പുറന്തോട് ഭേദിച്ച കഥകൾ
text_fields‘കഥ ജീവിതത്തിന്റെ ചെറിയ ലോകചരിത്രമാണ് അല്ലെങ്കിൽ ചെറിയ അനുഭവലോകമാണ്. ഒരോ കാലത്തിന്റെയും പ്രത്യയശാസ്ത്രങ്ങൾ, സൗന്ദര്യബോധം, സാംസ്കാരിക നിമിഷങ്ങൾ എന്നിവ അനുഭവ ചരിത്രങ്ങളായി ആദ്യം രൂപപ്പെടുന്നത് കഥയിലാണ് -കെ.പി. അപ്പൻ.
ചെറുകഥാ സാഹിത്യത്തെ സംബന്ധിച്ച് ഒട്ടനവധി നിരീക്ഷണങ്ങളുണ്ടെങ്കിലും അതിൽ ഏറെക്കുറെ എല്ലാ നിരീക്ഷണങ്ങളുടേയും രത്നചുരുക്കം ഇതു തന്നെയാണ്. ദമ്മാം ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ അധ്യാപിക ലതിക അങ്ങേപ്പാട്ടിന്റെ 13 ചെറുകഥകൾ അടങ്ങുന്ന സമാഹാരം ‘പുറന്തോട് ഭേദിച്ച ആമ’ വായിച്ചുകഴിയുമ്പോൾ കെ.പി. അപ്പന്റെ ഈ നിരീക്ഷണമാണ് ഓർമയിലെത്തിയത്. 13 കഥകളുടേയും സവിശേഷത അതിലെ സ്ത്രീകഥാപാത്രങ്ങളുടെ ശക്തമായ സാന്നിധ്യമാണ്.
അച്ഛൻ പെയ്ത്ത്, ചെന്തമിഴ് സെൽവൻ തുടങ്ങിയ ഏതാനും രചനകളിൽ പുരുഷകഥാപാത്ര കേന്ദ്രീകരണത്തിലൂടെ കഥ പറയുമ്പോൾ ബഹുഭരിപക്ഷ കഥകളും അവയുടെ വികാസപരിണാമദശകളിൽ മുന്നേറുന്നത് ശക്തമായ സ്ത്രീകഥാപാത്ര വ്യന്യാസങ്ങളിലൂടെയാണ്. കഥാകാരിയുടെ ആദ്യപുസ്തകമായ ‘അഗ്നിവർഷം’ പ്രകാശിതമായിട്ട് രണ്ട് വർഷങ്ങൾക്ക് ശേഷമാണ് രണ്ടാമത്തെ പുസ്തകമായ ‘പുറന്തോട് ഭേദിച്ച ആമ’ വായനക്കാരിലേക്ക് എത്തുന്നത്. ഈ എഴുത്തുകാലത്തിനിടയിൽ മലയാള ചെറുകഥ സാഹിത്യലോകത്തേക്ക് തന്റേതായ ഒരിടം കണ്ടെത്താനുള്ള നിതാന്തമായ ജാഗ്രത പുലർത്തിയിരുന്നതായി ഈ കഥകളുടെ സൂക്ഷ്മവായനയിലൂടെ മനസിലാക്കാൻ കഴിയും.
പുരുഷകേന്ദ്രികൃത കുടുംബ സാമൂഹികജീവിതക്രമത്തിനിടയിൽ അകപ്പെടുന്ന ഓരോ സ്ത്രീയും അവർ അനുഭവിക്കുന്ന തിക്താനുഭവങ്ങൾ പങ്കുവെക്കുന്ന സാഹിത്യരചനകളിലും ഇതര കലാസൃഷ്ടികളിലും അമിതപുരുഷ വിമർശനവും പ്രകോപിത പാഠങ്ങളും സൃഷ്ടിക്കുന്നതായികാണാം. എന്നാൽ ലതികയുടെ കഥകളിൽ എവിടെയും വിമർശനത്തിന്റെ കുന്തമുനകളിൽ വിഷംപുരട്ടിയ വാക്കുകൾ കാണാൻ കഴിയില്ല.
വായനയുടെ ഓരോ നിമിഷവും പുരുഷകേന്ദ്രീകൃത സാമൂഹികവ്യവസ്ഥയേയും അതിന്റെ ഇരകളായ സ്ത്രീ ജീവിതങ്ങളേയും വരച്ചുകാട്ടുന്നതിൽ കഥാകൃത്ത് വിജയിച്ചിരിക്കുന്നു. ഭാഷയുടെ കഠിനമായ പുറന്തോട് ഭേദിച്ച്, ഇരുത്തം വന്ന ലളിതഭാഷയാൽ തീവ്രമായ വികാരവായ്പുകൾ വായനക്കാരുടെ മനസിൽ കനലായി കോരിയിടുന്നതിൽ ഈ കഥകളിലെ ആഖ്യാനചാരുത വിജയിച്ചിരിക്കുന്നയെന്ന് നിസംശയം പറയാം.
