വന്ദേ ഭാരത് മിഷൻ; സൗദിയിൽ നിന്നുള്ള മൂന്നാം ഘട്ട വിമാന സർവിസുകൾ ബുധനാഴ്ച ആരംഭിക്കുന്നു
text_fieldsജിദ്ദ: വന്ദേ ഭാരത് മിഷൻ പദ്ധതിയിലെ മൂന്നാംഘട്ട വിമാന സർവിസുകൾ സൗദിയിൽ ബുധനാഴ്ച ആരംഭിക്കും. റിയാദിൽ നിന്നും കോഴിക്കോട്ടേക്കും ദമ്മാമിൽ നിന്നും കണ്ണൂരിലേക്കും ജിദ്ദയിൽ നിന്നും കൊച്ചിയിലേക്കുമാണ് ബുധനാഴ്ചയിലെ എയർ ഇന്ത്യ സർവിസുകൾ. രാവിലെ 11.20ന് റിയാദിൽ നിന്നും പുറപ്പെടുന്ന വിമാനം വൈകീട്ട് 6.45ന് കോഴിക്കോട്ടേത്തും.
ദമ്മാമിൽ നിന്നും രാവിലെ 11.30ന് പറന്നുയരുന്ന വിമാനം വൈകീട്ട് 6.20ന് കണ്ണൂരിലെത്തും. ജിദ്ദയിൽ നിന്നും കൊച്ചിയിലേക്കുള്ള വിമാനം രാവിലെ 11ന് പുറപ്പെട്ട് വൈകീട്ട് 6.50ന് കൊച്ചിയിലെത്തും. ജിദ്ദയിൽ നിന്നും കൊച്ചിയിലേക്കുള്ള വിമാനത്തിൽ 405 യാത്രക്കാർക്കും ദമ്മാമിൽ നിന്നും കണ്ണൂരിലേക്കുള്ള വിമാനത്തിൽ 319 പേർക്കും അവസരം ലഭിച്ചു. എന്നാൽ റിയാദിൽ നിന്നും കോഴിക്കോട്ടേക്ക് ചെറിയ വിമാനം ഉപയോഗിച്ചാണ് സർവിസ്. ഈ വിമാനത്തിൽ 149 പേർക്ക് മാത്രമാണ് അവസരം. റിയാദിൽ നിന്നും ഡൽഹിയിലേക്ക് ഇന്ന് മറ്റൊരു സർവിസ് കൂടിയുണ്ട്.
ഉച്ചക്ക് 2.30ന് പുറപ്പെടുന്ന ഈ വിമാനം രാത്രി 9.25ന് ഡൽഹിയിലെത്തും. മുഴുവൻ വിമാനത്തിലേക്കും തെരഞ്ഞെടുത്ത യാത്രക്കാർക്കുള്ള ടിക്കറ്റ് വിൽപ്പന പൂർത്തിയായിട്ടുണ്ട്. വ്യാഴാഴ്ച റിയാദിൽ നിന്നും കണ്ണൂരിലേക്കും ദമ്മാമിൽ നിന്നും കൊച്ചിയിലേക്കും ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്കും സർവിസുകളുണ്ട്.
ടിക്കറ്റ് വിൽപ്പന രീതിയെക്കുറിച്ച പരാതികൾ പരിഹാരമില്ലാതെ തുടരുന്നു
ജിദ്ദ: റിയാദിലെയും ദമ്മാമിലെയും നിലവിലെ ടിക്കറ്റ് വിൽപ്പന രീതിയിൽ യാത്രക്കാർക്കുള്ള വ്യാപക പരാതിക്ക് പരിഹാരമായില്ല. ഗർഭിണികൾ അടക്കമുള്ള യാത്രക്കാർ മണിക്കൂറുകളോളം പൊരിവെയിലത്ത് ക്യു നിന്നതിന് ശേഷമാണ് ടിക്കറ്റുകൾ ലഭ്യമാകുന്നത്. ഇങ്ങനെ മണിക്കൂറുകൾ കാത്തുനിന്ന് ടിക്കറ്റ് കൗണ്ടറിലെത്തുമ്പോൾ സാങ്കേതികത്വം പറഞ്ഞു ചിലർക്കെങ്കിലും ടിക്കറ്റ് നിഷേധിച്ചു മടക്കി അയക്കുന്നതായും ആക്ഷേപമുണ്ട്.
