ചരിത്രസ്മൃതികളുെട താഴ്വാരം
text_fieldsമദീനയിലെ ഉഹ്ദ് മല
പ്രവാചകന്റെ നഗരിയായി അറിയപ്പെടുന്ന മദീനയിലെ ജീവസ്സുറ്റ ചരിത്രശേഷിപ്പും അറേബ്യൻ ഉപദ്വീപിലെ ഏറ്റവും പ്രധാനപ്പെട്ട മലകളിലൊന്നുമാണ് ഉഹ്ദ് മല. മദീനയുടെ വടക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന ഉഹ്ദ് മല എട്ട് കിലോമീറ്റർ നീളത്തിലും രണ്ട് കിലോമീറ്റർ വീതിയിലും 350 മീറ്റർ ഉയരത്തിലുമാണ് സ്ഥിതിചെയ്യുന്നത്. ഈ കൂറ്റന്മലയും അതിന്റെ താഴ്വരകളും വിശ്വാസികൾക്ക് ചരിത്രസ്മൃതികളുടെ ഉൾത്തുടിപ്പുകൾ ആവോളം പകുത്തുനൽകുന്നതാണ്. ഹജ്ജിനും ഉംറക്കും വേണ്ടി മക്കയിലെത്തുന്ന സന്ദർശകർ പ്രവാചക പള്ളിയായ മസ്ജിദുന്നബവി സന്ദർശിക്കുന്ന വേളയിൽ ഉഹ്ദ് താഴ്വാരം കാണാനെത്തുക പതിവാണ്. മദീനയിലെ തീർഥാടനത്തിന് എത്തുന്നവരെല്ലാം മസ്ജിദുന്നബവിയിൽനിന്ന് നാലു കിലോമീറ്റർ മാത്രം അകലത്തിലുള്ള ഉഹ്ദ് മലയും താഴ്വരയിലെ ഉഹ്ദ് യുദ്ധ രക്തസാക്ഷികളുടെ ഖബറിടവും സന്ദർശിക്കാറുമുണ്ട്.
ഉഹ്ദ് മല മറ്റു ഗിരിനിരകളിൽനിന്ന് ഒറ്റപ്പെട്ടുനിൽക്കുന്നത് കൊണ്ടാണ് ഒറ്റപ്പെട്ടത് എന്ന അർഥത്തിൽ ഉഹ്ദ് എന്ന പേരിൽ അറിയപ്പെടാൻ കാരണം. വിശാലമായിക്കിടക്കുന്ന ഉഹ്ദ് മേഖല ചെറുതും വലുതുമായ താഴ്വാരങ്ങളും കുന്നുകളും നിറഞ്ഞതാണ്. വ്യത്യസ്ത ഭാവത്തിലും രൂപത്തിലുമുള്ള കറുപ്പ്, ഇരുണ്ട പച്ച, ചുവപ്പ് നിറങ്ങളിൽ വിവിധതരം ശിലകൾ ചേർന്ന ഉഹ്ദ് മല പ്രകൃതിയൊരുക്കിയ അപൂർവകാഴ്ചയാണ്. മലയുടെ ചുറ്റിലും ജനവാസകേന്ദ്രമാണ്. മദീനയിലെ ഏറ്റവും ഉയരം കൂടിയ കൂറ്റന്മലയായ ഉഹ്ദിനെ കുറിച്ചുള്ള നിരവധി പരാമര്ശങ്ങൾ പ്രവാചകവചനങ്ങളിൽ കാണാം. പ്രവാചക അനുചരന്മാരായ 70ഓളം പേർ വീരചരമം പ്രാപിച്ച ശോകമൂകമായ ഉഹ്ദ് പോരാട്ടത്തിന് സാക്ഷ്യംവഹിച്ച പ്രദേശം എന്നനിലയിലാണ് ഇസ്ലാമിക ചരിത്രത്തിൽ ഈ പ്രദേശം അടയാളപ്പെടുന്നത്.
