വാദി അബഹ’ പദ്ധതി; അബഹയെ ഏറ്റവും മനോഹരമായ അറബ് നഗരമാക്കും
text_fieldsറിയാദ്: ‘വാദീ അബഹ’ വികസന പദ്ധതി അബഹ നഗരത്തെ ഏറ്റവും മനോഹരമായ അറബ് നഗരമാക്കുമെന്ന് അസീർ വികസന അതോറിറ്റി സി.ഇ.ഒ എൻജി. ഹിഷാം അൽദബ്ബാഗ് പറഞ്ഞു. ഫ്യൂച്ചർ ഓഫ് റിയൽ എസ്റ്റേറ്റ് ഫോറത്തിലെ ഡയലോഗ് സെഷനിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അസീർ മേഖലയിൽ സന്ദർശകരെ ആനന്ദിപ്പിക്കുകയും ആകർഷിക്കുകയും ചെയ്യുന്ന അതുല്യമായ നിക്ഷേപങ്ങളുണ്ട്. ഈ പദ്ധതികളിൽ ഒന്നാണ് ‘വാദീ അബ്ഹ’ വികസനം. അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ അറബ് ലോകത്തെ ഏറ്റവും മനോഹരമായ നഗരമായി അബഹയെ മാറ്റുമെന്നും അൽദബ്ബാഗ് പറഞ്ഞു.
2034ലെ ഫുട്ബാൾ ലോകകപ്പ് ആരാധകരെക്കൂടി ലക്ഷ്യമിട്ട് അബഹയിലെ രണ്ട് വിനോദസഞ്ചാര മേഖലകൾ വികസിപ്പിക്കാൻ അതോറിറ്റി പ്രവർത്തിക്കുന്നുണ്ട്. ഒന്ന് ‘ബഹർ സ്ക്വയർ’ ഏരിയയും മറ്റൊന്ന് ‘ഫോഗ് വാക്ക്വേ’യുമാണ്. രണ്ട് ഘട്ടങ്ങളിലായി അബഹ വിമാനത്താവളം വികസിപ്പിക്കും. ഒരു കോടി യാത്രക്കാരെ ഉൾക്കൊള്ളുന്ന ശേഷിയിലേക്ക് വികസിപ്പിക്കലാണ് ആദ്യഘട്ടം. രണ്ടാം ഘട്ടത്തിൽ വിമാനത്താവളത്തിന്റെ ശേഷി 1.3 കോടി യാത്രക്കാരായി ഉയർത്തും.
വിമാനത്താവളത്തിന്റെ ദൃശ്യ ഐഡന്റിറ്റി രാജ്യത്തിലെ എല്ലാ വിമാനത്താവളങ്ങളിലും വെച്ച് ഏറ്റവും മനോഹരമായിരിക്കും. അസീറിൽ സ്വകാര്യമേഖലയിലെ നിക്ഷേപ പ്രക്രിയക്ക് തുടക്കമായി. സ്ഥിരീകരിച്ച നിക്ഷേപം ഏകദേശം 700 കോടി റിയാലിലെത്തി. 2000 കോടി റിയാലിന് പുറമെയാണിത്. നിക്ഷേപ പദ്ധതികളുടെ പണി പുരോഗമിക്കുകയാണെന്നും അൽദബ്ബാഹ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