‘ഉള്ളൊരുക്കങ്ങൾ’ എന്ന കഥയിൽ ഒരു പെൺമനസിന്റെ വീർപ്പുമുട്ടലിനെ ഇങ്ങനെ അടയാളപ്പെടുത്തുന്നു, ‘മനസിനെ അവിടെ കാവൽ നിർത്തി ശരീരത്തിനെ അടുക്കളയിലേക്ക് നയിച്ചു.’ സ്ത്രീക്ക് മാത്രം എഴുതാൻ കഴിയുന്ന ഒട്ടനവധി അനുഭവതീവ്രമായ വരികൾ ഈ കഥാസമാഹാരത്തിലുടനീളം വായിക്കാൻ കഴിയും. എന്നാൽ എഴുത്തിനെ പെണ്ണെഴുത്തെന്നോ ആണെഴുത്തെന്നോ പ്രവാസിയെഴുത്തെന്നോ ഉള്ള പട്ടികയിൽപ്പെടുത്താൻ ചില വിമർശനകുബുദ്ധികൾ ശ്രമിക്കുമ്പോൾ പ്രവാസലോകത്തിരുന്ന് തന്റെ പുറംവാസത്തേയും അകംവാസത്തേയും ആലേഖനം ചെയ്യാൻ ലതികയുടെ രചനകൾക്ക് നിഷ്പ്രയാസം കഴിയുന്നു.
‘പിന്നീട് എപ്പോഴൊ സംശയത്തിന്റെ പശതേച്ച രണ്ട് കണ്ണുകൾ രണ്ടുപേരിലും ഒട്ടിച്ചുവെക്കുക പതിവായി’ എന്ന് ‘ഉള്ളൊരുക്കങ്ങൾ’ എന്ന കഥയിൽ പറയുന്നു. ശുദ്ധമായ മനുഷ്യമനസ് ഒരു ശുദ്ധജലതടാകംപോലെ സ്ഫടിക സമാനമായിരിക്കും അതിലേക്ക് സംശയത്തിന്റെ ഒരു ചെറുകല്ല് പതിച്ചാൽ ചെറുഓളങ്ങൾ തിരകളായി വന്നുകൊണ്ടേയിരിക്കും. മനുഷമനസിന്റെ ഈ അതിരടയാളങ്ങളെ സമർത്ഥമായി ഈ വരികളിൽ അടക്കം ചെയ്തിരിക്കുന്നു. ‘ആത്മായനം’ എന്ന കഥയിലെ അസാധാരണമായ തുടക്കം ആത്മചൈതന്യത്തിന്റെ പ്രതിധ്വനിയായി വായനക്കാരനെ ഹഠാദാകർഷിക്കും.
‘വസാംസി ജീർണാനിയഥാ വിഹായ
നവാനി ഗൃഹ്ണാതി നരോ പരാണി
തഥാ ശരീരാണി വിഹായജീർണ
അന്യാനി സംയാതി നവാനി ദേഹി’
ഭഗവദ്ഗീതയിലെ ഈ വരികളുടെ സാരാശംത്തിൽനിന്ന് പിറവിയെടുക്കുന്ന ഈ കഥ മരണമെന്ന മാറ്റമില്ലാത്ത പ്രകൃതി സത്യത്തിെൻറ പരമമായ സ്വാതന്ത്ര്യത്തിന്റെ നേർവരകൾ വരിച്ചിടുന്നു. ഒരാളുടെ മരണം കൊണ്ട് ആരാണ് ശരിക്കും സ്വതന്ത്രരാകുന്നത് എന്ന ചോദ്യം പിന്നെയും അവശേഷിക്കുന്നു. ശീർഷകകഥയായ ‘പുറന്തോട് ഭേദിച്ച ആമ’യിൽ കഥാപാത്ര നാമകരണത്തിൽവരെ അസാധാരണമായ സൂക്ഷമതയും നിരീക്ഷണ പാടവവും പ്രകടിപ്പിച്ചിരിക്കുന്നു.
