Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അടുത്ത വർഷം മുതൽ സൗദിയിൽ വാക്സിൻ ഉൽപാദനം: ഫാക്​ടറി നിർമാണം​ അന്തിമഘട്ടത്തിൽ

text_fields
bookmark_border
അടിസ്ഥാന വാക്​സിനുകളുടെ 80 ശതമാനവും സൗദിയിൽ തന്നെ ഉൽ​പാദിപ്പിക്കും
അടുത്ത വർഷം മുതൽ സൗദിയിൽ വാക്സിൻ ഉൽപാദനം: ഫാക്​ടറി നിർമാണം​ അന്തിമഘട്ടത്തിൽ
cancel
camera_alt

നിർമാണം പുരോഗമിക്കുന്ന വാക്സിൻ ഫാക്ടറി

റിയാദ്: സൗദി അറേബ്യയിൽ മനുഷ്യർക്കുള്ള വാക്സിൻ നിർമാണം തദ്ദേശീയമായി നടപ്പാക്കുന്നതിനുള്ള ബൃഹത്തായ പദ്ധതി അന്തിമഘട്ടത്തിലേക്ക് കടന്നതായി ബയോമെഡിക്കൽ ഇൻഡസ്ട്രീസ് തദ്ദേശീയവൽക്കരണ ഗ്രൂപ്പ് ചെയർമാൻ ഡോ. ഖാലിദ് അൽ മൂസ അറിയിച്ചു.

അടുത്ത വർഷം ഉൽപാദനം ആരംഭിക്കാനിരിക്കെ, നിർമാണ പ്രവർത്തനങ്ങളുടെ പുരോഗതി 80 ശതമാനത്തോളമായി. രാജ്യത്തിന് ആവശ്യമായ അടിസ്ഥാന വാക്സിനുകളുടെ 80 ശതമാനവും സൗദിയിൽ തന്നെ ഉൽപാദിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇത് ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനും സൗദിയുടെ ഔഷധ സുരക്ഷ ഉറപ്പാക്കാനും സഹായിക്കും.

വിവിധ ഘട്ടങ്ങളിലായി മെനിംഗോകോക്കൽ, ന്യൂമോകോക്കൽ, റോട്ടാവൈറസ്, ഹെപ്പറ്റൈറ്റിസ് എ, ബി, ചിക്കൻപോക്സ്, ഹ്യൂമൻ പാപ്പിലോമവൈറസ് വാക്സിനുകളും കുട്ടികൾക്കുള്ള കോമ്പിനേഷൻ വാക്സിനുകളും പദ്ധതിയിലൂടെ പ്രാദേശികമായി നിർമിക്കും. ആഗോള പങ്കാളികളുടെ സഹകരണത്തോടെ ‘സെൽ-ബേസ്ഡ്’ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിക്കുന്ന സീസണൽ ഇൻഫ്ലുവൻസ വാക്സിനാണ് ആദ്യ ഘട്ടത്തിൽ പുറത്തിറങ്ങുക.

ഈ വാക്സിൻ സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയിലും യു.എസ്. ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയിലും രജിസ്​റ്റർ ചെയ്തിട്ടുണ്ട്. വാക്സിൻ ഫില്ലിങ്​, നിർമാണ ഘട്ടങ്ങളിൽ ഏകദേശം 250 തൊഴിലവസരങ്ങൾ സൃഷ്​ടിക്കപ്പെടും. സ്വദേശി പ്രതിഭകൾക്ക് അന്താരാഷ്​ട്ര നിലവാരമുള്ള പരിശീലനം നൽകി ബയോടെക്നോളജി മേഖലയിൽ മികച്ച കേഡർമാരെ വാർത്തെടുക്കുന്നതിനാണ് മുൻഗണന.

ദേശീയ ബയോടെക്നോളജി തന്ത്രത്തിനും സൗദി വിഷൻ 2030-നും അനുസൃതമായി റിയാദിന്​ സമീപമുള്ള സുദൈർ ഇൻഡസ്ട്രി ആൻഡ് ബിസിനസ്​ സിറ്റിയിൽ 42,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് രാജ്യത്തെ ആദ്യത്തെയും പശ്ചിമേഷ്യയിലെ ഏറ്റവും വലുതുമായ വാക്സിൻ ഫാക്ടറി ഉയരുന്നത്. ‘വാക്സിൻ ഇൻഡസ്ട്രി കമ്പനി’യാണ് പദ്ധതി നടപ്പാക്കുന്നത്.

കേവലം പ്രാദേശിക ഉൽപാദനത്തിനപ്പുറം സാങ്കേതികവിദ്യ കൈമാറ്റം, ഗവേഷണം, നവീകരണം, മഹാമാരികളെ നേരിടാനുള്ള സജ്ജീകരണം എന്നിവ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആഭ്യന്തര ആവശ്യങ്ങൾ പൂർണമായും നിറവേറ്റി പ്രാദേശിക വിപണികളിലേക്ക് ഘട്ടംഘട്ടമായി വിപൂലീകരിക്കാനും ബയോമെഡിക്കൽ രംഗത്ത് പശ്ചിമേഷ്യയിലെ മുൻനിര കേന്ദ്രമായി മാറാനും സൗദി അറേബ്യക്ക് ഇതിലൂടെ സാധിക്കുമെന്ന് ഡോ. അൽ മൂസ കൂട്ടിച്ചേർത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Vaccine production in Saudi Arabia to begin next year
Next Story