ഹൂതി ഭീഷണി; യു.എസ് ഉദ്യോഗസ്ഥരോട് സൗദിയിൽ നിന്ന് മടങ്ങാൻ നിർദേശം
text_fieldsജിദ്ദ : യമനിലെ ഇറാൻ അനുകൂല ഹൂതി വിമതർ സൗദി അറേബ്യക്കെതിരായ ആക്രമണങ്ങൾ ശക്തമാക്കുന്ന സാഹചര്യത്തിൽ, സൗദിയിലെ അത്യാഹിത വിഭാഗത്തിൽപെടാത്ത സർക്കാർ ജീവനക്കാരോടും അവരുടെ കുടുംബാംഗങ്ങളോടും എത്രയും പെട്ടെന്ന് രാജ്യം വിടാൻ അമേരിക്ക ഉത്തരവിട്ടു.
യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വക്താവ് ടോമി പിഗോട്ട് ആണ് ഇക്കാര്യം വ്യക്തമാക്കിയതായി സി.എൻ.എൻ റിപ്പോർട്ട് ചെയ്തു. ഗൾഫ് മേഖലയിലുടനീളമുള്ള മടങ്ങിപ്പോക്ക് ഉത്തരവുകളെക്കുറിച്ചുള്ള മറ്റ് മാധ്യമ റിപ്പോർട്ടുകൾ തെറ്റാണെന്ന് അദ്ദേഹം തിരുത്തുകയും ചെയ്തു.
‘സൗദി അറേബ്യയിലുള്ള, അടിയന്തര സേവന വിഭാഗത്തിൽ പെടാത്ത യു.എസ് സർക്കാർ ജീവനക്കാരോടും അവരുടെ കുടുംബാംഗങ്ങളോടും മടങ്ങിപ്പോകാൻ സ്റ്റേറ്റ് ഡിപ്പാർട്മെന്റ് ഉത്തരവിട്ടു, സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വക്താവ് ടോമി പിഗോട്ട് 'എക്സ്' പ്ലാറ്റ്ഫോമിൽ കുറിച്ചത് ഇങ്ങനെയാണ്. ‘ഇറാൻ പിന്തുണയുള്ള ഹൂതികൾ സൗദിക്കെതിരായ ശത്രുതാപരമായ നടപടികൾ വർധിപ്പിച്ചിരിക്കുകയാണ്. സാധാരണക്കാർ ഉപയോഗിക്കുന്ന വിമാനത്താവളങ്ങൾക്കും മറ്റ് സുപ്രധാന അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഇത് സാധാരണക്കാരുടെ മരണത്തിനും യാത്രാ തടസ്സങ്ങൾക്കും കാരണമായിട്ടുണ്ട്’.
സാഹചര്യം കൂടുതൽ അപകടകര മാകുന്ന സാഹചര്യത്തിൽ സൗദിയിലെ തങ്ങളുടെ സാന്നിധ്യം യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് കുറക്കുകയാണ്. വിമാനത്താവളങ്ങൾക്ക് നേരെയുണ്ടാകാൻ സാധ്യതയുള്ള ആക്രമണങ്ങളെക്കുറിച്ചും യാത്രാ തടസ്സങ്ങളെക്കുറിച്ചും യു.എസ് പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് ബുധനാഴ്ച പുറപ്പെടുവിച്ച സുരക്ഷാ മുന്നറിയിപ്പിൽ സ്റ്റേറ്റ് ഡിപ്പാർട്മെന്റ് നിർദ്ദേശിച്ചു. റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, സൗദി സൈനിക കേന്ദ്രങ്ങൾ, എണ്ണ അടിസ്ഥാന സൗകര്യങ്ങൾ, സമുദ്ര ഗതാഗതം എന്നിവ ലക്ഷ്യമാക്കി കഴിഞ്ഞ ആഴ്ചകളിൽ ഹൂതികൾ നടത്തിയ മാരകമായ ആക്രമണ പരമ്പരകൾക്ക് പിന്നാലെയാണ് അമേരിക്കക്കാർക്കായി ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
യമനിലെ അന്താരാഷ്ട്ര അംഗീകാരമുള്ള സർക്കാരിനെ പിന്തുണക്കുന്ന സേനകൾ, ഹൂതികളുടെ താവളങ്ങൾക്കെതിരെ വിവിധ മുന്നണികളിൽ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. ഇതിനിടയിൽ സൗദി വ്യോമസേന അവർക്ക് ആവശ്യമായ സൈനിക പിന്തുണയും നൽകുന്നുണ്ട്. ഇന്റലിജൻസ് വിവരങ്ങൾ നൽകുന്നതിലൂടെയും ആക്രമണങ്ങൾക്കുള്ള ലക്ഷ്യങ്ങൾ കണ്ടെത്തുന്നതിൽ സഹായിക്കുന്നതിലൂടെയും സൗദി അറേബ്യക്കുള്ള സൈനിക പിന്തുണ അമേരിക്ക വർധിപ്പിച്ചിട്ടുണ്ട്. എന്നാൽ, കൂടുതൽ ശക്തമായ ആക്രമണ നടപടികളിൽ തങ്ങളെ സഹായിക്കണമെന്ന് സൗദി അമേരിക്കയോട് ആവശ്യപ്പെടുന്നുണ്ട്. എങ്കിലും, ഹൂതികൾക്കെതിരെ നേരിട്ട് ആക്രമണം നടത്തേണ്ടതില്ലെന്നാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇതുവരെ സ്വീകരിച്ചിരിക്കുന്ന നിലപാട്. ഈ മാസം ആദ്യം, ഹൂതികളുടെ ആക്രമണങ്ങൾ 'അംഗീകരിക്കാനാവില്ല' എന്ന് മാധ്യമപ്രവർത്തകരോട് പറഞ്ഞ ട്രംപ്, സൗദിക്കൊപ്പം ചേർന്ന് ആക്രമണം നടത്തുമോ എന്ന കാര്യത്തിൽ വ്യക്തമായ മറുപടി നൽകിയിരുന്നില്ല; ഇക്കാര്യം 'പരിശോധിക്കുമെന്ന്' മാത്രമാണ് അദ്ദേഹം പറഞ്ഞത്.

