പുണ്യസ്ഥലങ്ങളിൽ വാഹന നിയന്ത്രണം പ്രാബല്യത്തിൽ; അനുമതിയില്ലാത്ത ആയിരത്തിലധികം വാഹനങ്ങൾ പിടിച്ചെടുത്തു
text_fieldsപ്രതീകാത്മക ചിത്രം
മക്ക: ഹജ്ജ് തീർഥാടനത്തിെൻറ പശ്ചാത്തലത്തിൽ മക്കയിലെ പുണ്യസ്ഥലങ്ങളിൽ ഏർപ്പെടുത്തിയ പ്രത്യേക വാഹന നിയന്ത്രണം പ്രാബല്യത്തിൽ വന്നു. ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് ലഭിച്ച ഔദ്യോഗിക അനുമതി പത്രമില്ലാത്ത (പെർമിറ്റ്) ഒരു വാഹനവും പുണ്യസ്ഥലങ്ങളിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് ട്രാഫിക് കാര്യങ്ങൾക്കായുള്ള ഹജ്ജ് സുരക്ഷാ സേന വ്യക്തമാക്കി. വെള്ളിയാഴ്ച ആരംഭിച്ച ഈ താൽക്കാലിക നിരോധനം ദുൽഹജ്ജ് 13-ാം തീയതിയുടെ അവസാനം വരെ തുടരും. ഹജ്ജ് സീസണിൽ തീർഥാടകരുടെ സുഗമമായ സഞ്ചാരം ഉറപ്പാക്കുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനുമായി സൗദി ആഭ്യന്തര മന്ത്രാലയം നടപ്പിലാക്കുന്ന സമഗ്ര പദ്ധതിയുടെ ഭാഗമായാണ് ഈ കർശന നടപടി.
അതേസമയം, ഹജ്ജ് സീസൺ ആരംഭിച്ചതു മുതൽ ഇതുവരെ മക്ക, പുണ്യസ്ഥലങ്ങൾ, വിവിധ പ്രവേശന കവാടങ്ങൾ, പ്രധാന റോഡുകൾ എന്നിവിടങ്ങളിൽ നിന്നായി നിയമവിരുദ്ധമായി യാത്രക്കാരെ കടത്തിയ 1,047 വാഹനങ്ങൾ പൊതുഗതാഗത അതോറിറ്റി പിടികൂടി. തീർഥാടകരുടെ സുരക്ഷ വർധിപ്പിക്കാനും, അനധികൃത സർവീസുകൾ തടഞ്ഞ് സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താനുമുള്ള അതോറിറ്റിയുടെ നിരന്തര പരിശോധനകളുടെ ഭാഗമായാണ് ഈ നടപടി.
ലൈസൻസുള്ളതും ഔദ്യോഗികവുമായ ഗതാഗത സംവിധാനങ്ങൾ മാത്രമേ ഉപയോഗിക്കാവൂ എന്ന് പൊതുഗതാഗത അതോറിറ്റി തീർഥാടകരോട് പ്രത്യേകം അഭ്യർഥിച്ചു. ലൈസൻസില്ലാത്ത ടാക്സി ഡ്രൈവർമാരെ ആശ്രയിക്കുന്നത് സുരക്ഷാ മേൽനോട്ടങ്ങളുടെ കുറവു മൂലം യാത്രക്കാർക്ക് വലിയ അപകടസാധ്യതകൾ വരുത്തിവെക്കും. ആവശ്യമായ പെർമിറ്റുകളില്ലാതെ യാത്രക്കാരെ കൊണ്ടുപോകുന്നത് ഗുരുതരമായ നിയമലംഘനമാണെന്നും, കനത്ത പിഴയും വാഹനം കണ്ടുകെട്ടലും ഉൾപ്പെടെയുള്ള നിയമനടപടികൾ ഇതിന് നേരിടേണ്ടിവരുമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി.
അതിനാൽ യാത്രാ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് മുൻപ് അവയുടെ നിയമസാധുത ഉറപ്പുവരുത്താൻ എല്ലാ ഗുണഭോക്താക്കളും ശ്രദ്ധിക്കണമെന്ന് അതോറിറ്റി ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

