ഇറാൻ മിസൈൽ അവശിഷ്ടം വീണ് പരിക്കേറ്റ് ഒരു മാസത്തോളം വെന്റിലേറ്ററിൽ; ദുരിതപർവം താണ്ടി, ആരോഗ്യം വീണ്ടെടുത്ത് നാട്ടിലേക്ക് മടങ്ങി പ്രവാസി യുവാവ്
text_fieldsമുഹമ്മദ് അസം
റിയാദ്: സൗദി അറേബ്യയിലെ അൽ ഖർജിൽ മിസൈൽ അവശിഷ്ടം പതിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് അസം മൂന്ന് മാസത്തിലേറെ നീണ്ട ആശുപത്രി വാസത്തിന് ശേഷം സ്വദേശത്തേക്ക് മടങ്ങി. വിദഗ്ധ ചികിത്സയെത്തുടർന്ന് ആരോഗ്യനില മെച്ചപ്പെട്ട സാഹചര്യത്തിലാണ് ഡോക്ടർമാരുടെ അനുമതിയോടെയുള്ള ഇദ്ദേഹത്തിെൻറ മടക്കയാത്ര സാധ്യമായത്.
മുഹമ്മദ് അസമിനെ റിയാദ് വിമാനത്താവളത്തിൽനിന്ന് എംബസി ഉദ്യോഗസ്ഥർ യാത്രയാക്കുന്നു
ചികിത്സാ കാലയളവിലുടനീളം റിയാദിലെ ഇന്ത്യൻ എംബസി നൽകിയ അടിയന്തര കോൺസുലർ സഹായങ്ങളും സജീവമായ ഇടപെടലുകളുമാണ് അസമിെൻറ ജീവൻ രക്ഷിക്കുന്നതിലും നാട്ടിലേക്കുള്ള സുരക്ഷിതമായ മടക്കത്തിലും നിർണായകമായത്.
ഈ വർഷം മാർച്ച് എട്ടിന് ഇറാൻ വിക്ഷേപിച്ച മിസൈലുകൾ സൗദി വ്യോമപ്രതിരോധ സംവിധാനം തടഞ്ഞുനശിപ്പിക്കുന്നതിനിടെയാണ് അൽ ഖർജ് മേഖലയിൽ മിസൈലിെൻറ അവശിഷ്ടങ്ങൾ താഴെ പതിച്ചത്. ഒരു സ്വകാര്യ കമ്പനിയുടെ ലേബർ ക്യാമ്പിന് മുകളിലേക്ക് മിസൈൽ അവശിഷ്ടങ്ങൾ പതിച്ചതിനെ തുടർന്നുണ്ടായ ദരുണമായ അപകടത്തിൽ രണ്ട് ബംഗ്ലാദേശ് പൗരന്മാർ മരിക്കുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് അസമിനെ റിയാദ് ശുമൈസിയിലെ കിങ് സഊദ് മെഡിക്കൽ സിറ്റിയിലാണ് പ്രവേശിപ്പിച്ചത്. സംഭവം നടന്ന ഉടൻ തന്നെ ഇന്ത്യൻ എംബസി വെൽഫെയർ വിങ് കോൺസുലർ സാബിർ അൽ ഖർജിലെ അപകടസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുകയും ആവശ്യമായ അടിയന്തര നടപടികൾക്ക് നേതൃത്വം നൽകുകയും ചെയ്തു.
അപകടത്തെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിലായിരുന്ന അസം ഒരു മാസത്തോളം ബോധരഹിതനായി വെൻറിലേറ്ററിലായിരുന്നു. ഈ ഘട്ടത്തിൽ, ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ ആശുപത്രിയിലെത്തി അസമിനെ സന്ദർശിക്കുകയും മികച്ച ചികിത്സ ഉറപ്പാക്കാൻ എംബസിയുടെ പൂർണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
ഒരു മാസത്തിന് ശേഷം ബോധം വീണ്ടെടുത്ത അസമിെൻറ ചികിത്സാ പുരോഗതി എംബസി അധികൃതർ നിരന്തരം നിരീക്ഷിക്കുകയും, ആശുപത്രി അധികൃതരുമായും നാട്ടിലെ കുടുംബാംഗങ്ങളുമായും നിരന്തരം ബന്ധം പുലർത്തുകയും ചെയ്തു. ആരോഗ്യനിലയിൽ ഗണ്യമായ പുരോഗതി ഉണ്ടായതിനെ തുടർന്നാണ് ഡോക്ടർമാർ അസമിന് യാത്രാനുമതി നൽകിയത്.
തുടർന്ന് അടിയന്തര യാത്രാരേഖകൾ ഉൾപ്പെടെയുള്ള എല്ലാ ഔദ്യോഗിക നടപടിക്രമങ്ങളും പൂർത്തിയാക്കി ഇന്ത്യൻ എംബസി അദ്ദേഹത്തിെൻറ മടക്കയാത്ര ഏകോപിപ്പിച്ചു. പ്രതിസന്ധി ഘട്ടത്തിൽ ഒരു ഇന്ത്യൻ പൗരന് ആവശ്യമായ എല്ലാ പിന്തുണയും സമയബന്ധിതമായി ഉറപ്പാക്കാൻ കഴിഞ്ഞതിൽ എംബസി വൃത്തങ്ങൾ സംതൃപ്തി രേഖപ്പെടുത്തി.
അസമിന് മികച്ച പരിചരണം നൽകിയ കിങ് സഊദ് മെഡിക്കൽ സിറ്റിയിലെ ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും, തുടക്കം മുതൽ എല്ലാവിധ പിന്തുണയും നൽകിയ തൊഴിലുടമയ്ക്കും ആവശ്യമായ സഹായങ്ങൾ ഒരുക്കിയ സൗദി അധികൃതർക്കും ഇന്ത്യൻ എംബസി പ്രത്യേകം നന്ദി അറിയിച്ചു.
ആരോഗ്യം പൂർണമായി വീണ്ടെടുക്കാത്തതിനാൽ വീൽചെയറിലായിരുന്നു അസമിെൻറ യാത്ര. റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് ഇന്ത്യൻ എംബസി അറ്റാഷെ സോന, എംബസി ഉദ്യോഗസ്ഥൻ ആഷിഖ്, കേളി ജീവകാരുണ്യ വിഭാഗം ജോയിൻറ് കൺവീനർ നാസർ പൊന്നാനി എന്നിവർ ചേർന്ന് അസമിനെ യാത്രയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

