബൈൽ നമ്പറും വാഹനത്തിെൻറ നമ്പറും നൽകിയാൽ പാർക്കിങ്ങിന് അനുവദിച്ച നമ്പർ നൽകി ഫീസ് അടക്കാവുന്നതാണ്. മുകളിൽ ചുവന്ന നിറം നൽകിയ മെഷീനുകളിൽ 10,50, 100 എന്നീ നോട്ടുകൾ ഉപയോഗിച്ച് ഫീസ് അടക്കാം. അതിന് മൊബൈൽ നമ്പറും ഒരു പാസ്വേർഡും നൽകണം. കൂടാതെ മൊബൈൽ ആപ്ലിക്കേഷൻ ആയ mawgif ഉപയോഗിക്കാം.
നീല നിറത്തിലുളള മെഷിനുകളിൽ നാണയങ്ങൾ ഉപയോഗിക്കാം. ഇംഗ്ലീഷ്, അറബി ഭാഷകളിൽ പരിചയം ഇല്ലാത്തവരെ സഹായിക്കാനായി ഇവിടങ്ങളിൽ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഫീസ് നൽകാതെ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് 100 റിയാൽ പിഴ നൽകേണ്ടി വരും. റോഡിൽ അല്ലാതെ പാർക്ക് ചെയ്ത വാഹനങ്ങൾ മാറ്റിയിടാൻ ക്രെയിൻ സർവീസും ഏർപ്പെടുത്തിയിട്ടുണ്ട്. ഇവക്ക് 150 റിയാൽ പിഴ നൽകണം. കൂടാതെ പാർക്കിങ് ഏരിയയിൽ നാശനഷ്ടം വരുത്തുന്ന രീതിയിൽ പാർക്ക് ചെയ്യുന്ന വർക്ക് 500 റിയാൽ പിഴയൊടുക്കേണ്ടി വരും. പൊലീസ് കേസും ഉണ്ടാകും. പാർക്കിങ് ഫീസ് നൽകാത്തവർക്ക് ഉദ്യോഗസ്ഥർ വാഹനത്തിൽ വെച്ചിട്ടുളള പേപ്പറുമായി കേരള മാർക്കറ്റിനടുത്ത മുവാക്കിഫ് ഓഫീസിൽ എത്തി പിഴ അടക്കാം. പേപ്പർ കിട്ടാത്തവർക്ക് വാഹനത്തിന് അടുത്തുളള മെഷിനിൽ പിഴ വന്നിട്ടുണ്ടോ എന്ന് പരിശോധിക്കാം. പാർക്കിങ് ഫീസ് നിലവിൽ വന്നതോടെ ഇവിടങ്ങളിൽ തിരക്ക് കുറഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
