യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റിയാദിൽ, ഗൾഫ് രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുക ലക്ഷ്യം
text_fieldsഅമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ റിയാദ് വിമാനത്താവളത്തിൽ സ്വീകരിക്കുന്ന സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ
റിയാദ്: ഗൾഫ് രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് റിയാദിൽ എത്തി. രണ്ടാം തവണ പ്രസിഡന്റായ ശേഷമുള്ള ആദ്യ വിദേശ സന്ദർശനമാണിത്. നാല് ദിവസം നീണ്ടുനിൽക്കുന്ന യാത്രയിൽ സൗദി അറേബ്യയെ കൂടാതെ ഖത്തർ, യു.എ.ഇ രാജ്യങ്ങളും ട്രംപ് സന്ദർശിക്കും. ഗൾഫ് രാജ്യങ്ങളെ ഉൾപ്പെടുത്തി മധ്യപൂർവേഷ്യയിലേക്കുള്ള ‘ചരിത്രപരമായ തിരിച്ചുവരവ്’ ആണ് ട്രംപിന്റെ സന്ദർശനത്തിൽ ലക്ഷ്യമിടുന്നത്.
ചൊവ്വാഴ്ച സൗദി സമയം രാവിലെ 9.45ന് റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റോയൽ ടെർമിനലിൽ ഇറങ്ങിയ ട്രംപിനെ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ചു. ട്രംപ് സഞ്ചരിച്ച എയർ ഫോഴ്സ് വൺ വിമാനം സൗദി വ്യോമാതിർത്തിയിലേക്ക് കടന്നതും റിയാദ് വിമാനത്താവളം വരെ സൗദി എയർ ഫോഴ്സ് അകമ്പടിയുണ്ടായിരുന്നു. രണ്ടാം തവണ അമേരിക്കൻ പ്രസിഡൻറായി അധികാരമേറ്റതിനുശേഷം തന്റെ ആദ്യ വിദേശയാത്ര സൗദി അറേബ്യയിലായിരിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ടെസ്ല മേധാവി ഇലോൺ മസ്‌ക്കും റിയാദ് സന്ദർശനത്തിൽ ട്രംപിനോടപ്പമുണ്ട്.
ട്രംപിനൊപ്പം ഉച്ച വിരുന്നിൽ ബിസിനസ് പ്രമുഖരുമുണ്ടായിരുന്നു. ഇലോൺ മസ്ക് - ടെസ്ല, മാർക് സുകർബർഗ്- മെറ്റ, സാം ആൾട്ട്മാൻ- ഓപ്പൺ എഐ, ജേൻ ഫ്രേസർ-സിറ്റിഗ്രൂപ്, ലാറി ഫിങ്ക്- ബ്ലാക് റോക്, ഊബർ സി.ഇ.ഒ, ഗൂഗ്ൾ പ്രതിനിധി, ആമസോൺ പ്രതിനിധി എന്നിവരാണ് സന്ദർശനത്തിന്റെ ഭാഗമായത്.
തന്ത്രപരമായ സുരക്ഷാ കരാറുകളിലും സാങ്കേതിക, വ്യാപാര, നിക്ഷേപ പങ്കാളിത്തത്തിലും ഇരു രാജ്യങ്ങളും ചർച്ച നടത്തും. കൂടാതെ ഗസ്സ, യുക്രെയ്ൻ പ്രശ്നപരിഹാര വിഷയങ്ങളടക്കം ചർച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ട്രില്യണുകളുടെ സംയുക്ത നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട കരാറുകൾ ഒപ്പുവെക്കാനുമിടയുണ്ട്. റിയാദ് സന്ദർശനത്തിന് ശേഷം ഖത്തറിലേക്കാകും ട്രംപ് പോകുക. ശേഷം യു.എ.ഇയും സന്ദർശിച്ച് വെള്ളിയാഴ്ചയോടെ മടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

