വന്ദേ ഭാരത് മിഷൻ നാലാം ഘട്ടം; ജിദ്ദയിൽ നിന്നും കേരളത്തിലേക്കുള്ള സർവിസുകൾ മുംബൈ വഴി
text_fieldsജിദ്ദ: വന്ദേ ഭാരത് മിഷൻ പദ്ധതിയുടെ നാലാം ഘട്ടത്തിൻെറ ഭാഗമായി ജിദ്ദയിൽ നിന്നും കണ്ണൂർ, കോഴിക്കോട്, തിരുവനന്തപുരം എന്നീ വിമാനത്താവളങ്ങളിലേക്കുള്ള സർവിസുകൾ എയർ ഇന്ത്യ മുംബൈ വഴിയാക്കി. റിയാദ്, ദമ്മാം എന്നിവിടങ്ങളിൽ നിന്നുള്ളവ നേരിട്ട് കേരളത്തിലെ അതാത് വിമാനത്താവളങ്ങളിലേക്കാണ് സർവിസ് നടത്തുക.
ജിദ്ദയിൽ നിന്നുള്ള സർവിസുകൾ മാത്രം മുംബൈ വഴിയാക്കിയതെന്തുകൊണ്ടെന്ന് വ്യക്തമല്ല. എന്നാൽ ഈ വിമാനങ്ങളിൽ കേരളത്തിലേക്കുള്ളവർ മാത്രമായിരിക്കും യാത്രക്കാരെന്നും വിമാനജോലിക്കാരുടെ ചില സൗകര്യങ്ങൾക്കായാണ് വിമാനം മുംബൈയിൽ ഇറക്കുന്നതെന്നുമാണ് എയർ ഇന്ത്യയിൽ നിന്നുള്ള വിവരം.
സർവിസുകൾ മുംബൈ വഴി ആക്കിയതിനാൽ യാത്രാസമയം ഒന്നര മണിക്കൂർ ദീർഘിക്കും. റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിൽ നിന്നും കോഴിക്കോട് ഒഴികെയുള്ള കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളിലേക്കും 319 പേരെ ഉൾകൊള്ളാൻ ശേഷിയുള്ള എയർ ഇന്ത്യയുടെ ബോയിങ് 777 നമ്പർ ശ്രേണിയിലുള്ള വിമാനങ്ങൾ ഉപയോഗിച്ചാണ് സർവിസുകൾ. എന്നാൽ കോഴിക്കോട്ടേക്ക് 149 പേർക്ക് മാത്രം യാത്ര ചെയ്യാൻ സാധിക്കുന്ന നിയോ ശ്രേണിയിൽ പെട്ട ചെറിയ വിമാനങ്ങൾ ഉപയോഗിച്ചുമാണ് സർവിസുകൾ. നാലാം ഘട്ടത്തിൽ ജിദ്ദയിൽ നിന്നും കേരളത്തിലേക്കുള്ള ആദ്യ വിമാനം ഞായറാഴ്ച കണ്ണൂരിലേക്ക് സർവിസ് നടത്തി.
എയർ ഇന്ത്യയുടെ AI 1968 നമ്പർ വിമാനം പുലർച്ചെ 3.45 ന് ജിദ്ദയിൽ നിന്നും പുറപ്പെട്ടു. കൈകുഞ്ഞുങ്ങളടക്കം 304 പേരായിരുന്നു യാത്രക്കാർ.


Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.