കലാലയം സാംസ്കാരിക വേദി വൈക്കം മുഹമ്മദ് ബഷീർ ഓർമദിനം ആചരിച്ചു
text_fieldsകലാലയം സാംസ്കാരിക വേദി യാംബു സോൺ സംഘടിപ്പിച്ച ബഷീർ ഓർമദിനാചരണ പരിപാടി അഡ്വ.ജോസഫ് അരിമ്പൂർ ഉദ്ഘാടനം ചെയ്യുന്നു
യാംബു: വൈക്കം മുഹമ്മദ് ബഷീർ ഓർമദിനത്തോടനുബന്ധിച്ച് കലാലയം സാംസ്കാരിക വേദി യാംബു സോൺ കമ്മിറ്റിയുടെ കീഴിൽ ‘മാങ്കോസ്റ്റീൻ ബഷീർ സാഹിത്യ തീരങ്ങൾ’ എന്ന ശീർഷകത്തിൽ ബഷീർ ഓർമദിനം ആചരിച്ചു. കേരള സാഹിത്യ അക്കാദമിയുടെ സി.ബി. കുമാർ സ്മാരക പുരസ്കാരം നേടിയ എഴുത്തുകാരൻ അഡ്വ. ജോസഫ് അരിമ്പൂർ പരിപാടി ഉദ്ഘാടനം ചെയ്തു.
മലയാള സാഹിത്യത്തിൽ തന്റേതായ ഇടം കൊണ്ട് ഭാഷയെ അടയാളപ്പെടുത്തിയ യുഗപുരുഷനാണ് വൈക്കം മുഹമ്മദ് ബഷീറെന്നും അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങൾ ചേർത്തുവെച്ച് വിരചിതമായ രചനകളിലൂടെ അത് നമുക്ക് ദർശിക്കാൻ കഴിയുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കലാലയം സാംസ്കാരിക വേദി യാംബു സോൺ കമ്മിറ്റി ചെയർമാൻ സുഹൈൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
‘ബഷീറിന്റെ ഭാഷയും സാഹിത്യവും’ എന്ന വിഷയത്തിൽ രിസാല സ്റ്റഡി സർക്കിൾ ഗ്ലോബൽ കമ്മിറ്റിയംഗം ആഷിഖ് സഖാഫിയും ‘ബഷീറിന്റെ നോവലുകൾ' എന്ന വിഷയത്തിൽ ഐ.സി.എഫ് പ്രൊവിൻസ് സെക്രട്ടറി മുസ്തഫ കല്ലിങ്ങൽപറമ്പും സംസാരിച്ചു. ആർ.എസ്.സി നാഷനൽ കമ്മിറ്റിയംഗം ജംഷീർ നിലമ്പൂർ ഉപസംഹാര പ്രസംഗം നടത്തി. നഹാസ് സ്വാഗതവും സാബിർ നന്ദിയും പറഞ്ഞു.