ഇസ്ലാമിക ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ പോരാട്ടമായിരുന്നു ഹിജ്റ മൂന്നാം വർഷം ഉഹ്ദിൽ നടന്നത്. ഒന്നാം പോരാട്ടമായ ബദ്റിൽ മക്കയിലെ ശത്രുക്കളെ പരാജയപ്പെടുത്തിയതിന്റെ പ്രതികാരം വീട്ടാനാണ് 3000ലധികം വരുന്ന ഖുറൈശികൾ വിശ്വാസികളുടെ തട്ടകത്തിലേക്ക് പുറപ്പെട്ടത്. ഇവരെ പ്രതിരോധിക്കാനാണ് പ്രവാചകനും 700 അനുചരന്മാരും ഉഹ്ദ് മലയുടെ താഴ്വരയിലെത്തിയത്. യുദ്ധം തുടങ്ങി അധികം കഴിയുന്നതിനു മുമ്പുതന്നെ ശത്രുക്കളെ തുരത്തിയോടിക്കാൻ കഴിഞ്ഞെങ്കിലും പിന്നീട് വിശ്വാസികളുടെ ഭാഗത്തുനിന്നുണ്ടായ ചെറിയൊരു അശ്രദ്ധകാരണം എതിർചേരിയിൽനിന്ന് അപ്രതീക്ഷിത ആക്രമണത്തിൽ പരാജയം നേരിടേണ്ടിവരുകയും ചെയ്തു.
പ്രവാചകന്റെ പിതൃവ്യൻ ഹംസ ബിൻ അബ്ദുൽ മുത്തലിബ് ഉൾപ്പെടെ പ്രഗത്ഭരായ 70 അനുചരന്മാർ യുദ്ധത്തിൽ രക്തസാക്ഷികളായി. ഹംസയുടെ പേരിൽ പിൽക്കാലത്ത് ഇവിടെ പള്ളി നിർമിക്കപ്പെട്ടിട്ടുണ്ട്. ഉഹ്ദ് പോരാട്ടത്തിൽ പരിക്കേറ്റ പ്രവാചകനെ കിടത്തിയിരുന്ന 'ഗാർ ഉഹ്ദ്' എന്ന പേരിലുള്ള ചെറിയൊരു ഒരു ഗുഹയും മലയുടെ പിൻഭാഗത്തുണ്ട്. ഇതും ചരിത്രകുതുകികളെ ആകർഷിക്കുന്നതാണ്. ഗുഹയുടെ മുൻഭാഗം ഇന്ന് അടച്ചുകെട്ടിയിട്ടുണ്ട്. ഇതിന്റെ തൊട്ടുതാഴെയായി 'മസ്ജിദുൽ ഉഹ്ദ്' എന്നപേരിൽ അറിയപ്പെട്ട പൗരാണികമായ ഒരു പള്ളിയുടെ ശേഷിപ്പുകളുണ്ട്. കമ്പിവേലികൾ കൊണ്ട് ഇത് സംരക്ഷിക്കപ്പെട്ടിട്ടുണ്ട്.
യുദ്ധത്തിൽ ശത്രുസൈന്യത്തിന് നേരെ അസ്ത്രവിദ്യയിൽ നിപുണരായ അനുചരന്മാർ അമ്പെയ്തിരുന്ന ചെറുകുന്നായ ജബലുറുമാത്തും കാണാം. 'നമ്മെ സ്നേഹിക്കുന്ന മലയാണ് ഉഹ്ദ്. നാം ഉഹ്ദിനെയും സ്നേഹിക്കുന്നു.' എന്ന പ്രവാചകന്റെ വാക്കുകൾ ഉഹ്ദ് മലഞ്ചെരിവുകൾ സന്ദർശിക്കുന്ന ഓരോ വിശ്വാസിയുടെയും മനസ്സിലേക്ക് ഓടിയെത്തുന്നു.
മദീനയിലെ വ്യത്യസ്ത കോണുകളിൽ നിന്ന് ഉഹ്ദ് മലയുടെ താഴ്വാരത്തിന്റെ കാഴ്ചകൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

