അരങ്ങിൽ നൃത്തവിസ്മയം തീർത്ത് വൈദേഹി വിദ്യാലയത്തിന്റെ അഞ്ചാം വാർഷികം
text_fieldsവൈദേഹി വിദ്യാലയത്തിന്റെ അഞ്ചാം വാർഷികാഘോഷ ചടങ്ങുകളുടെ ഉദ്ഘാടനം
റിയാദ്: നൃത്തകലാ പ്രകടനങ്ങളുടെ വിസ്മയ കാഴ്ചയൊരുക്കി റിയാദിലെ പ്രമുഖ നൃത്തകലാ വിദ്യാലയമായ വൈദേഹി അഞ്ചാം വാർഷികം ആഘോഷിച്ചു. നിറഞ്ഞ സദസ്സിനുമുന്നിൽ ചിലങ്കയണിഞ്ഞെത്തിയത് 150ഓളം കലാ വിദ്യാർഥികളും നർത്തകരുമാണ്. നാലുവയസ്സ് മുതലുള്ള കുട്ടികളും മുതിർന്നവരും വ്യത്യസ്ത പ്രകടനങ്ങളുമായി അരങ്ങിലെത്തി.
ക്ലാസിക്കൽ, സെമി ക്ലാസിക്കൽ, വെസ്റ്റേൺ, കണ്ടംപററി ഡാൻസുകളാണ് പ്രധാന ഇനങ്ങളായി സദസ്സിന്റെ ശ്രദ്ധപിടിച്ചത്. രശ്മി വിനോദ് നേതൃത്വം നൽകുന്ന വൈദേഹി റിയാദിലെ പ്രധാന നൃത്ത വിദ്യാലയങ്ങളിൽ ഒന്നാണ്. വിദ്യാലയത്തിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് റിയാദിൽ നടന്ന പരിപാടിയിൽ വ്യത്യസ്ത മേഖലകളിലെ വിശിഷ്ട വ്യക്തികൾ സംബന്ധിച്ചു.
ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് മിഷൻ റാം പ്രസാദിന്റെ പത്നി വിജയലക്ഷ്മി റാം പ്രസാദ്, അൽ യാസ്മിൻ ഇന്റർനാഷനൽ സ്കൂൾ ഹെഡ്മിസ്ട്രസ് സംഗീത അനൂപ് എന്നിവർ ചേർന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രഫ. നാദിയ ആതീഫ്, അൽ ഫയാസ് ഗ്രൂപ് വൈസ് ചെയർമാൻ എൻജിനീയർ മുഹമ്മദ് രെദ അൽ ഫായിസ്, സാറ ഫഹദ്, അൽ ആലിയ സ്കൂൾ പ്രിൻസിപ്പൽ ഷാനു തോമസ്, സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട്, വ്യവസായി അമീനുദ്ദീൻ, വിനോദ് പിള്ള, റെൻസിൽ റെയ്മണ്ട് എന്നിവർ സംസാരിച്ചു.
വേദിയിൽ അരങ്ങേറിയ സംഗീതവിരുന്നിൽ റിയാദിലെ നിരവധി ഗായകരും ഗായികമാരും പങ്കെടുത്തു. മഹേഷ് മുരളീധരനാണ് സംഗീത പരിപാടികൾക്ക് നേതൃത്വം നൽകിയത്. ഡോ. മീര മഹേഷായിരുന്നു വാർഷികാഘോഷത്തിന്റെ അവതാരക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

