പ്രവാസികൾ അമ്മമലയാളത്തിന്റെ അംബാസഡർമാർ -വൈശാഖൻ
text_fieldsദമ്മാമിൽ നവോദയ സാംസ്കാരികവേദി സംഘടിപ്പിച്ച ‘ലിറ്റ് ഫെസ്റ്റി’ന്റെ ഉദ്ഘാടനം പ്രശസ്ത
എഴുത്തുകാരൻ വൈശാഖൻ ഓൺലൈനിൽ നിർവഹിക്കുന്നു
ദമ്മാം: അമ്മമലയാളത്തിന്റെ ഗരിമയും പെരുമയും ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്ന അംബാസഡർമാരാണ് പ്രവാസി മലയാളികളെന്ന് പ്രശസ്ത എഴുത്തുകാരൻ വൈശാഖൻ പറഞ്ഞു. ദമ്മാമിൽ നവോദയ സാംസ്കാരികവേദി സംഘടിപ്പിച്ച ‘ലിറ്റ് ഫെസ്റ്റ്’ സാഹിത്യ ക്യാമ്പിന്റെ ഉദ്ഘാടനം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തെക്കുറിച്ചുള്ള വർത്തമാനമാണ് സാഹിത്യം. അതിന്റെ അടിസ്ഥാനംതന്നെ ജീവിതത്തുടിപ്പുകളാണ്. ജീവിതം മാറ്റിവെച്ച് സാഹിത്യമില്ലെന്നും അദ്ദേഹം പറഞ്ഞു. സാങ്കൽപിക യാഥാർഥ്യത്തിൽനിന്നാണ് സർഗാത്മകത രൂപപ്പെടുന്നത്. സർഗാത്മകതയില്ലാത്ത മനസ്സുകളിൽ ചോദ്യങ്ങൾ ഇല്ലാതാകും. അതോടെ ജീവിതപ്രതികരണം തന്നെ ശൂന്യമാകും. അതിനെ മറികടക്കുന്ന ഭാഷ ഉപയോഗിച്ചുള്ള സർഗാത്മക പ്രതികരണമാണ് സാഹിത്യമെന്നും അദ്ദേഹം വിശദീകരിച്ചു.
ദാറസ്സിഹ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ലിറ്റ് ഫെസ്റ്റ് സ്വാഗതസംഘം ചെയർമാൻ മോഹൻ വെള്ളിനേഴി അധ്യക്ഷത വഹിച്ചു. ക്യാമ്പിൽ എഴുത്തുകാരായ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, കവിയും ഗാനരചയിതാവുമായ അൻവർ അലി എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. മലയാളസാഹിത്യം എല്ലാ പൊലിമയോടെയും ആസ്വദിക്കപ്പെടുന്നത് പ്രവാസലോകത്താണെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്ന് ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് പറഞ്ഞു. പ്രവാസം കേരളത്തിന് നവോത്ഥാനത്തിന്റെ പുതിയ വഴികൾ നൽകിയവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കവിതകൾ ഈണങ്ങൾ ആസ്വദിക്കാനുള്ളതല്ലെന്നും വാക്കുകൾ കൊണ്ട് നെഞ്ചിലേക്ക് നിറയൊഴിക്കാനുള്ളതാണെന്നും കവി അൻവർ അലി പറഞ്ഞു. അദ്ദേഹം രണ്ടു കവിതകൾ ചൊല്ലി. മമ്മു മാസ്റ്റർ, മാലിക് മഖ്ബൂൽ, ഷംസു കൊല്ലം, ബെൻസി മോഹൻ, ബഷീർ വരോട്, പ്രദീപ് കൊട്ടിയം, ലക്ഷ്മണൻ കണ്ടംപേത്ത്, നന്ദിനി മോഹൻ എന്നിവർ സംസാരിച്ചു.
രണ്ടു ദിവസങ്ങളിലായി നടന്ന സാഹിത്യ ക്യാമ്പിൽ സൗദിയുടെ വിവിധ ഭാഗങ്ങളിൽനിന്ന് കൂടാതെ ദുബൈ, കുവൈത്ത്, ബഹ്റൈൻ എന്നിവിടങ്ങളിൽനിന്നും സാഹിത്യതൽപരരും എഴുത്തുകാരും വായനാപ്രിയരും പങ്കെടുത്തു. ലിറ്റ് ഫെസ്റ്റ് കൺവീനർ ഷമീം നാറാത്ത് സ്വാഗതവും ഷാഹിദ ഷാനവാസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