എംബസിയുടെ അറിയിപ്പനുസരിച്ച് വിദൂര ദിക്കുകളിൽ നിന്നും മറ്റും എത്തിയവർക്ക് ഇത്തരം ദുരനുഭവം ഉണ്ടായതായി പറയപ്പെടുന്നു. ജിദ്ദയിൽ ടിക്കറ്റ് വിൽപ്പന രീതിയിൽ വന്ന പുതിയ മാറ്റത്തോട് സമ്മിശ്ര പ്രതികരണമാണ് യാത്രക്കാർക്കുള്ളത്. കോൺസുലേറ്റിന് കീഴിൽ പ്രവർത്തിക്കുന്ന കമ്യൂണിറ്റി വെൽഫെയർ വളൻറിയർമാർ മുഖേനയാണ് ജിദ്ദയിൽ ടിക്കറ്റ് വിൽപ്പന നടത്തിയത്. ചിലരെങ്കിലും എയർ ഇന്ത്യ ഓഫീസിൽ നേരിട്ടെത്തിയും ടിക്കറ്റുകൾ വാങ്ങിയിട്ടുണ്ട്. ടിക്കറ്റ് വിൽപ്പന ഏതാനും ചില സംഘടനാ നേതാക്കളെ ഏൽപ്പിച്ചതിൽ ശരികേടുള്ളതായി പലരും അഭിപ്രായപ്പെട്ടു.
കോൺസുലേറ്റ് ഏൽപ്പിക്കപ്പെട്ട വളൻറിയർമാർ തങ്ങൾക്ക് കീഴിൽ സ്വയം മറ്റുള്ള ആളുകളെ യാത്രക്കാരുമായി ഇടപാടുകൾ നടത്താൻ ഏൽപ്പിച്ചിട്ടുണ്ട്. ടിക്കറ്റ് വിലയിനത്തിൽ വലിയ തോതിൽ പണം ഒന്നിച്ചു ഒരു രസീതിയുമില്ലാതെ വളൻറിയർമാരോ അവർ ഏൽപിക്കപ്പെട്ടവരോ കൈകാര്യം ചെയ്യുന്നത് ശരിയായ രീതിയാണോ എന്നാണ് ചോദ്യം. എങ്കിലും എയർ ഇന്ത്യ ഓഫീസിലെ തിരക്ക് കുറക്കാൻ പുതിയ തീരുമാനം കരണമായതിൽ ആശ്വാസം കണ്ടെത്തുന്നവരുമുണ്ട്. അതിനിടക്ക് കോൺസുലേറ്റിൽ നിന്നും അറിയിപ്പ് കിട്ടിയിട്ടും ത്വാഇഫിൽ നിന്നുള്ള ചിലർക്ക് എയർ ഇന്ത്യ ഓഫീസിലെത്തിയപ്പോൾ ടിക്കറ്റ് നിരസിച്ചതായും പരാതിയുണ്ട്.
എകണോമി ക്ലാസിൽ ടിക്കറ്റുകൾ തീർന്നുപോയെന്നും ഫസ്റ്റ ക്ലാസ് ടിക്കറ്റ് മാത്രമേ ബാക്കിയുള്ളൂവെന്നുമായിരുന്നു എയർ ഇന്ത്യ സ്റ്റാഫിൽ നിന്നുള്ള മറുപടി. ആദ്യമാദ്യം വരുന്നവർക്ക് മാത്രമേ എകണോമി ക്ലാസ് ടിക്കറ്റുകൾ ലഭ്യമാവുകയുള്ളൂ എന്നും ആ കാറ്റഗറിയിൽ സീറ്റുകൾ തീർന്നാൽ പിന്നീട് ബിസിനസ്, ഫസ്റ്റ് ക്ലാസുകൾ മാത്രമേ ലഭ്യമാവൂ എന്നുമാണ് ഇതിനെക്കുറിച്ച് കോൺസുലേറ്റിൽ നിന്നുള്ള വിശദീകരണം. സൗദിയിൽ നിന്നും മൂന്നാം ഘട്ടത്തിൽ വിമാനചാർജ്ജിനത്തിൽ തീവെട്ടി കൊള്ളയാണ് എയർ ഇന്ത്യയുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. അതിനുപുറമെ ഇതുപോലുള്ള വിവിധ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും കൂടി തരണം ചെയ്തുവേണം ദുരിതമനുഭവിക്കുന്ന പ്രവാസികൾക്ക് നാടണയാൻ എന്നതാണ് നിലവിലെ അവസ്ഥ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
