ലഹരി ഉപയോഗം; ഉണരാനിനിയും വൈകരുത്
text_fieldsലോകമെമ്പാടുമുള്ള വ്യക്തികളെയും കുടുംബങ്ങളെയും സമൂഹങ്ങളെയും ബാധിക്കുന്ന ഗുരുതരമായ പ്രശ്നമാണ് ലഹരി ഉപയോഗം. ആസക്തിയും ആരോഗ്യ പ്രശ്നങ്ങളും തുടങ്ങി മരണം വരെ സംഭവിക്കാവുന്ന വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന സങ്കീർണമായ ഒരു പൊതു പ്രശ്നമായിരിക്കുകയാണ് ലഹരി ഇന്ന് കേരളത്തിലും. ഒരു നാടിനെ ഇല്ലാതാക്കാൻ ആ നാട്ടിലെ യുവത്വത്തെ നശിപ്പിച്ചാൽ മതിയെന്ന പൊതു തത്വം അന്വർഥമാക്കുന്ന രീതിയിലാണ് ലഹരിയുടെ ഉപയോഗം യുവത്വത്തെ ഗ്രസിച്ചിരിക്കുന്നത്.
ഒരുതവണ ഉപയോഗിച്ചാൽ തന്നെ പിന്നീട് തിരിച്ചുകയറാൻ കഴിയാത്ത രീതിയിലുള്ള സിന്തറ്റിക്ക് ലഹരികൾ ഇന്ന് നമ്മുടെ കൊച്ചു കേരളത്തിലുടനീളം സുലഭമായി ലഭിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. സ്കൂളുകളിലും കോളജുകളിലും ചെറിയ പ്രായത്തിലുള്ളവരിലേക്ക് പോലും നിഷ്പ്രയാസം ലഹരിയെത്തിക്കാൻ കഴിയും വിധത്തിലാണ് ലഹരി മാഫിയയുടെ വളർച്ച. നിത്യേനയെന്നോണം മാധ്യമങ്ങളിൽ മയക്കുമരുന്ന് വേട്ടകളെക്കുറിച്ച് വാർത്തകൾ വരുന്നെങ്കിലും പിടിക്കപ്പെടുന്നവർക്ക് മാതൃകാപരമായ ശിക്ഷ ലഭിക്കാത്തത് ഇത്തരക്കാരെ വീണ്ടും ലഹരിയുടെ വിപണനക്കാരാക്കുന്നു.
ഈ ഇടക്ക് നടന്ന പല കൊലപാതകങ്ങൾക്കും കാരണമായി വിരൽ ചൂണ്ടുന്നത് ലഹരിയിലേക്ക് തന്നെ. കൊലപാതകങ്ങളും അക്രമങ്ങളും ഒരു ഭാഗത്ത് വാർത്താമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുമ്പോഴും മയക്കുമരുന്ന് ഉപയോഗത്തെ തുടർന്നുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും അതിഭീകരമാണ്. അവയവങ്ങളുടെ കേടുപാടുകൾ, മാനസികാരോഗ്യ പ്രശ്നങ്ങൾ തുടങ്ങി എയ്ഡ്സ് പോലുള്ള മാറാ പകർച്ചവ്യാധികളും ഭാവിയില് ഏറെ ഭീഷണിയുയർത്തുമെന്നത് പറയാതിരിക്കാൻ വയ്യ.
പുറത്തുവരുന്ന കണക്കുകൾ അതിലേക്കാണ് വിരൽ ചൂണ്ടുന്നത്. കൂടാതെ സാമൂഹികമായുണ്ടാകുന്ന പ്രശ്നങ്ങളും ഏറെ വലുതാണ്. സാമൂഹിക ഒറ്റപ്പെടൽ ദൈനംദിന ജീവിതത്തെ ഏറെ ബാധിക്കും. കോവിഡ് മഹാമാരിക്കാലത്ത് പഠനാവശ്യർഥം മൊബൈൽ ഫോൺ സ്ഥിരമായി ഉപയോഗിച്ച് തുടങ്ങിയ പുതിയ തലമുറ അവരുടെ ജീവിതം മൊബൈൽ ഫോൺ സ്ക്രീനിൽ കുരുക്കിയിടുകയാണ്. അത് പ്രോത്സാഹിപ്പിക്കും വിധം ഇന്നും അധ്യാപകർ ക്ലാസ് നോട്ടുകൾ നൽകുന്നത് വാട്സ് ആപ് പോലുള്ള സാമൂഹമാധ്യമങ്ങളിലൂടെയാണ്.
ഇത്തരത്തിൽ മൊബൈൽ സ്ക്രീനിൽ ഒതുങ്ങിക്കൂടുന്ന യുവതലമുറയെ വളരെ പെട്ടെന്ന് ലഹരിയുടെ വഴിക്കെത്തിക്കാനും ലഹരി ഏജന്റുമാർക്കാവുന്നു എന്നതും ഒരു നഗ്നസത്യമാണ്. അങ്ങനെ വളർന്നുവരുന്ന തലമുറയെ നെറികേടിന്റെ വഴി പോകുവാൻ അനുവദിച്ചുകൂടാ. നമ്മുടെ മക്കളെ ലഹരിയില്ലാത്ത വഴി നടത്താൻ നാം ഓരോരുത്തരും ജാഗരൂകരാവേണ്ടതുണ്ട്.
മയക്കുമരുന്നുപയോഗം ശ്രദ്ധയും പിന്തുണയും നടപടിയും ആവശ്യമുള്ള ഒരു ഗുരുതരമായ സാമൂഹിക പ്രശ്നമാണ്. ഇതിന്റെ അപകടങ്ങളും മയക്കുമരുന്ന് തുടച്ചുനീക്കേണ്ടതിന്റെ ആവശ്യകതയും പ്രാധാന്യവും മനസിലാക്കുന്നതിലൂടെ, ആരോഗ്യകരവും സുരക്ഷിതവും കൂടുതൽ പിന്തുണയുള്ളതുമായ ഒരു സമൂഹത്തെ സൃഷ്ടിക്കാൻ ഒരുമിച്ച് പ്രവർത്തിക്കാൻ നമുക്ക് കഴിയണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