നീലൻ എന്ന കഥാപാത്രം അതിനൊരു ഉദാഹരണം മാത്രം. സ്ത്രീ സ്വയം ഒരു പ്രതിരോധപർവം തീർക്കേണ്ട ആനുകാലിക സാമൂഹികവ്യവസ്ഥകളിൽ ഈ കഥ വേറിട്ട വരമൊഴി വഴക്കമായി മലയാള കഥാലോകത്ത് എന്നുമുണ്ടാകും. ‘അച്ഛൻ പെയ്ത്തി’ൽ ഒരച്ഛനും മകനും തമ്മിലുള്ള ആത്മീയ വൈകാരികതയുടെ ജൈവികത പുഷ്പ്പിക്കുന്നതായി കാണാം. ഒരു പത്രവാർത്തയിൽനിന്ന് പിറവിക്ക് ഹേതുവായ ഈ കഥ മലയാളത്തിലെ അച്ഛൻ മകൻ ബന്ധങ്ങൾ കേന്ദ്രമാക്കുന്ന മറ്റ് പല കഥകളോടും മാറ്റുരക്കാൻ മതിയായത് തന്നെ. കഥാസ്വാദനത്തിന്റെ അളവുകോലിൽ ആത്മീയമോ ഭൗതികമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല.
വായനയുടെ ലാവണ്യാനുഭവം ഓരോ കഥയിലും തികഞ്ഞ കൈയ്യടക്കത്തോടെ സന്നിവേശിപ്പിക്കുന്നതിൽ കഥാകാരി വിജയിച്ചിരിക്കുന്നു. ആമ ഒരു പാവം ജീവിയാണ് എന്നാൽ തന്റെ വളർച്ചയുടെ ചെറിയ ഘട്ടത്തിൽ തന്നെ ഭക്ഷണമാക്കാൻ വരുന്ന കറുത്ത കഴുകന്മാരെ പ്രതിരോധിക്കാൻ അവ ശ്രമിക്കാറുണ്ട്. ഇരുട്ടിന്റെ കറുത്ത ശക്തികളെ പ്രതിരോധിക്കാൻ പ്രത്യയശാസ്ത്ര പിരിമുറുക്കങ്ങൾ ഒന്നും ഇല്ലാതെ ശക്തമായ പ്രതിരോധത്തിന്റെ രാഷ്ട്രീയം ഈ കഥകളിൽ ഉള്ളടക്കം ചെയ്തിരിക്കുന്നു.
പ്രണയം, വിരഹം, വേദന, അച്ഛൻ മകൻ ബന്ധം, അമ്മ മകൾ ബന്ധം, സാമൂഹികവിമർശനം, പ്രവാസനൊമ്പരങ്ങൾ, പീഢനങ്ങൾ അങ്ങനെ മനുഷ്യസഹജമായ സകലതും ‘പുറന്തോട് ഭേദിച്ച ആമ’ എന്ന സമാഹാരത്തിലെ കഥകൾക്ക് ഇതിവൃത്തമായി വന്നിട്ടുണ്ട്. ആനുകാലികങ്ങളിൽ പ്രസിദ്ധീകരണയോഗ്യമായിരുന്നു ഇതിലെ പലകഥകളും. അതിന് മുതിരാതിരുന്നത് കഥാകാരിയുടെ സ്വാതന്ത്ര്യമായി അംഗീകരിക്കുമ്പോഴും കൂടുതൽ വായനക്കാരിലേക്ക് തന്റെ കഥ എത്താതിരിക്കാൻ സ്വയം പ്രതിരോധം തീർത്തതായി വായനക്കാർക്ക് തോന്നിയാൽ സുജനമര്യാദയുടെ പേരിൽ കഥാകൃത്തിന് സമ്മതിക്കേണ്ടിവന്നേക്കാം. കാരണം വായനക്കാരൻ തന്നെയാണ് ഏതൊരു കൃതിയുടേയും അവസാനവാക്ക്.
കെ.എസ്. രതീഷിന്റെ അവതാരികയിൽ കഥയുടെ സൂക്ഷ്മതലങ്ങളിലൂടെയുള്ള തിരനോട്ടവും വിലയിരുത്തലും ഈ പുസ്തകത്തിന്റെ മാറ്റ് കൂട്ടുന്നുണ്ട്. ശിഹാബ് കൊയിലാണ്ടിയുടെ ആമുഖകുറിപ്പും കഥയേയും കഥാകാരിയേയും കൂടുതൽ അടുത്തറിയാൻ പ്രേരിപ്പിക്കുന്നതാണ്. ഈ കഥാസമാഹരം പ്രസിദ്ധീകരിക്കാൻ യത്നിച്ച കൊയിലാണ്ടി നാട്ടുകൂട്ടത്തിനും ‘അക്ഷരമുറ്റം’ എന്ന കൂട്ടായ്മയിലെ അക്ഷരസ്നേഹികൾക്കും നിരാശയുടെ കുപ്പായം അണിയേണ്ടിവരില്ലായെന്ന് ഈ കൃതി വിളിച്ചുപറയുന്നുണ്ട്. വായനാലോകം ഏറ്റെടുക്കട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

