ദുരിതപ്പെരുമഴ വിട്ടൊഴിയാതെ വേദനയും പേറി വര്‍ഗീസ്
text_fieldsഅജ്മാന് : ദുരിതങ്ങള്‍ ഓരോന്നായി തേടി വരുമ്പോള്‍ നിലവിളിക്കാന്‍ പോലുമാകാതെ വര്‍ഗീസ്. കഴിഞ്ഞ മാസം പതിനാറിന് ഷാര്‍ജ സജയില്‍ സിമൻറ് ഫാക്ടറിക്കടുത്തുള്ള ടയര്‍ ഷോപ്പിലുണ്ടായ അപകടത്തില്‍ ശരീരമാസകലം മുറിവേറ്റ് ദുരിതങ്ങളുടെ മേല്‍ ദുരിതം പേറുകയാണ് തിരുവല്ല നെടുമ്പറം സ്വദേശി വര്‍ഗീസ്. ജോലി ചെയ്യുന്ന ഷോപ്പില്‍ വലിയ ട്രക്കിെൻറ ടയറിനു കാറ്റടിച്ച് കൊണ്ടിരിക്കേ അപ്രതീക്ഷിതമായി ടയർ റിം പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിയില്‍ തെറിച്ചു പോയ വര്‍ഗീസ് അടുത്ത് കിടന്ന വാഹനത്തില്‍ തട്ടി ഇടിച്ചു വീണു.
ചോരയില്‍ കുളിച്ച് കിടന്ന ഇദ്ദേഹത്തെ ഷാര്‍ജ കുവൈത്ത് ആശുപത്രിയില്‍ എത്തിച്ചപ്പോൾ തലക്ക് ഗുരുതര മുറിവ് കണ്ടെത്തി. ഒരു കാലും കയ്യും ഒടിഞ്ഞു, മറ്റേ കയ്യിനും പരിക്കുണ്ട്. കുവൈത്ത് ആശുപത്രിയിലെ പ്രാഥമിക ചികിത്സ ലഭ്യമാക്കിയതിനെ തുടര്‍ന്ന് റാസല്‍ഖൈമയിലെ ആശുപത്രിയിലേക്ക് കൂടുതല്‍ ചികിത്സക്കായി മാറ്റി. തലയില്‍ ഇരുപത്തി എട്ടും പുരികത്തിനു താഴെ നാലും തുന്നലുണ്ട്. കാലിനും കയ്യിനും സ്റ്റീല്‍ ഇടണമെങ്കില്‍ ലക്ഷത്തിലേറെ ദിര്‍ഹം ചെലവ് വരുമെന്നതിനാല്‍ നാട്ടിലേക്ക് കൊണ്ട് പോകാനായിരുന്നു സുഹൃത്തുക്കളുടെ തീരുമാനം.
എന്നാൽ നാട്ടിലെ അവസ്ഥ അതിലേറെ വേദനാകരമാണ്. പാതി പണി കഴിഞ്ഞ കൂര കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പേമാരിയില്‍ ഒലിച്ച് പോയിരിക്കുന്നു. ഭാര്യയും മക്കളും ബന്ധുവിെൻറ കാരുണ്യത്തിലാണ് തലചായ്ക്കുന്നത്. ആശുപത്രി ചിലവുകള്‍ കടയുടമ ഏറ്റെടുത്തെങ്കിലും തുടര്‍ ചികിത്സക്കുള്ള ചിലവിന് നൽകാൻ അദ്ദേഹത്തിനും നിവൃത്തിയില്ല. ആശുപത്രിയില്‍ നിന്ന് പേരു വെട്ടി നാട്ടില്‍ കൊണ്ട് പോകാന്‍ തയ്യാറെടുത്തെങ്കിലും വിമാനത്തില്‍ വീല്‍ ചെയര്‍ അനുവദിക്കാന്‍ ഒരാഴ്ച കാത്തിരിക്കണമെന്ന എയര്‍ ഇന്ത്യ അധികൃതരുടെ നിലപാട് തിരിച്ചടിയായി.
സുഹൃത്തുക്കൾ വഴി വിവരമറിഞ്ഞ സാമൂഹിക പ്രവർത്തകൻ അഷറഫ് താമരശേരി എമിരേറ്റ്സ് വിമാന അധൃകൃതരുമായി സംസാരിച്ചതിെൻറ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച രാത്രിയുള്ള വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ട് പോകാൻ സൗകര്യം ഒരുങ്ങിയിട്ടുണ്ട്. പ്രാഥമിക കര്‍മ്മങ്ങള്‍ക്ക് പോലും പരസഹായം വേണ്ട അവസ്ഥയിൽ നിന്ന് വര്‍ഗീസ് നിത്യ ജീവിതത്തിലേക്ക് തിരികെ വരാന്‍ ഏറെ സമയമെടുക്കും. യാതൊരു വരുമാനവുമില്ലാത്ത ഇദ്ദേഹം നാട്ടിലെത്തിയാലുള്ള ഭാരിച്ച ചികിത്സാ ചെലവ് എങ്ങിനെ കണ്ടെത്തുമെന്ന വേവലാതിയിലാണിപ്പോൾ. ബന്ധപ്പെടാം ഇൗ നമ്പറുകളിൽ: 050 3876325, 055 4225706.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
